കോവിഡ് വാക്സിനെടുക്കാനെത്തി; നല്‍കിയത് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്
ഫാര്‍മസിസ്റ്റിനെ സസ്പെൻഡ് ചെയ്യാൻ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
കോവിഡ് വാക്സിനെടുക്കാനെത്തിയ മൂന്നു സ്ത്രീകള്‍ക്ക് നല്‍കിയത് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കുത്തിവെപ്പിന് നിര്‍ദേശം നല്‍കിയ ഫാര്‍മസിസ്റ്റിനെ സസ്പെൻഡ് ചെയ്യാൻ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
സരോജ്, അനാർക്കലി, സത്യവതി എന്നിങ്ങനെ അറുപതു കഴിഞ്ഞ മൂന്നു സ്ത്രീകൾക്കാണ് കോവിഡ് വാക്സിന് പകരം ആന്‍റി റാബീസ് വാക്സിൻ നൽകിയത്. കുത്തിവെപ്പെടുക്കുന്ന സമയത്ത് ആധാർ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ചില്ലെന്നാണ് സ്ത്രീകളുടെ ആരോപണം. കുത്തിവെപ്പിന് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് വാക്സിന്‍ മാറിയത് തിരിച്ചറിഞ്ഞത്.
ആശുപത്രിയിലെത്തിയ സ്ത്രീകള്‍ വാക്സിൻ എടുക്കുന്നത് ഇവിടെത്തന്നെയല്ലേയെന്ന് ഫാർമസിസ്റ്റിനോട് ചോദിച്ചിരുന്നു. 10 രൂപയുടെ സിറിഞ്ച് വാങ്ങിവരാനാണ് ഇവരോട് ഫാര്‍മസിസ്റ്റ് നിര്‍ദേശിച്ചത്. പുറത്തുപോകാന്‍ തയ്യാറെടുക്കുകയായിരുന്ന ഇയാള്‍ ജൻ ഔഷധി കേന്ദ്രത്തിലുണ്ടായിരുന്ന ഫാർമസിസ്റ്റിനോട് സ്ത്രീകൾക്ക് ആന്‍റി റാബീസ് കുത്തിവെപ്പ് നൽകാൻ നിര്‍ദേശിക്കുകയും ചെയ്തു.
ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെ കുത്തിവെപ്പ് എടുക്കുകയായിരുന്നുവെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഒന്നാംനിലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലല്ല സ്ത്രീകൾ എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ യു.പിയിൽ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 9695 പേർക്കാണ് യു.പിയിൽ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ലക്നൗവില്‍ മാത്രം 2934 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14 മരണങ്ങളും സ്ഥിരീകരിച്ചു.