അദാനി പവർ, പൃഥ്വി ഷാ, യാമി ഗൗതം, സ്വര ഭാസകർ... ഇന്നത്തെ 10 ട്രൻഡിങ് സ്റ്റോറീസ്
ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെയുണ്ടായ ആൾക്കൂട്ട ആക്രമണം സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയായി
ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആൾക്കൂട്ട ആക്രമണം, ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞു, സമാജ് വാദി പാർട്ടി നേതാവുമായുള്ള സ്വര ഭാസ്‌കറിന്റെ വിവാഹം, ത്രിപുരയിലെ കനത്ത പോളിംഗ്... ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏറെ ചർച്ചയായ 10 പ്രധാന വാർത്തകള്‍
1. 7000 കോടി രൂപയുടെ ഏറ്റെടുക്കൽ വേണ്ടെന്നു വച്ച് അദാനി
7017 കോടി രൂപയ്ക്ക് ഊർജ്ജ കമ്പനിയായ ഡി.ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പൊളിഞ്ഞു. ഇരുകമ്പനികളും തമ്മിൽ ഒപ്പുവച്ചെ ധാരണാപത്രം കാലഹരണപ്പെട്ടതായി അദാനി പവർ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 15 ആയിരുന്നു വിനിമയം നടത്തി ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തിയ്യതി. 2022 ആഗസ്ത് 18നായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള കരാർ. ആ വർഷം ഒക്ടോബർ 31ന് ഏറ്റെടുക്കൽ പൂർത്തിയാക്കണം എന്നാണ് ധാരണാ പത്രത്തിൽ പറഞ്ഞിരുന്നത്. പിന്നീട് ഇത് നാലു തവണ മാറ്റിവച്ചെങ്കിലും അദാനി പവറിന് ആവശ്യമായ തുക കണ്ടെത്താനായില്ല എന്നാണ് വിവരം. ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ ചാമ്പയിൽ 1200 മെഗാ വാട്ട് കോൾ ഫയേഡ് പവർ പ്ലാന്റാണ് ഡി.ബി പവറിന് സ്വന്തമായുള്ളത്.
2. പൃഥ്വി ഷായ്ക്കെതിരെ ആൾക്കൂട്ട ആക്രമണം
സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ആൾക്കൂട്ട ആക്രമണം. താരം സഞ്ചരിച്ച കാർ അടിച്ചുതകർത്തു. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ സ്റ്റാർ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിയുകയായിരുന്നു.
3. സ്വര ഭാസകർ വിവാഹിതയായി
ബോളിവുഡ് നടി സ്വര ഭാസ്‌കറും സമാജ്വാദി പാർട്ടി യുവനേതാവ് ഫഹദ് അഹ്‌മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചതോടെയാണ് വിവരം സ്ഥിരീകരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ വച്ചാണ് ഇരുവരും തമ്മിൽ പരിചയത്തിലാവുന്നത്.
4. സൂര്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സച്ചിൻ
തമിഴ് നടൻ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 'ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം' എന്ന കുറിപ്പോടെയാണ് സച്ചിൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതേസമയം, സ്നേഹവും ബഹുമാനവും എന്ന് കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു.
5. 'സ്ത്രീ പുരുഷനെ വെല്ലുവിളിക്കുന്നതല്ല സമത്വം': ചർച്ചയായി യാമി ഗൗതമിന്റെ വാക്കുകൾ
സമത്വത്തെ കുറിച്ച് നടി യാമി ഗൗതം നടത്തിയ അഭിപ്രായം വൈറലാകുന്നു. ഒരാൾ മറ്റൊരാളെ വെല്ലുവിളിക്കുന്നതല്ല സമത്വമെന്നും എല്ലാം സ്ത്രീയെ കേന്ദ്രീകരിച്ച് എന്ന് പറയുന്ന പ്രയോഗം തന്നെ തികച്ചും അനാവശ്യമാണെന്നുമാണ് യാമി ഗൗതത്തിന്‍റെ പ്രസ്താവന. സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല ഇവിടെ വേണ്ടത്. രണ്ടുപേരും ഇവിടെ സന്തോഷത്തോടെയിരിക്കുകയാണ് വേണ്ടത്. എപ്പോഴും ഒരാൾ മറ്റൊരാളെ വെല്ലുവിളിക്കുന്നതല്ല എന്നും യാമി പറയുന്നു.
6. ഇതിഹാസ ഇന്ത്യൻ ഫുട്‌ബോളർ തുളസീദാസ് ബലറാം അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തുളസീദാസ് ബൽറാം (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടമായ 1950-60 കാലത്താണ് തുളസീദാസ് കളിച്ചത്. പി കെ ബാനർജിയും ചുനി ഗോസ്വാമിയും ഉൾപ്പെടെ ഇന്ത്യൻ ഫുട്‌ബോളിലെ ഗോൾഡൻ ജെനറേഷനിൾ ഉൾപ്പെടുമ്മ താരമാണ് തുളസീദാസ് ബലറാം. 1962ലെ ഏഷ്യൻ ഗെയിംസിലാണ് സ്വർണം നേടിയത്. മൂന്ന് തവണ ബംഗാളിനായി സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. ഹംഗറി, ഫ്രാൻസ് എന്നീ ടീമുകൾക്കെതിരേ ബൽറാം സ്‌കോർ ചെയ്തിരുന്നു.
7. ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'പഠാന്‍'
ഏറെ വിവാദങ്ങളോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഷാറൂഖ് ഖാൻ നായകനായെത്തിയ പഠാൻ. ഒട്ടേറെ ആരോപണങ്ങൾ കേട്ട ചിത്രം പക്ഷേ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷനാണ് നേടിയത്. 1000 കോടി കലക്ഷനിലേക്ക് സിനിമ അതിവേഗം നീങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ.
വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.5 മില്യണ്‍ ഡോളര്‍ ആണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 365 കോടി. ഇതുകൂടി ചേര്‍ത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യണ്‍ ആണ്. അതായത് 970 കോടി രൂപ. നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ.
8. ബാഴ്സലോണ-മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലാസിക് ഇന്ന് രാത്രി
യൂറോപ്പ ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പോരാട്ടത്തിൽ സാവിയുടെ ബാഴ്സലോണ എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. രാത്രി 11.15ന് ബാഴ്സലോണയുടെ തട്ടകത്തിലാണ് മത്സരം. ലീഗിൽ തുടർവിജയങ്ങളുമായി മുന്നേറുന്ന ഈ ടീമുകൾക്ക് ഇനി വേണ്ടത് ഒരു വമ്പൻ കിരീടമാണ്. അതിലേക്കുള്ള ആദ്യ പ്രധാന കടമ്പയാണ് ഈ പോരാട്ടം.
9. ത്രിപുരയിൽ കനത്ത പോളിംഗ്
ത്രിപുര നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഒടുവിൽ പുറത്തു വന്ന കണക്കുകൾ അനുസരിച്ച് പോളിങ്ശതമാനം 70 കടന്നു. രാവിലെ 7 മണിക്ക് പോളിംഗ് തുടങ്ങിയപ്പോൾ മുതൽ ബൂത്തുകളിൽ വൻ തിരക്കായിരുന്നു. മുഖ്യമന്ത്രി മണിക് സാഹയും സിപിഎം -കോൺഗ്രസ് സംയുക്ത സ്ഥാനാർഥി ആശിഷ് സാഹയും ഏറ്റു മുട്ടുന്ന ടൗൺ ബോർഡോ വലിയിലായിരുന്നു ഉച്ചവരെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ടിപ്ര മോഥ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കമൽപൂരിലും ജനങ്ങൾ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തി.
10. പുഷ്പ 2 ഫസ്റ്റ് ലുക്ക് റിലീസ്
പുഷ്പ ദി റൂൾന്റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. അവർക്ക് സന്തോഷ വാർത്തയുമായാണ് ഇപ്പോൾ അല്ലു അർജുൻ എത്തിയിരിക്കുന്നത്. ഏപ്രിൽ എട്ടിന് തന്റെ പിറന്നാൾ ദിനത്തിൽ അല്ലു അർജുന്റെ പുഷ്പ 2 ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യാൻ തീരുമാനിച്ചതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുനും ഫഹദ് ഫാസിലും പുഷ്പയിൽ എത്തിയത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻറെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത്.