മൂന്നാം ടെസ്റ്റിന് വേദിയാവുന്ന റാഞ്ചിയില്‍ ധോണിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; പിച്ചൊരുക്കുന്നതില്‍ ഇടപെട്ടോ?
മത്സരങ്ങള്‍ക്കൊപ്പം പിച്ചും വിവാദ നായകനാകുന്ന സന്ദര്‍ഭത്തിലാണ് ക്യൂറേറ്ററുമായി ധോണി സംസാരിക്കുന്നത്
ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് വേദിയാവുന്ന റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാട്ടുകാരനായ ധോണിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മത്സരങ്ങള്‍ക്കൊപ്പം പിച്ചും വിവാദ നായകനാകുന്ന സന്ദര്‍ഭത്തിലാണ് ക്യൂറേറ്ററുമായി ധോണി സംസാരിക്കുന്നത്. ഇന്നലെയാണ് റാഞ്ചി സ്റ്റേഡിയത്തിലെത്തിയ ധോണി ക്യൂറേറ്ററുമായി സംസാരിച്ചത്. കൊല്‍ക്കത്തയിലെ വിജയ് ഹസാരെ ട്രോഫി മത്സരത്തിന് ശേഷം ബി.സി.സി.ഐയുടെ അവാര്‍ഡ് വാങ്ങാന്‍ ധോണിബംഗളൂരുക്ക് തിരിക്കുമെന്നായിരുന്നു ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനം മാറ്റി ധോണി റാഞ്ചിയിലെത്തിയതാണ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്.
അതേസമയം ധോണി സ്ഥിരം നടത്തുന്ന സന്ദര്‍ശനം മാത്രമാണ് റാഞ്ചിയിലേതെന്നാണ് ക്യൂറേറററായ എസ്.ബി സിങ് വ്യക്തമാക്കുന്നത്. അദ്ദേഹം നാട്ടിലുണ്ടാവുമ്പോള്‍ പരിശീലനത്തിനും മറ്റും ഇവിടെ എത്താറുണ്ടെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ഇപ്പോഴത്തെ സന്ദര്‍ശനത്തിനില്ലെന്നും എസ്.ബി സിങ് പറഞ്ഞു. പിച്ച് ഒരുക്കുന്നതില്‍ ധോണി നിര്‍ദ്ദേശം നല്‍കിയോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ ധോണി ഇടപെടാറില്ലെന്നും സിങ് വ്യക്തമാക്കി. റാഞ്ചി ആദ്യമായാണ് ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. മാര്‍ച്ച് 16നാണ് മത്സരം. ഇന്ത്യ തകര്‍ന്നടിങ്ങ പൂനെ മത്സരത്തിനൊരുക്കിയ പിച്ചിനെച്ചൊല്ലി വിവാദം നിലനിന്നിരുന്നു. മൂന്നു ദിവസം കൊണ്ടാണ് അന്ന് കളി അവസാനിച്ചിരുന്നത്.
നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്(1-1). പൂനെയിലെ മത്സരത്തില്‍ ആസ്ട്രേലിയയും ബംഗളൂരുവില്‍ ഇന്ത്യക്കുമായിരുന്നു വിജയം. അതുകൊണ്ട് തന്നെ റാഞ്ചിയിലെ വിജയികള്‍ക്ക് മുന്നിലെത്താന്‍ കഴിയും.