ഇതും നെഹ്‌റുവിന്റെ തലയിലോ? തോൽവിയിലും ചിരിപടർത്തി സോഷ്യൽ മീഡിയ
ക്രിക്കറ്റിലെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നെങ്കിലും നെഹ്‌റുവിനെ ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയ
ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ ടീം തോറ്റതിന്റെ നിരാശയിലും ചിരിപടർത്തി സോഷ്യൽ മീഡിയ. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി ചേർത്തുകെട്ടുന്ന തീവ്രദേശീയവാദികളെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. സെമിഫൈനലിനു മുമ്പ് 'മോദി ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കുമോ?' എന്ന വാർത്താ പരിപാടി സംഘടിപ്പിച്ച ഹിന്ദി ചാനൽ ആജ്തകിനും അവതാരക ശ്വേതാ സിംഗിനും സമൂഹ മാധ്യമങ്ങളിൽ കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു.
ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതൃത്വവും പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നെഹ്‌റുവിന്റെ പേര് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചു പോലും നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവരിൽ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിലെ തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നെങ്കിലും നെഹ്‌റുവിനെ ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.
തോൽവിക്കു കാരണക്കാർ ആരെന്നു കണ്ടെത്താനുള്ള എ.ബി.പി ന്യൂസിന്റെ അമിതാവേശത്തോട് പ്രതികരിച്ചു കൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മഹ്ബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും ട്വീറ്റ് ചെയ്തപ്പോൾ നെഹ്‌റു പരാമർശിക്കപ്പെട്ടു.
'ഇതു ശരിയല്ല. ഇന്ത്യൻ ക്രിക്കറ്റ് ഈ ലോകകപ്പിൽ നന്നായി കളിക്കുകയും മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുകയും ചെയ്തു. പക്ഷേ, ഒരേയൊരു തോൽവിയിൽ കളിക്കാർ ആക്ഷേപിക്കപ്പെടുന്നു. വിജയങ്ങൾ സന്തോഷത്തോടെയും പരാജയങ്ങൾ മാന്യതയോടെയും ആഘോഷിക്കാൻ നാം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു കാര്യം, ദയവായി നെഹ്‌റുവിനെയും കുറ്റപ്പെടുത്തരുത്.' മഹ്ബൂബ ട്വീറ്റ് ചെയ്തു.
'നിങ്ങൾ നെഹ്‌റുവിനെ മറന്നു! ടീം ബസ് മൈതാനം വിട്ടിട്ടില്ല. അപ്പോഴേക്കും ഒരു കളി തോറ്റതിന്റെ പഴി ടീമിനുമേൽ കുത്തിവെക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവർ ഒന്നിച്ചു നിന്നാണ് ജയിക്കുന്നത്. തോൽവിയും അങ്ങെ തന്നെ.' - ഉമർ അബ്ദുല്ല കുറിച്ചു.
'ഇന്ത്യയുടെ ക്രിക്കറ്റ് കളി ഇന്ന് നന്നായില്ല. ഇത് നെഹ്‌റുവിന്റെ കുഴപ്പമാണ്.' - എന്നാണ് ചലച്ചിത്ര പ്രവർത്തകൻ റാം സുബ്രഹ്മണ്യൻ പരിഹാസപൂർവം ട്വീറ്റ് ചെയ്തത്.
ഇന്ത്യൻ കളിക്കാരുടെ പേരുകളിൽ നിന്ന് നെഹ്‌റുവിനെ കണ്ടെത്തി ഉത്തരവാദിത്തം ഏൽപ്പിച്ചു കൊടുക്കുന്ന ട്രോൾ ഇതിനകം തരംഗമായിക്കഴിഞ്ഞു.
ഇന്ത്യയുടെ തോൽവിക്ക് ഉത്തരവാദിയായ ജവഹർലാൽ നെഹ്‌റു രാജിവെക്കുക എന്ന് മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ട്വീറ്റ് ചെയ്തു.
ഇന്ത്യ സെമിയിലെത്തിയപ്പോൾ അതിന്റെ ക്രെഡിറ്റ് നൽകിയ ആജ് തക്കിനും സോഷ്യൽ മീഡിയയുടെ പ്രഹരം വേണ്ടത്ര കിട്ടി. ശ്വേതാ സിങ് നയിക്കുന്ന ഖബർദാർ ഷോയിലാണ് ആജ്തക് 'പി.എം മോദി ലോകകപ്പ് വിജയിപ്പിക്കുമോ?' എന്ന വിഷയം ചർച്ച ചെയ്തത്.
'എല്ലാവരും - ഹെഡ്‌ഗേവാർ, ഗോൾവാൾകർ, മുഖർജി, ഉപാധ്യായ്, എന്തിന് പ്രണബ് മുഖർജി പോലും പിന്തുണച്ചു. പക്ഷേ, നെഹ്‌റു ഉണ്ടായതു കൊണ്ടുമാത്രം നരേന്ദ്ര മോദിക്ക് ലോകകപ്പ് ജയിക്കാനായില്ല.' മാധ്യമപ്രവർത്തകൻ രവി നായരുടെ ട്വീറ്റ്. പ്രമുഖ വ്‌ളോഗർ ധ്രുവ് രഥിയും ആജ് തക്കിനെ കളിയാക്കി.
അതിനിടെ, മുമ്പ് രണ്ടുതവണ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോഴും കേന്ദ്രത്തിൽ അധികാരത്തിൽ കോൺഗ്രസായിരുന്നുവെന്നും ഇത്തവണ മോദി കപ്പ് ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെടുന്ന കാർട്ടൂൺ ശശി തരൂർ ട്വീറ്റ് ചെയ്തു.