കോവിഡ് അടിയന്തര ഉപയോഗത്തിന് 'വിരാഫി'ന് അനുമതി; ഏഴുദിവസത്തിനകം രോഗം ഭേദമാകുമെന്ന് കമ്പനി
ഹൈദരാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയാണ് ആൻറി വൈറൽ മരുന്നായ വിരാഫിൻ വികസിപ്പിച്ചത്.
കോവിഡ് ചികിത്സയ്ക്ക് ആൻറി വൈറൽ മരുന്നായ വിരാഫിന്‍ ഉപയോഗിക്കാന്‍ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കി. വിരാഫിൻ മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രായപൂർത്തിയായവർക്ക് കോവിഡ് പ്രതിരോധത്തിനായി മരുന്ന് ഉപയോഗിക്കാമെന്ന് ഡി.ജി.സി.ഐ വ്യക്തമാക്കി.
ഹൈദരാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയാണ് ആൻറി വൈറൽ മരുന്നായ വിരാഫിൻ വികസിപ്പിച്ചത്. വിരാഫിന്‍ ഉപയോഗിച്ച 91.15 ശതമാനം രോഗികൾക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമായെന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കോവിഡ് വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്താനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതോടെ കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.