അഫ്ഗാനും ഇറാഖും സാക്ഷി: റംസ്‌ഫെൽഡിന് ചരിത്രം മാപ്പ് നൽകുമോ?
ഇല്ലാത്ത ആയുധശേഖരത്തിന്റെ പേരിൽ ഇറാഖ് ജനതയെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട അമേരിക്കയുടെ നടപടി ചെന്നത്തുക ഡൊണാൾഡ് റംസ്‌ഫെൽഡ് എന്ന മുൻ പ്രതിരോധ സെക്രട്ടറിയിലാവും.
ഇല്ലാത്ത ആയുധശേഖരത്തിന്റെ പേരിൽ ഇറാഖ് ജനതയെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട അമേരിക്കയുടെ നടപടി ചെന്നത്തുക ഡൊണാൾഡ് റംസ്‌ഫെൽഡ് എന്ന മുൻ പ്രതിരോധ സെക്രട്ടറിയിലാവും. റംസ്‌ഫെൽഡിന്റെ ഇല്ലാക്കഥയാണ് അദ്ദേഹത്തെ ഏറ്റവും വെറുക്കപ്പെട്ടവനാക്കിയതും. ഈ പേരും പറഞ്ഞ് അമേരിക്കൻ സൈന്യം ഇറാഖ് ജനതക്ക് മേൽ കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. തെറ്റായ വിവരങ്ങളുടെയും സങ്കൽപ്പങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇറാഖിലെ യുഎസ് അക്രമം.
പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ എടുത്ത മോശം തീരുമാനങ്ങളിലൂടെ മാത്രമല്ല റംസ്‌ഫെൽഡ് ഓർമിക്കപ്പെടുക. യാഥാർത്ഥ്യവുമായി തരിമ്പുപോലും ബന്ധമില്ലാത്ത ക്യാര്യങ്ങൾ മറച്ചുവെക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും എക്കാലവും ഓർമിക്കപ്പെടും. കൂട്ടനശീകരണ ആയുധങ്ങൾ ഇറാഖിന്റെ കൈവശം ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്ന റംസ്‌ഫെൽഡിന് അറിയാമായിരുന്നുവെങ്കിലും പൊതുജനങ്ങൾക്ക് മുമ്പിൽ സമർത്ഥമായി അദ്ദേഹമത് മറച്ചുവെച്ചു.
ബുഷിനും തനിക്കുമുണ്ടായിരുന്ന ആഗ്രഹം നടപ്പാക്കി ഒരു വിഭാഗത്തിന്റെ കയ്യടി നേടാനുള്ള ബോധപൂർവമായ ശ്രമങ്ങളായിരുന്നു ഇവയെല്ലാം. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖിലെ അരക്ഷിതാവസ്ഥ അദ്ദേഹം ആസ്വദിച്ചു. അദ്ദേഹത്തിന്റെ പല കമന്റുകളിലൂടെയും പ്രകടമായിരുന്നു ഇക്കാര്യം. ബഗ്ദാദിൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. ബാഗാദിലെ കൂട്ടപ്പൊരിച്ചിൽ പല മാധ്യമങ്ങളിലും വാർത്തയാകുമ്പോഴായിരുന്നു റംസ്‌ഫെൽഡിന്റെ ഈ ന്യായം പറച്ചിൽ.
വിവരണാതീതമായിരുന്നു യുഎസിന്റെ ആക്രമണം ഇറാഖിന് വരുത്തിവെച്ചത്. യുദ്ധത്തിന്റെ ആദ്യത്തെ 40 മാസങ്ങളിൽ തന്നെ ആറരലക്ഷം സിവിലയന്മാർ മരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റ് 2006 അവസാനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യുഎസ് സൈനികർക്കും ജീവഹാനി സംഭവിച്ചിരുന്നു.
തന്റെ വീക്ഷണവുമായി പൊരുത്തപ്പെടാത്ത മുന്നറിയുപ്പുകളെ അദ്ദേഹം അവഗണിച്ചു. പലപ്പോഴുമത് സൈനിക മേധാവികളുമായി ചേർന്നുപോകുന്നതായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി എത്തിച്ച നിരപരാധികളെ വിചാരണകൂടാതെ മഹാക്രൂരതകൾക്കിടയാക്കിയ ഗ്വാണ്ടാനമോ, അബൂഗുറൈബ് തടവറകളുടെ പേരിലും ഏറെ പഴികേട്ട റംസ്‌ഫെൽഡ് 2006ൽ രാജിവെക്കുകയായിരുന്നു.
സൈന്യത്തിന്റെ ശക്തമായ എതിർപ്പായിരുന്നു അദ്ദേഹത്തിന്റെ രാജി അനിവാര്യമാക്കിയത്. സൈനിക നേതൃത്വത്തോടും അമേരിക്കൻ ജനതയോടും റംസ്‌ഫെൽഡിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്നായിരുന്നു യുഎസ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർമി ടൈംസ് എഡിറ്റോറിയൽ എഴുതിയത്. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പരാജയപ്പെട്ടു, നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ സംശയമുണ്ട്. ഇറാഖിലെ പരാജയപ്പെട്ട ദൗത്യത്തിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണെങ്കിലും സൈസനികരും സഹിക്കേണ്ടതായുണ്ടെന്ന എഡിറ്റോറിയലിലെ പരാമർശങ്ങൾക്ക് വൻ പ്രചാരണം ലഭിക്കുകയും ചെയ്തു.
2001ൽ രണ്ടാമതും ഏറ്റവും പ്രായം കൂടിയ പ്രതിരോധ സെക്രട്ടറിയായി റംസ്‌ഫെൽഡിനെ ബുഷ് നിയമിക്കുമ്പോൾ അധികമാരും അപകടം മണത്തിരുന്നില്ല. 2001 സെപ്തംബർ പതിനൊന്നിലെ ഭീകരാക്രമണത്തിന് ശേഷം സദ്ദാം ഹുസൈന്റെയും ഇറാഖിന്റെയും മേൽ കുറ്റം ആരോപിച്ച് വേട്ടക്കിറങ്ങുകയായിരുന്നു. അതിന് ഭരണകൂടത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.
2001ലെ യുഎസിന്റെ അഫ്ഗാൻ അധിനിവേഷത്തിലും റംസ്‌ഫെൽഡിന് പങ്കുണ്ടായിരുന്നു. ബിൻലാദനെ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു അഫ്ഗാനിലെ നരനായാട്ട്. 84ാം വയസിൽ റംസ്‌ഫെൽഡ് വിടവാങ്ങുമ്പോൾ അഫ്ഗാനെയും ഇറാഖിനെയും അക്രമിച്ചത് കൊണ്ട് എന്ത് നേടി എന്നതിന് ഇന്നും ഉത്തരമില്ല. അഫ്ഗാനും ഇറാഖും ഇപ്പോഴും കെടുതികളിൽ നിന്ന് മുക്തമായിട്ടില്ല താനും.