തെരഞ്ഞെടുപ്പ് പരാജയം: അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു
കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസം പ്രദേശ് കോൺഗ്രസ്കമ്മിറ്റി തലവൻ രിപുൻ ബോറ രാജിവെച്ചു
അസമില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസം പ്രദേശ് കോൺഗ്രസ്കമ്മിറ്റി തലവൻ രിപുൻ ബോറ രാജിവെച്ചു. രാജിക്കത്ത് ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിക്ക് കൈമാറി.
ഗോഹ്പുർ മണ്ഡലത്തിൽ നിന്നായിരുന്നു രിപുൻ ബോറ ഇത്തവണ ജനവിധി നേടിയത്. പക്ഷേ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബി.ജെ.പിയുടെ ഉദ്പൽ ബോറയോട് 29,000 വോട്ടുകൾക്കാണ് രിപുൻ ബോറ പരാജയപ്പെട്ടത്.
2021ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്ന് സോണിയ ഗാന്ധിക്കയച്ച കത്തില്‍ രിപുൻ ബോറ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നന്നായി പ്രവര്‍ത്തിച്ചിട്ടും ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും സാമുദായിക രാഷ്ട്രീയ ഭിന്നിപ്പിക്കലുകളുടെ കളികൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നതിൽ അതീവ ദുഃഖിതനാണെന്ന് രിപുൻ ബോറ കത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഒരു അത്ഭുതവും പ്രവര്‍ത്തിക്കാനായിട്ടില്ല. 126 മണ്ഡലങ്ങളില്‍ 79 സീറ്റുകളുമായാണ് ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 46 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.