കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍
വിജയവാഡയിലെ പൊതുപരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കാതിരിക്കാനാണ് പൊലീസ് നടപടി.
എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ കാഞ്ച ഐലയ്യയെ പൊലീസ് വീട്ടുതടങ്കലിലാക്കി. വിജയവാഡയിലെ പൊതുപരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കാതിരിക്കാനാണ് പൊലീസ് നടപടി. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഐലയ്യയെ പൊലീസ് അറിയിച്ചു. കാഞ്ച ഐലയ്യക്കെതിരായ ആര്യ വൈശ്യ, ബ്രാഹ്മണ സംഘടനകളുടെ ഭീഷണി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരെയാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. വിജയവാഡയിലെ പൊതുപരിപാടിക്ക് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ ഐലയ്യയുടെ വീടിന് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വീടിന് പുറത്ത് ഐലയ്യക്ക് ഐക്യദാര്‍ഢ്യവുമായി ആളുകള്‍ ഒത്തുകൂടി.
കാഞ്ച ഐലയ്യയുടെ പുസ്തകത്തില്‍ വൈശ്യ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ആര്യവൈശ്യ സംഘടനകള്‍ ഐലയ്‌ക്കെതിരെ മാസങ്ങളായി പ്രതിഷേധത്തിലാണ്. എന്നാല്‍ പുസ്തകം നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി ഒക്ടോബര്‍ 15ന് തള്ളുകയുണ്ടായി.