മോദിയെയും അര്‍ണബിനെയും വിമര്‍ശിച്ചതിന് ‘ഒതുക്കി’; എ.ബി.പി ന്യൂസ് അവതാരകന്‍ രാജിവെച്ചു
എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകളായി ചിത്രീകരിച്ച റിപ്പബ്ലിക് ചാനലിന്‍റെ നടപടിയ്ക്കെതിരെ മുമ്പ് അഭിസര്‍ രൂക്ഷഭാഷയില്‍ അര്‍ണബിനെ വിമര്‍ശിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചതിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വന്ന എ.ബി.പി ന്യൂസ് അവതാരകന്‍ അഭിസര്‍ ശര്‍മ രാജിവെച്ചു. പരിപാടികളിലൂടെയും വാര്‍ത്തകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി സര്‍ക്കാരിനേയും വിമര്‍ശിച്ചതിനാണ് എ.ബി.പി ന്യൂസ് അഭിസറിനെ ഒതുക്കിയത്.
എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകളായി ചിത്രീകരിച്ച റിപ്പബ്ലിക് ചാനലിന്‍റെ നടപടിയ്ക്കെതിരെ മുമ്പ് അഭിസര്‍ രൂക്ഷഭാഷയില്‍ അര്‍ണബിനെ വിമര്‍ശിച്ചിരുന്നു. ഏതുതരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനു പിന്നില്‍ എന്നു ചോദിച്ചുകൊണ്ടായിരുന്നു അഭിസര്‍ രംഗത്തുവന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവധിയിലായിരുന്ന അഭിസര്‍ ഇന്നാണ് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ''അഞ്ച് വര്‍ഷം, അതത്ര ചെറിയ കാലയളവല്ല. അത്ര ദീര്‍ഘവുമല്ല. ഒടുവില്‍ എ.ബി.പി ന്യൂസില്‍ നിന്ന് രാജി വച്ചിരിക്കുന്നു. സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഏതാനും മികച്ച വാര്‍ത്തകള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇനി മാറ്റത്തിനുള്ള സമയമാണ്. എന്‍റെ ഈ യാത്രക്കൊപ്പം പങ്കാളികളായ എല്ലാവര്‍ക്കും നന്ദി'' - ഇതായിരുന്നു അഭിസറിന്‍റെ കുറിപ്പ്. കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും വിമര്‍ശിച്ച കുറ്റത്തിന് രണ്ടു മാധ്യമപ്രവര്‍ത്തകരെ എ.ബി.പി മാനേജ്മെന്‍റ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.