96കാരിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ ടൂറിന് പോയി
സബിതയുടെ മകളെത്തി അമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു
തൊണ്ണൂറ്റിയാറുകാരിയായ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ അവധിക്കാല ആഘോഷം. അനന്ത്പൂരിലെ ചൌഭാഗ സ്വദേശിയായ വികാഷാണ് അമ്മ സബിതാ നാഥിനെ മുറിയില്‍ പൂട്ടിയിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അവധിയാഘോഷിക്കാന്‍ പോയത്. ഒടുവില്‍ സബിതയുടെ മകളെത്തി അമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ചയാണ് അമ്മയെ പൂട്ടിയിട്ട് മകന്‍ ടൂറിന് പോയത്. അന്ന് മുതല്‍ ഭക്ഷണമില്ലാതെയാണ് സബിത മുറിയില്‍ കഴിഞ്ഞത്. വീടിന്റെ താക്കോല്‍ ജോലിക്കാരിയെ ഏല്‍പിച്ചാണ് വികാഷ് പോയത്. ആദ്യ ദിവസം ജോലിക്കാരി സബിതയ്ക്ക് ഭക്ഷണം നല്‍കിയെങ്കിലും പിന്നെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഞായറാഴ്ച ബാരക്ക്പൂരിലുള്ള മകള്‍ ജയശ്രീ കായല്‍ അമ്മയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. ജയശ്രീ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുന്നതായാണ് കണ്ടത്. എന്നാല്‍ ബാത്റൂമിനുള്ളില്‍ നിന്നും ചില ശബ്ദങ്ങള്‍ കേട്ടതോടെ ജയശ്രീ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒടുവില്‍ പൊലീസെത്തി സബിതയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ബാരക്പൂരിലുള്ള ജയശ്രീയുടെ വീട്ടിലാണ് സബിത. നാല് ദിവസമായി മുറിക്കുള്ളില്‍ കഴിഞ്ഞ സബിത അവശനിലയിലായിരുന്നു. തന്റെ സഹോദരനെതിരെ ജയശ്രീ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.