'എല്ലാം തിരക്കഥയായിരുന്നു; പേടിച്ചു പിന്മാറിയതല്ല'
''ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. തെറിപറഞ്ഞവരോട് പോലും വൈരാഗ്യമില്ല. സങ്കടമോ ദുഃഖമോ ഒന്നുമില്ല. വിവാദമുണ്ടായതുകൊണ്ട് നമ്മളെ അറിയാത്ത ആളുകൾകൂടി അറിഞ്ഞു''
ഫിറോസ് ചുട്ടിപ്പാറയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഫുഡ് വ്‌ളോഗറാണ് ഫിറോസ്. അദ്ദേഹത്തിന്റെ പാലക്കാടൻ ഭാഷയിലുള്ള നാടൻ പാചക വിഡിയോകൾക്ക് നമ്മുടെ നാട്ടില്‍ വലിയ കാഴ്ചക്കാരുണ്ട്.
അടുത്തിടെ ഫിറോസ് ദുബൈയിൽ പോയി മയിലിനെ കറിവയ്ക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു. അതു വലിയ വിവാദമായി. കുറേപേർ വിമർശിച്ചു. ഒടുവിൽ വളരെ നാടകീയമായി താന്‍ മയിലിനെ കറിവയ്ക്കുന്നില്ലെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു ഫിറോസ്. എന്താണ് 'മയിൽകറി'ക്ക് സംഭവിച്ചതെന്ന് ഫിറോസിനോട് തന്നെ ചോദിക്കാം. ഒരു മാധ്യമത്തിന് ഫിറോസ് നൽകുന്ന ആദ്യത്തെ അഭിമുഖവുമാണിത്.
ഞങ്ങളൊക്കെ ആകാംക്ഷാഭരിതരായി നിങ്ങൾ മയിലിനെ ഗ്രില്ലാക്കുമോ വറുത്തരച്ച കറിവയ്ക്കുമോ എന്നു കാത്തിരിക്കുകയായിരുന്നു. പക്ഷെ, അപ്പോഴാണ് ഇത്രയും നല്ലൊരു പക്ഷിയെ ആരെങ്കിലും കൊല്ലുമോ, ഞങ്ങൾ അത്തരക്കാരാണോ എന്നു ചോദിച്ച് ഇന്നലെ രംഗത്തുവരുന്നത്. എന്താണ് പറ്റിയത്?
ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്. നാട്ടിൽനിന്ന് വരുമ്പോൾ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകൾ കാണിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണ്. ദുബൈയിൽ മയിലിനെ കറിവയ്ക്കാൻ വന്നതല്ല. ദുബൈയിൽ വന്നത് എക്‌സ്‌പോ കാണാനും എക്‌സ്‌പോയിലെ ചില എക്‌സ്പീരിയൻസുകൾ എടുക്കാനുമായിരുന്നു. വരുന്ന വഴിക്ക് ക്യൂട്ടായി ക്രിയേറ്റിവിറ്റിയോടെ ഒരു വിഡിയോ ഉണ്ടാക്കിയെടുത്തു എന്നതു മാത്രമാണ് സത്യാവസ്ഥ.
സത്യസന്ധമായി ഒരുകാര്യം പറഞ്ഞാല്‍, എന്റെ സ്‌പോൺസർ നൗഷാദ് രണ്ടുമാസം മുന്‍പാണ് എനിക്ക് വിസ അയച്ചുതന്നത്. അതിന്‍റെ ലാസ്റ്റ് ഡേറ്റിലാണ് ഇവിടെവരുന്നത്. അന്നുമുതൽ തന്നെ ഇതിൻരെ പ്ലാനിങ്ങാണ്. എങ്ങനെ ഷൂട്ട് ചെയ്യാം, എങ്ങനെ ആളുകൾക്കായി രസകരമായ വിഡിയോ ക്രിയേറ്റ് ചെയ്യാമെന്നൊക്കെയുള്ള പ്ലാനിങ്ങായിരുന്നു. വിഡിയോ ഇട്ടപ്പോൾ തന്നെ നാട്ടിലാകെ ഒരു സംഭവമുണ്ടായിയെന്നു മാത്രം.
നാട്ടിലാകെ സംസാരവിഷയമായി ഇക്കാര്യം. ഇതൊരു തിരക്കഥയാണ്. രണ്ട് വിഡിയോ മയിലിനെ കൊല്ലും, കറിവയ്ക്കും എന്നു പറഞ്ഞു ചെയ്യുക. മൂന്നാമത്തെ വിഡിയോയിൽ ഞങ്ങളത് ചെയ്യുന്നില്ല എന്നു പറയുക.. ഇതൊക്കെ ഇവിടന്നു പോകുമ്പോൾ തന്നെ തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ്?
ഇത് ശരിക്കും തിരക്കഥയാണ്. തിരക്കഥ ഉണ്ടാക്കി ഷൂട്ട് ചെയ്തതാണ്. എങ്കിലല്ലേ ആളുകൾ കാണൂ.. നമ്മുടെ ലക്ഷ്യം ആളുകളെ കാണിപ്പിക്കുക എന്നതാണ്. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയ്ക്ക് നമ്മൾ ആളുകളെ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പക്ഷെ, ഇത്രത്തോളം ഒരു പോപുലാരിറ്റി ഇതിനകത്ത് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.
ഇതിപ്പോൾ പോപുലാരിറ്റിയുടെ മാത്രം കാര്യമല്ല. മയിലിനെ ഫ്രൈയോ കറിയോ ഒക്കെ ആക്കുമെന്നു പറഞ്ഞതിനു പിന്നാലെ വ്യാപകമായ തരത്തിൽ വിമർശനങ്ങളും അധിക്ഷേപങ്ങളുമൊക്കെ വന്നു. അതൊക്കെ ശ്രദ്ധിച്ചിരുന്നോ? അങ്ങനെ നെഗറ്റീവായി പ്രതികരണങ്ങൾ വന്നത് ഫിറോസിനെ സ്വാധീനിച്ചോ?
ഇത്രയും നെഗറ്റീവുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ, നമ്മൾ തിരക്കഥയിൽ എന്താണോ നമ്മൾ പ്ലാൻ ചെയ്തത്, അതു തന്നെയാണ് ഷൂട്ട് ചെയ്തത്. അല്ലാതെ കഥയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. ആളുകൾ എന്താണെന്ന് അറിയുന്നതിനു മുന്നേ, ഉദാഹരണത്തിന് കാള പെറ്റൂ എന്നു കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന സിറ്റ്വേഷനാണ് ഇവിടെയുണ്ടായത്.
ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. തെറിപറഞ്ഞവരോട് പോലും വൈരാഗ്യമോ കാര്യങ്ങളൊന്നുമില്ല. പക്ഷെ, എപ്പിസോഡിന്റെ അവസാനം എന്താകുമെന്ന് അവർക്ക് അറിയില്ല. ഇങ്ങനെയൊക്കെ വന്നപ്പോൾ നമ്മൾ ആളുകൾക്കിടയിൽ കുറച്ചുകൂടി അറിയപ്പെട്ടു എന്നതാണ് സത്യം.
തെറി പറഞ്ഞവർ, ഭീഷണിപ്പെടുത്തിയവർ, കേസുകൊടുക്കുമെന്നു പറഞ്ഞവർ... അവരെയൊന്നും പേടിച്ചല്ല മയിലിനെ കൊല്ലണ്ട എന്നു തീരുമാനിച്ചത്?
അല്ലല്ല, തീര്‍ച്ചയായും. ഇതൊരു ഭയമല്ല. ഒരു സിനിമ എങ്ങനെയാണോ ചിത്രീകരിക്കുന്നത്, അതുപോലെ ഉണ്ടാക്കുകയാണ് ചെയ്തത്. കഥയിലുണ്ടായത് പൂർണമായി ഷൂട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചു. നമ്മൾ വിചാരിച്ചതിനെക്കാൾ കൂടുതലായി ഇതു സക്‌സസായി എന്നാണ് അതില്‍ പറയാനുള്ളത്.
പക്ഷെ, അങ്ങനെയിപ്പോൾ നാട്ടുകാരെ പറ്റിച്ചാൽ, അതായത് ഒരു കാര്യം ചെയ്യുമെന്നു പറയുക, ആളുകൾക്ക് അതിലൊരു കൗതുകം തോന്നുക. ഞങ്ങളതല്ല, ഇതാണ് ഉദ്ദേശിച്ചതെന്ന് പറയുക. ആളുകൾക്ക് കബളിപ്പിക്കപ്പെട്ട ഒരു ഫീലുണ്ടാകില്ലേ? ഫിറോസ് പേടിച്ചുവിറച്ചു പിന്മാറി എന്നു പറയുന്നവരുമുണ്ട്.
ആളുകൾ എന്തും പറഞ്ഞോട്ടെ, പ്രശ്‌നമില്ല. നമ്മൾ പിന്മാറിയതല്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തതാണ്. ഇതൊരു പറ്റിക്കലല്ല. സിനിമയിലൊക്കെ കാണുന്ന പോലെ ക്ലൈമാക്‌സുണ്ടാക്കി നമ്മൾ മുൻകൂട്ടി തീരുമാനിച്ചുവച്ചു എന്നു മാത്രമേയുള്ളൂ അതിനകത്ത്. ആരെയും പറ്റിക്കാൻ വേണ്ടി ചെയ്തതല്ല ഇത്. ആളുകളെ കാണിപ്പിക്കുക എന്നതായിരുന്നു നമ്മളെ ലക്ഷ്യം.
ആദ്യത്തെ രണ്ടു വിഡിയോ പുറത്തുവന്നതിനു പിന്നാലെ കേസ് കൊടുക്കും, പ്രധാനമന്ത്രിക്ക് പരാതി കൊടുക്കും, എൻഐഎ അന്വേഷിക്കുമെന്നൊക്കെ ഓൺലൈൻ മാധ്യമങ്ങളിൽ വന്ന കാര്യങ്ങലൊക്കെ ശ്രദ്ധിച്ചിരുന്നോ?
തീർച്ചയായും ശ്രദ്ധിച്ചിരുന്നു. ഇതിൽ നമ്മൾക്ക് ഒരു വിഷയവും വരാനില്ല. ഞാൻ നിലവിൽ നാട്ടിലില്ല, ദുബൈയിലാണുള്ളത്. ദുബൈയിൽ മാനിനെയോ മയിലിനെയോ കറിവയ്ക്കുക എന്നത് ലീഗലാണ്. അതിലുപരി, ഇവിടെ ഇതിനെ അറക്കാനുള്ള സ്ഥലമുണ്ട്. അവിടെ അഞ്ച് ദിര്‍ഹം കൊടുത്താൽ അവർ കട്ട് ചെയ്ത്, ക്ലീൻ ചെയ്ത്, മെഡിക്കൽ ടെസ്റ്റ് വരെ ചെയ്താണ് അവർ ഭക്ഷിക്കാൻ തരിക.
പക്ഷെ, മയിൽ ഭക്ഷ്യയോഗ്യമായ ഒരു സാധനമല്ല. അതു മനസിലാക്കിയാണ് നമ്മൾ അതിനെ കറിവയ്ക്കാൻ നിൽക്കാത്തത്. കാരണം മനുഷ്യർക്ക് കഴിക്കാവുന്ന ഭക്ഷ്യയോഗ്യമായ സാധനമല്ല മയിൽ. അതിനെക്കുറിച്ച് പഠിച്ചിട്ടാണ് നാട്ടിൽനിന്ന് ഇങ്ങോട്ട് വന്നത്.
മയിലിനെ ഭക്ഷിക്കുന്ന ആളുകളുണ്ട്. ന്യൂസിലൻഡിൽ ചിത്രീകരിച്ച ഒരു ഫുഡ് വ്‌ളോഗ് ഇപ്പോൾ പലരും കണ്ടിട്ടുണ്ടാകും. മയിലിനെ കൊന്നു കറിവയ്ക്കുന്ന വിഡിയോ കാണാൻ കഴിയും. മയിലിനെ ഭക്ഷിക്കുന്ന ആളുകളുമുണ്ട്. താങ്കൾ പറഞ്ഞതുപോലെ യുഎഇയിൽ അതിനു വിലക്കുമില്ല.
അതെ, മയിലിനെ ഭക്ഷിക്കുന്ന ആളുകളുണ്ട്. യൂടൂബിൽ നോക്കിയാൽ മലയാളികൾ തന്നെ മയിലിനെ കറിവയ്ക്കുന്ന വിഡിയോകളൊക്കെയുണ്ട്. പക്ഷെ, എന്താണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അറിയില്ല. പക്ഷെ, ആരോടും വൈരാഗ്യമില്ല. മറ്റു തരത്തിലൊക്കെ ചില ആളുകൾ കണ്ടിട്ടുണ്ട്. അതിലൊന്നും കാര്യമില്ല. അവരുടെ അറിവില്ലായ്മകൊണ്ടായിരിക്കാം എന്നാണ് അതില്‍ പറയാനുള്ളത്. അല്ലാതെ വിവാദത്തിനോ ആളുകളെ വെറുപ്പിക്കാനോ ചെയ്തതല്ല ഈ പരിപാടി.
വൈറലാകാൻ വേണ്ടി ചെയ്തതാണ്?
നോർമലി നമ്മൾ ഒരു വിഡിയോ ചെയ്താൽ ഒരു വൺ മില്യനൊക്കെ റീച്ച് കിട്ടുന്നതാണ്. അതിൽകൂടുതൽ ആളുകളിൽ എങ്ങനെ എത്തിക്കാം, എങ്ങനെ കാണിക്കാം.. അതായിരുന്നു നമ്മുടെ ലക്ഷ്യം. അതു വിജയിച്ചു. പക്ഷെ, അതിൽ ചില പ്രശ്‌നങ്ങളുണ്ടായി എന്നു മാത്രം. അതിൽ സങ്കടമുണ്ട്.
പ്രശ്‌നമുണ്ടാക്കിയ ആളുകൾ നമ്മളോട് വിഷമം വിചാരിക്കരുത്. കാരണം ഞങ്ങൾ നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി ചെയ്തതല്ല.
നേരത്തെ പറഞ്ഞതുപോലെ ഒരുപാട് പ്രതികരണങ്ങളും ഭീഷണികളുമൊക്കെ വരികയുണ്ടായി. എൻഐഎ അന്വേഷിക്കുമെന്ന തരത്തിലുള്ള വാർത്തകളും കഥകളുമൊക്കെ വരുന്നത് ഒരു സമ്മർദമുണ്ടാക്കിയിട്ടുണ്ടോ? നേരത്തെ വളരെ കൂളായി ചെയ്‌തൊരു കാര്യമായിരുന്നു വ്‌ളോഗിങ്. ഇപ്പോൾ ഒരു പ്രാങ്ക് കാണിച്ചപ്പോഴേക്ക് ഇത്രയധികം പ്രശ്‌നങ്ങൾ വരുന്നത് ഒന്നു പേടിപ്പിച്ചിട്ടുണ്ടോ?
ഇല്ല, തീര്‍ച്ചയായും. നമ്മളതിനെ ഉപദ്രവിച്ചിട്ടില്ല. അതിനെ ഒന്നും ചെയ്തിട്ടില്ല. ഇവിടെ നമുക്കതിനെ വാങ്ങിക്കാൻ കിട്ടും. നാട്ടിൽ മയിലിനെ തൊടാൻ പറ്റില്ല നമുക്ക്. അതെല്ലാം ഒഫൻസാണ്. അതിന്റെ വിഡിയോ എടുക്കുന്നതും ചിത്രീകരിക്കുന്നതുമെല്ലാം ഒഫൻസാണ്. കൈക്കൊണ്ട് നമ്മുടെ ദേശീയപക്ഷിയെ തൊടാൻ പറ്റി എന്നൊരു കാര്യംകൂടി ഇവിടെ വന്നതുകൊണ്ട് കിട്ടി. നാട്ടിൽ മയിലിനെ പിടിച്ച് ഫോട്ടോ എടുത്താൽ തന്നെ അകത്തുപോകേണ്ടിവരും.
പേടിക്കാൻ നമ്മളൊന്നും ചെയ്തിട്ടില്ല. നമ്മളതിനെ ഉപദ്രവിച്ചിട്ടില്ല. ശരിക്കും ഒരുപാട് ഉപദ്രവിച്ചാൽ യൂടൂബ് തന്നെ ബാൻ ചെയ്യും. യൂടൂബിന്റെ ടേംസ് ആൻഡ് പോളിസീസുണ്ട്. ഇതൊക്കെ പഠിച്ചിട്ടാണ് നമ്മളീ വിഡിയോ ചെയ്യുന്നത്. ആ വിഡിയോക്ക് മുന്നിൽ തന്നെ എഴുതിക്കാണിക്കുന്നുണ്ട്, ഇങ്ങനെയുള്ള പ്രശ്‌നങ്ങളുള്ള സംഭവമാണെന്ന്. യൂടൂബിനുള്ളതുമുണ്ട്, നാട്ടുകാർക്ക് കൊടുക്കാനുള്ള അവയർനെസും അതിനകത്ത് കൊടുക്കുന്നുണ്ട്.
നമ്മള് തന്നെ മയിലിനെ പിടിച്ച് ചുമ്മാ അതുമിതും കാണിച്ചുകഴിഞ്ഞാൽ, അതിനെ ഉപദ്രവിച്ചാൽ, അതിന്റെ സ്വൈരജീവിതം തടസപ്പെടുത്തിയാൽ യൂടൂബിന്റെ ടേംസ് ആൻഡ് പോളിസീസ് തന്നെ നമ്മളെ ബാധിക്കും. അതുവരെ ശ്രദ്ധിച്ചിട്ടാണ് കാര്യങ്ങൾ ചെയ്തത്. പ്രശ്‌നം വരുമെന്ന ഭയമില്ല.
ആയിരം ദിർഹം കൊടുത്തു വാങ്ങിച്ച മയിലിനെ എന്നിട്ട് എന്തു ചെയ്തു?
മയിലിനെ കൊണ്ടുപോയി കാണിച്ച സ്ഥലം ഒരു കൊട്ടാരത്തിന്റെ കീഴിലുള്ളതാണ്. അവർക്ക് മയിലിനെ ഗിഫ്റ്റായി കൊടുത്തതാണ്. ശൈഖിനോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി അവിടത്തെ തൊഴിലാളിയെ ഏൽപിച്ചിട്ടുവന്നു. ഇപ്പോഴും അവിടത്തന്നെ നിൽക്കുന്നുണ്ട്. ശൈഖിൻരെ ആളുകൾ വന്നാൽ മയിലിനെ കൈമാറും.
നമ്മുടെ വന്യജീവി സംരക്ഷണനിയമം 1972 അനുസരിച്ച് വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത്, പിടികൂടുന്നത്, പാകം ചെയ്യുന്നതെല്ലാം ശിക്ഷാർഹമായ കുറ്റമാണ്. ആ നിയമം അനുസരിച്ച് ഒന്നാം പട്ടികയിൽപെടുത്തപ്പെട്ട പക്ഷിയാണ് മയിൽ. ഇങ്ങനെയൊക്കെ വിഡിയോ ചെയ്താൽ ആളുകൾക്ക് മയിൽ പോലെയുള്ള വന്യജീവി പട്ടികയിലുള്ള പക്ഷികളെയോ മൃഗങ്ങളെയോ ഒക്കെ ഉപദ്രവിക്കാൻ ഒരു ടെണ്ടൻസി ഉണ്ടാകില്ലേ? അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. നമ്മൾ കഴിഞ്ഞ തവണ മാനിനെ കറിവയ്ക്കാൻ വന്ന സമയത്ത് ലീഗലായിട്ടുള്ള കുറെ കാര്യങ്ങൾ അന്വേഷിച്ചിട്ടാണ് വന്നത്. അവിടന്നുകിട്ടിയ വിവരം നമ്മളതിനെ കറിവയ്ക്കുന്ന സമയത്ത് അതിൽ പറയണം, നമ്മൾ ദുബൈയിലാണുള്ളത്, ഇന്ത്യയിലല്ലെന്ന്. ഇന്ത്യയിൽ ഇതിനെ കറിവയ്ക്കുകയോ ഉപദ്രവിക്കുകയോ തൊടുകയോ ഫോട്ടോ എടുക്കുകയോ നമ്മുടെ ആവശ്യങ്ങൾക്കായി വിഡിയോ എടുക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
അപ്പോൾ ഞാനത് വിഡിയോയിൽ പറയുന്നുണ്ട്. നാട്ടിലിതെന്തായാലും ചെയ്യാൻ പറ്റില്ല. നാട്ടിലുള്ള ഏകദേശം ആളുകൾക്കും ഇക്കാര്യം അറിയും. നാട്ടിലുള്ളവർക്ക് ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ ആദ്യം ഗൂഗിളെടുക്കുക. ഗൂഗിളിനകത്ത് ഷെഡ്യൂൾ തപ്പിനോക്കുക. അതിനകത്ത് എന്തൊക്കെ ഷെഡ്യൂളുകളുണ്ടെന്ന് അറിയാനാകും. നമ്മൾക്ക് ഇതൊക്കെ പഠിച്ചിട്ടുവരാനുള്ള കേസേ ഒള്ളൂ. അല്ലാതെ, ഇതൊരു വലിയ സംഭവമായി ഫീൽ ചെയ്തിട്ടില്ല. അങ്ങനെ ആരെയും ഇതിലേക്ക് വരാൻ വേണ്ടി പറയുന്നതല്ല. വിഡിയോയിൽ തന്നെ പറയുന്നുണ്ട്, ആരും അനുകരിക്കരുത്, ഇന്ത്യയിൽ വലിയ ശിക്ഷാർഹമായ കേസാണെന്ന്.
അക്കാര്യത്തിൽ സബ്‌സ്‌ക്രൈബേഴ്‌സിനോട് കോഴിയെയോ താറാവിനെയോ, അല്ലെങ്കിൽ വളർത്തുമൃഗങ്ങളെയൊക്കെ കറിവയ്ക്കുന്ന പോലെ വന്യജീവികളെ തൊടാൻപോയാൽ വലിയ പ്രശ്‌നമാകുമെന്ന മുന്നറിയിപ്പ് കൊടുക്കാറുണ്ടോ?
ലീഗലല്ലാത്ത ഒരു സംഗതി ചെയ്യുമ്പോൾ അതിനുമുന്നേ തന്നെ ഒരു അവൈർനെസ് കൊടുക്കാറുണ്ട്. ഏത് രാജ്യത്താണ്, എന്താണ്, എങ്ങനെയാണ് ചെയ്യേണ്ടത് തുടങ്ങിയ അവൈർനെസെല്ലാം കൊടുക്കും. തീർച്ചയായും നമ്മുടെ വ്യൂവേഴ്‌സിനെ കെണിയിൽ കൊണ്ടുപോയി ചാടിക്കരുത്.
ഞാൻ ഫിറോസിന്റെ പല വിഡിയോകളും കണ്ടിട്ടുള്ള ആളാണ്. മിക്കവാറും വിഡിയോകൾക്ക് മില്യൻകണക്കിന് വ്യൂവേഴ്‌സുണ്ട്. പത്തു മില്യനിൽ കൂടുതൽ വ്യൂവേഴ്‌സുള്ള വിഡിയോകളുണ്ട്. അതായത് കേരളത്തിലെ മെയിൻസ്ട്രീം ചാനലുകളുടെ വിഡിയോകളെക്കാൾ കൂടുതൽ വ്യൂ പലപ്പോഴും ഫിറോസിന്റെ ചാനലിന് കിട്ടുന്നുണ്ട്. അങ്ങനെയിരിക്കെ കൂടുതൽ വൈറലാകാനോ കൂടുതൽ ആളുകളെ ആകർഷിക്കാനോ പ്രത്യേകിച്ച് ഇങ്ങനെ എന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ടോ?
അല്ല, വ്യത്യസ്തമായ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യുക എന്നതാണ് നമ്മുടെ ജോലി. ഇപ്പോൾ ചില ഹിറ്റായ സിനിമകളുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമെല്ലാം സിനിമകൾ ഹിറ്റാകാറുണ്ട്. വീണ്ടും ഹിറ്റാകാൻ വേണ്ടി അതിനെക്കാൾ മികച്ച രീതിയിൽ ചിത്രീകരിക്കുന്ന പരിപാടിയാണ് അവർ ചെയ്യാറ്. അതുതന്നെയാണ് നമ്മൾ ഇവിടെയും ചെയ്തത്. യൂടൂബ് നമ്മൾക്കൊരു സ്‌പേസ് തന്നിട്ടുണ്ട്. അതിൽ മികച്ച രീതിയിൽ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുക എന്നതാണ് നമ്മുടെ ജോലി.
നിലവിലുള്ളതിനെക്കാളും വൃത്തിയോടെ എങ്ങനെ ചെയ്യാം, എങ്ങനെ കൂടുതൽ വ്യൂവേഴ്‌സിനെ കൊണ്ടുവരാം എന്നതാണ് നമ്മുടെ ചിന്ത.
ഏതായാലും മയിലിനെ ഗ്രിൽ ചെയ്യുന്നില്ല, വറുത്തരച്ച് കറിവയ്ക്കുന്നുമില്ല. ഇനിയിപ്പോൾ എന്താണ് ബാക്കി ദിവസം ദുബൈയിൽ പരിപാടി?
എക്‌സ്‌പോ കാണാനാണ് ഞാൻ സത്യത്തിൽ ഇവിടെ വന്നത്. 2020ൽ നടക്കേണ്ട എക്‌സ്‌പോയാണ്. അന്നുതന്നെ ഞങ്ങൾ പ്ലാൻ ചെയ്തതാണ്. പക്ഷെ, കോവിഡൊക്കെ വന്ന് പലപ്രശ്‌നങ്ങളുമുണ്ടായതുകൊണ്ട് വരാൻ സാധിച്ചില്ല.
എക്‌സ്‌പോ വലിയൊരു സംഭവമാണ്. പലരാജ്യങ്ങളിൽനിന്നുമുള്ള ആളുകൾ ഇവിടെ വരുന്നുണ്ട്. ഏകദേശം 198 രാജ്യങ്ങളുടെ സംസ്‌കാരവും മറ്റും ബിസിനസുമൊക്കെയാണ് ഇവിടെ കാണിക്കുന്നത്. ഇതുകാണാനാണ് ദുബൈയിൽ വന്നത്.
എക്‌സ്‌പോയിൽനിന്ന് കണ്ടന്റ് ക്രിയേഷൻ ഉദ്ദേശിക്കുന്നുണ്ടോ?
എക്‌സ്‌പോയിൽനിന്ന് ഒന്നോ രണ്ടോ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്യും. അതും പെർമിഷനുണ്ടെങ്കിൽ. അല്ലാതെ കാമറയെടുത്തു പോയിട്ട് ചെയ്യില്ല. നമ്മൾക്ക് അനുവദനീയമല്ലാത്ത കുറേകാര്യങ്ങൾ ഇവിടെ ദുബൈയിലുണ്ട്. ഒരു നാടിൻരെ നിയമം ലംഘിച്ച് കള്ളത്തരത്തിൽ വിഡിയോ എടുക്കുന്നതു ശരിയല്ല. അതൊക്കെ നോക്കിയിട്ടേ ചെയ്യൂ..
സാധാരണ കൂടെയുണ്ടായിരുന്ന കക്ഷി ദുബൈയിലേക്ക് വന്നിട്ടില്ല. മയിലിനെ ഗ്രിൽ ചെയ്യാനുള്ള പദ്ധതി വേണ്ടെന്നുവയ്ക്കുന്നു. അല്ലെങ്കിൽ അതൊരു പ്രാങ്കാണെന്ന് വെളിപ്പെടുത്തുന്നു. ഇനിയെന്തെങ്കിലും സർപ്രൈസ് ഉണ്ടോ?
സർപ്രൈസ് നോക്കട്ടെ. നല്ല രസകരമായിട്ട് ആളുകളെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന പരിപാടികളാണ് നമ്മൾ പ്ലാൻ ചെയ്‌തോണ്ടിരിക്കുന്നത്. ആളുകളെ തെറ്റിലേക്ക് നയിക്കാനോ ഇത് ചെയ്യാന്‍ വേണ്ടി പ്രോത്സാഹനം കൊടുക്കാനോ അല്ല ചെയ്യുന്നത്. നൂറുശതമാനവും നമ്മൾ ശ്രദ്ധിക്കും. ഒന്നോരണ്ടോ വീഴ്ചകളുണ്ടായാലും വളരെ ശ്രദ്ധയോടെയാണ് നമ്മൾ ചെയ്യുന്നത്. ഓഡിയൻസിനെ ബഹുമാനിച്ചിട്ടുവേണം കാര്യങ്ങൾ ചെയ്യാൻ. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് നമ്മൾ ചെയ്യുന്നത്. ഇതുപോലെ വ്യത്യസ്തമായ എന്തെങ്കിലും കണ്ടെന്റ് കിട്ടിയാൽ ചെയ്യും. നല്ല രീതിയിലുള്ള കണ്ടെന്റുകൾ ചെയ്യാം.
ഫിറോസ് ചുട്ടിപ്പാറ എന്ന വ്‌ളോഗര്‍ കഴിഞ്ഞ കുറേകാലമായി മലയാളികൾക്ക് പരിചയമുള്ള ആളാണ്. ഫുഡല്ലാതെ വെടിക്കെട്ടും മറ്റു പലപല പരീക്ഷണങ്ങളും കാണുകയുമുണ്ടായി യൂടൂബില്‍. യൂടൂബിൽ പുതിയ കണ്ടന്റുമായി വരുമ്പോൾ, പുതിയ ഐഡിയയുമായി വരുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ആലോചിക്കാറുള്ളത്? ആളുകള്‍ ബോറടിക്കാന്‍ പാടില്ല. എല്ലാ ദിവസവും ഒരേമാതിരി കറി വച്ചാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല. പുതിയൊരു കണ്ടന്‍റ് ക്രിയേഷനിലേക്ക് പോകുമ്പോള്‍ എന്തൊക്കെയാണ് ഫിറോസ് ആലോചിക്കാറുള്ളത്.
ഞാൻ മെയിനായിട്ട് വ്യൂവേഴ്‌സിന് എന്താണ് ആവശ്യം, എന്ത് കണ്ടന്റ് കൊടുത്താൽ അവർ കാണും എന്ന് ആദ്യം ചിന്തിക്കും. പിന്നെ നമ്മുടെ സംസാരരീതിയും ശൈലിയും വസ്ത്രവും ഗ്രാമങ്ങളുമൊക്കെയാണ് നമ്മുടെ വിജയം. അതൊക്കെ പ്രധാനമായി ശ്രദ്ധിക്കാറുണ്ട്.
യൂടൂബ് വിഡിയോ ക്രിയേഷനില്ലാത്ത സമയത്ത് എന്താണ് ചെയ്യുക? ഫിറോസിന്റെ ശരിക്കുമുള്ള ജോലിയെന്താണ്?
ഞാനൊരു വെൽഡറാണ്. പക്ഷെ, ഇപ്പോൾ വെൽഡിങ് ജോലിക്ക് പോകാറില്ല. ഒരു വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഈ സാധനങ്ങളൊക്കെ വാങ്ങാനും മറ്റുമായി രണ്ടുമൂന്നു ദിവസം വേണ്ടിവരും. പിന്നെ ഷൂട്ട് ചെയ്യും, എഡിറ്റ് ചെയ്യും. ആഴ്ചയ്ക്ക് ഒന്നോ രണ്ടോ വിഡിയോ മാത്രമേ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യാൻ പറ്റൂ. വേറെ തൊഴിലിനൊന്നും ഇപ്പോൾ പോകുന്നില്ല.
കണ്ടന്റ് ക്രിയേഷനിലേക്ക് കടന്നത് എപ്പോഴാണ്? ഇത്രയധികം ആളുകൾ കാണും, അല്ലെങ്കിൽ ഹിറ്റാകുമെന്നൊന്നും തുടങ്ങുന്ന സമയത്ത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ലല്ലോ? ഇതിങ്ങനെ തുടങ്ങാനും ഇതിന് ഇത്തരം സാധ്യതയൊക്കെയുണ്ടെന്ന് മനസിലാക്കാനും പറ്റിയത് എങ്ങനെയാണ്?
2012ൽ ഒരു പത്രത്തിലെ ആർട്ടിക്കിൾ കണ്ടിട്ടാണ് ഇതിനകത്ത് ഞാന്‍ കയറുന്നത്. അങ്ങനെ ഞാനൊരു ചാനൽ ക്രിയേറ്റ് ചെയ്തു. അതിനകത്ത് ഫേസ്ബുക്കിലെ വിഡിയോ എടുത്ത് യൂടൂബിലിട്ടും അങ്ങനെ പലതും ചെയ്തു. പിന്നീടത് ഉപേക്ഷിച്ചു.
2014ൽ വീണ്ടുമൊരു ചാനൽ തുടങ്ങി. വീണ്ടുമൊരു പരീക്ഷണം നടത്തി. അത് 2014, 15 കാലഘട്ടം കൊണ്ടേ വിജയിക്കാൻ തുടങ്ങി. ഫുഡ് ചെയ്യാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയിട്ടുള്ളൂ. 2017, 18 കാലഘട്ടത്തിലാണ് തുടങ്ങിയത്. ഇതു വൻ വിജയമായി മാറി. കാരണം, മുൻപ് പറഞ്ഞപോലെയുള്ള കുറെ ഘടകങ്ങൾ, സംസാരരീതി, ഗ്രാമങ്ങൾ ഒക്കെയാണ് ഇവിടെ കൊണ്ടെത്തിച്ചത്.
കണ്ടന്റ് ക്രിയേഷൻ തുടങ്ങിയപ്പോഴാണോ പാചകത്തിൽ കാര്യമായി ശ്രദ്ധിച്ചത്? നേരത്തെ മുതൽ നന്നായി പാചകം ചെയ്യുന്നയാളാണോ?
അല്ല, ഞാൻ പാചകത്തോട് വളരെ ഇഷ്ടമുള്ള വ്യക്തിയാണ്. ഞാൻ സൗദി അറേബ്യയിലുണ്ടായിരുന്നതാണ്. അവിടെ നമ്മൾക്കുവേണ്ടി കുക്ക് ചെയ്യുന്ന ഷെഫിന്റെ കൂടെപ്പോയി ഹെൽപ് ചെയ്യാറുണ്ട്. ഫുഡ് ഉണ്ടാക്കുന്നത് ഒരു പാഷനാണ്.
മലയാളികളെ സംബന്ധിച്ചുമാത്രമല്ല, എല്ലാ ജനവിഭാഗങ്ങൾക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണമാണല്ലോ? ഉദരനിമിത്തം ബഹുകൃത വേഷം എന്നാണ് പറയുക. നമ്മളൊക്കെ പണിയെടുക്കുന്നതു തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. ഇത്തരത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമൊക്കെ കാണിക്കുന്നത് വലിയ തോതിൽ സ്വീകരിക്കപ്പെടുമെന്നു മനസില്‍ തോന്നാൻ എന്തെങ്കിലും കാരണമുണ്ടോ?
അതുതോന്നാനുള്ള കാരണം, ഹിന്ദിയിലും തമിഴിലുമൊക്കെ വലിയ ക്വാണ്ടിറ്റിയിൽ കുറേ ആളുകള്‍ കുക്കിങ് സംഭവങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, കേരളത്തിൽ അങ്ങനെ ആരും ചെയ്യുന്നുണ്ടായിരുന്നില്ല. അത് നമ്മുടെ നാട്ടിലേക്കും കൊണ്ടുവന്നാൽ എങ്ങനെയിരിക്കുമെന്ന് മനസിലുണ്ടായിരുന്നു. അങ്ങനെ മനസിലുണ്ടായിരുന്നത് സ്‌ക്രീനിലേക്ക് കാണിച്ചപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതാണ്.
ഒരുപാട് പേര് ഫിറോസിനോട് ചോദിക്കാറുള്ള ചോദ്യം കൂടി ചോദിക്കാം. യൂടൂബിൽനിന്ന് ഒരുമാസം എത്ര വരുമാനം കിട്ടും?
വരുമാനമുണ്ട്. പക്ഷെ, പുറത്തുപറയേണ്ടെന്ന് യൂടൂബിൻരെ ടേംസ് ആൻഡ് പോളിസി ഉള്ളതുകൊണ്ട് ഇപ്പോള്‍ വ്യൂവേഴ്‌സിനെ അറിയിക്കുന്നില്ല.
അല്ല, വ്‌ളോഗിങ് ഒക്കെ ചെയ്യുന്നത് ഗുണകരമാകുമോ ഇല്ലയോ എന്നൊക്കെ അറിയാത്ത ആളുകളെ സംബന്ധിച്ച് ഒരു കൗതുകമായിരിക്കില്ലേ?
തീർച്ചയായും. ഇതൊരു കൗതുകമായിരിക്കും. മറ്റൊരു ജോലിക്കു പോകുമ്പോൾ നമ്മൾക്ക് പത്തായിരമോ ഇരുപതിനായിരമോ കിട്ടുമെന്നു പ്രതീക്ഷിക്കാം. ഇത് അങ്ങനത്തെ ഒരു പ്ലാറ്റ്‌ഫോമല്ല. പത്തായിരം കിട്ടാം. ഇരുപതിനായിരം കിട്ടാം. ഒരു ലക്ഷം കിട്ടാം. നമ്മുടെ എല്ലാ കാര്യങ്ങളും ഒത്തുവരുമ്പോഴാണ് ഇതിനകത്ത് വിജയിക്കുക. വെറും ഒരു കാമറകൊണ്ട് ഷൂട്ട് ചെയ്തതുകൊണ്ട് വിജയിക്കാനാകില്ല.
കഴിവുള്ളവരൊക്കെ ഇതിനകത്ത് വരണമെന്നാണ് എന്റെ ആഗ്രഹം. ആളുകൾ കൂടുന്തോറും നമ്മുടെയും വിഡിയോ കാണാനും ആളുകൾ കൂടും. ഒരാള്‍ പുതിയൊരു യൂടൂബ് ചാനല്‍ തുടങ്ങിയാല്‍ അവരുടെ ഫാമിലി, ബന്ധപ്പെട്ട ആളുകള്‍ ഇതിനകത്ത് കയറിവരും. അവരും നമ്മുടെ വിഡിയോ കാണാനുള്ള സാധ്യത കൂട്ടും. അതിന്റെ ഗുണം നമ്മൾക്കുമുണ്ടാകും.
കണ്ടന്റ് ക്രിയേഷൻ എന്തായാലും ലാഭകരമായ ഏർപ്പാടാണ്?
അതെ, ലാഭകരമാണ്. പക്ഷെ, നമ്മളെ സംബന്ധിച്ച് നമുക്ക് ചെലവുമുണ്ട്. നല്ല എക്‌സ്‌പെൻസ് ചെയ്തിട്ടാണ് ഇതിൽനിന്ന് വരുമാനം ലഭിക്കുന്നത്. നമ്മള്‍ കൂടുതലാണല്ലോ എല്ലാം ചെയ്യുന്നത്. അതുകൊണ്ട് നല്ല ചെലവുമുണ്ട്. കിട്ടുന്നതിന്റെ പകുതിയിൽ കൂടുതൽ ഇതിനകത്ത് ചെലവഴിക്കുന്നുണ്ട്.
ഇതിനുമുൻപ് വിവാദങ്ങളൊന്നും അത്ര കാര്യമായുണ്ടായിരുന്നില്ല. ഒരർത്ഥത്തിൽ വിവാദവും കുറച്ചു വിമർശവുമൊക്കെ വന്നുനിൽക്കുന്ന സമയമാണിത്. എന്താണ് താങ്കളുടെ സബ്‌സ്‌ക്രൈബേഴ്‌സും അല്ലാത്തവരുമായ ജനങ്ങളോട് ഇപ്പോഴത്തെയൊരു സാഹചര്യത്തിൽ പറയാനുള്ളത്?
വിവാദമുണ്ടാകും. പൊതുവെ വിവാദം വരാനുള്ള സാധ്യതയുമുണ്ട്. ഇതുവരെ വിവാദത്തിനായി ഒന്നും കൊടുത്തിട്ടുമില്ല.
പിന്നെ ഒരു വിവാദമുണ്ടാകുമ്പോൾ കൂടുതൽ ആളുകളിലേക്ക് പോകുമെന്നതാണ്, കൂടുതൽ അറിയപ്പെടുമെന്നതാണ് അതിന്‍റെ സത്യം. ഇപ്പോൾ ഉണ്ടായതിൽ സങ്കടമോ ദുഃഖമോ അങ്ങനത്തെ കാര്യങ്ങളോ ഒന്നുമില്ല. കാരണം, ആ വിവാദമുണ്ടായതുകൊണ്ട് നമ്മളെ അറിയാത്ത ആളുകൾകൂടി അറിഞ്ഞുവെന്നതാണ് അതിൽ പറയാനുള്ളത്. അതു നല്ലതു തന്നെയാണ്. വിവാദം വരട്ടെ.
മൊത്തത്തിൽ സംഗതി ലാഭകരമാണ്?
അതെ, വിവാദം ലാഭമാണ്. ഏറ്റവും കൂടുതൽ ലാഭം ചെയ്യുന്നത് വിവാദമാണ്. ഫ്രീ പ്രമോഷനാണല്ലോ ഇത്.
അഭിമുഖത്തിന്‍റെ മുഴുവന്‍ വിഡിയോ കാണാം