ടിഡിപി എന്‍ഡിഎ വിട്ടത് ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവുമെന്ന് അമിത് ഷാ
എന്‍ഡിഎ മുന്നണി വിട്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അമിത് ഷാ ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്...
എന്‍ഡിഎ വിടാനുള്ള ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവും ആണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച തുറന്ന കത്തിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. എല്ലാവരുടേയും വികസനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അമിത്ഷാ വ്യക്തമാക്കി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണി വിട്ട് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അമിത് ഷാ ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കത്തയച്ചത്. ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വികസനത്തിലെ പ്രശ്‌നങ്ങള്‍ക്ക് പകരം രാഷ്ട്രീയമായ കാരണങ്ങളാലാണ് ടിഡിപി എന്‍ഡിഎ വിട്ടത്. ഇത് ആശങ്കാജനകമാണ്. എല്ലാവരുടെയും വികസനത്തിലാണ് ബിജെപി ശ്രദ്ധിക്കുന്നതെന്നും ആന്ധ്രയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും അമിത്ഷാ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിലെ എന്‍ഡിഎയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന ടിഡിപി ഈ മാസാമാദ്യമായിരുന്നു മുന്നണി വിട്ടത്. ഇതിന് പിന്നാലെ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.