മധ്യപ്രദേശ് ബി.ജെ.പി പാളയത്തില്‍ പട; കാരണം ഇതാണ്...

ശിവരാജ് സിങ് സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. 

Update: 2018-11-05 10:15 GMT
Advertising

മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പിയില്‍ വിവാദങ്ങള്‍ പുകയുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ മണ്ഡലങ്ങളിലാണ് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന പാര്‍ട്ടി തീരുമാനത്തിനിടെയാണ് വിവാദങ്ങള്‍ പുകയുന്നത്.

മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുകയാണ് ബി.ജെ.പി. ശിവരാജ് സിങ് സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം പുകയുകയാണ്.

2003 ന് ശേഷം തുടര്‍ച്ചയായി ബി.ജെ.പി സര്‍ക്കാരുകളെ മാത്രം അധികാരത്തിലേറ്റിയ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നത്. അതിനാല്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ് ബി.ജെ.പി. സംസ്ഥാനത്തെ 120 സീറ്റുകളിലും കോണ്‍ഗ്രസ് ജയിക്കുമെന്നും 90 സീറ്റുകളിലെ ബി.ജെ.പിക്ക് ജയസാധ്യതയുള്ളുവെന്നുമുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. മന്ത്രിമാരില്‍ പലരിലും ജയിക്കാനുള്ള സാധ്യത വിരളണമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇതോടൊപ്പം മന്ത്രി സൂര്യാപ്രകാശ് മീന മത്സരിക്കാതെ മാറി നില്‍ക്കുന്നത് ഭരണവിരുദ്ധ വികാരം വലിയതോതില്‍ ആഞ്ഞടിക്കുന്നുവെന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ഷംഷാബാദ് മണ്ഡ‍ലം പോലെ ഉറച്ച ഒരു മണ്ഡലത്തില്‍ കാര്യങ്ങള്‍ സുഖകരമല്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിയുടെ പിന്‍മാറ്റമെന്നാണ് ആരോപണം. നിലവില്‍ 177 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണവിരുദ്ധ വികാരം മുന്നില്‍ കണ്ട് നിശ്ചയിച്ച പല സ്ഥാനാര്‍ഥികളെ സംബന്ധിച്ചും അണികള്‍ക്കിടയില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗാട്ടിയ സീറ്റില്‍ തന്നെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അസ്വസ്ഥകള്‍ കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്‍റെ കോലം കത്തിക്കുന്നതിലേക്കും എത്തിച്ചിരുന്നു. പല മണ്ഡലങ്ങളിലും ജാതിയും മാനദണ്ഡമാക്കിയാണ് സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിമാര്‍ക്കും സിറ്റിങ് എം.എല്‍.എമാരില്‍ പലര്‍ക്കും മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കിയിട്ടില്ല.

Tags:    

Similar News