ഐസിസിയും ട്രോളാന്‍ തുടങ്ങിയോ ?ആശാറാമിനൊപ്പം മോദിയുടെ പാട്ട് വീഡിയോ ഷെയര്‍ ചെയ്ത് ഐസിസി
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും.
ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഇറക്കുന്നതില്‍ വിദഗ്ധര്‍. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) വരെ ഇപ്പോള്‍ ട്രോളുകള്‍ ഇറക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇതിന് ആധാരം.
അതും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ആശാറാം ബാപ്പുവിനൊപ്പമുള്ള വീഡിയോയാണ് ഐസിസി ട്വീറ്റ് ചെയ്തത്. മോദിയും ആശാറാമും തമ്മിലുള്ള മധുരമുള്ള ചില ഓര്‍മകള്‍ എന്ന അടിക്കുറുപ്പോടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന് എന്താണ് ആശാറാം - മോദി ബന്ധത്തില്‍ ഇത്ര താല്‍പര്യമെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചിന്തിച്ചു തലപുകച്ചു തുടങ്ങിയപ്പോഴേക്കും ഐസിസി ഈ ട്വീറ്റ് ഡിലീറ്റും ചെയ്തു. എന്നാല്‍ ഈ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഐസിസിയുടെ ട്വിറ്റര്‍ പേജ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു പലരുടെയും സംശയം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ഇന്നാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി 5 വര്‍ഷത്തിന് ശേഷമാണ് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2013 ആഗസ്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ആള്‍ദൈവം ആശാറാം ബാപ്പു ജയിലിലായത്.