ബംഗാളില്‍ മേയ് 16 മുതല്‍ 30 വരെ ലോക്ഡൌണ്‍
ഞായറാഴ്ച രാവിലെ 6 മുതല്‍ ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരും
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലോക്ഡൌണുമായി ബംഗാള്‍ സര്‍ക്കാര്‍. മേയ് 16 മുതല്‍ 30 വരെയാണ് സംസ്ഥാനത്ത് ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6 മുതല്‍ ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരും.
ലോക്ഡൌണ്‍ സമയത്ത് എല്ലാ സ്വകാര്യ, സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും അത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ എന്നും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലപൻ ബന്ദോപോധ്യായ പറഞ്ഞു. സ്കൂളുകള്‍, കോളേജുകള്‍, ഫെറി സേവനങ്ങള്‍, ജിമ്മുകള്‍, തിയറ്ററുകള്‍, സലൂണുകള്‍, സ്വിമ്മിംഗ് പൂളുകള്‍ എന്നിവ അടഞ്ഞുകിടക്കും. ലോക്കല്‍ ട്രയിനുകള്‍, മെട്രോ, അന്തര്‍ സംസ്ഥാന ബസ്, ട്രയിന്‍ സര്‍വീസുകള്‍ എന്നിവ ഉണ്ടായിരിക്കില്ല. എന്നാല്‍ അവശ്യ വസ്തുക്കളായ പച്ചക്കറി,പഴം, പാല്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ രാഷ്ട്രീയ, മത ചടങ്ങുകള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല.
സ്വകാര്യ ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയും ഓടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ രാത്രി 9 മുതൽ 5 വരെ ആരും പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും ബന്ദോപോധ്യായ പറഞ്ഞു. കുറഞ്ഞ ജീവനക്കാരെ വച്ച് ബാങ്കുള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ പ്രവര്‍ത്തിക്കും. വിവാഹങ്ങളില്‍ 50 പേരും ശവസംസ്കാര ചടങ്ങില്‍ 20 പേരും മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
വെള്ളിയാഴ്ച ബംഗാളില്‍ 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 10,94,802 ആയി.