20 ഗ്രാന്‍ഡ് സ്ലാമുകള്‍, ഇരുപത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

Update: 2018-05-29 15:59 GMT
Editor : Subin
20 ഗ്രാന്‍ഡ് സ്ലാമുകള്‍, ഇരുപത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍
Advertising

പകരംവെക്കാനില്ലാത്ത റോജര്‍ ഫെഡററുടെ ജൈത്രയാത്രയിലെ ചില സുപ്രധാന വിവരങ്ങള്‍  

20 ഗ്രാന്‍ഡ് സ്ലാമുകള്‍, ഇരുപത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍2003ലാണ് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിലൂടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. മാര്‍ക് സിലിക്കിനെ തോല്‍പ്പിച്ച് ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടമായി ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഇക്കുറി നേടുന്നതിനിടെ കടന്നുപോയത് 15 വര്‍ഷങ്ങള്‍. ഇത്രയേറെ നീണ്ടുനിന്ന വിജയകരമായ ഒരു കരിയറുള്ള മറ്റൊരു പുരുഷ ടെന്നീസ് താരം സമകാലിക ടെന്നീസിലില്ല.

പകരംവെക്കാനില്ലാത്ത റോജര്‍ ഫെഡററുടെ ജൈത്രയാത്രയിലെ ചില വിവരങ്ങള്‍
1. ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ ഏറ്റവും ഏകപക്ഷീയമായി ജയിച്ചത് ഇക്കുറി ആസ്‌ത്രേലിയന്‍ ഓപ്പണിലായിരുന്നു! ഫൈനല്‍ വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഫെഡററുടെ മുന്നേറ്റം. നേരത്തെ 2007 ആസ്‌ത്രേലിയന്‍ ഓപണും 2017ലെ വിംബിള്‍ഡണും ഇതേ രീതിയില്‍ ഒരു സെറ്റു പോലും നഷ്ടപ്പെടുത്താതെ ഫെഡറര്‍ ഫൈനലിലെത്തിയിട്ടുണ്ട്.

(ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടവുമായി റോജര്‍ ഫെഡറര്‍)


2. ആറാമത് ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണ് റോജര്‍ ഫെഡറര്‍ നേടിയത്. ആസ്‌ത്രേലിയന്‍ ഓപണ്‍ ആറ് തവണ രണ്ട് താരങ്ങള്‍ മാത്രമാണ് നേടിയിട്ടുള്ളത്. നൊവാക് ജോക്കോവിച്ചും റോയ് എമേഴ്‌സണും.
3. ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇതോടെ ഫെഡറര്‍ക്ക് 96 കിരീടമായി. 100 സിംഗിള്‍സ് കിരീടങ്ങളെന്ന മാജിക് നമ്പറിലേക്കുള്ള പ്രയാണത്തിലാണ് 36കാരനായ ഫെഡറര്‍
4. ചെറുപ്പക്കാരുടെ കളിയായി അറിയപ്പെടുന്ന ടെന്നീസില്‍ പ്രായം തളര്‍ത്താത്ത പോരാളിയാണ് ഫെഡറര്‍. 30 കഴിഞ്ഞിട്ടും നാലോ അതിലധികമോ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയിട്ടുള്ള മൂന്ന് താരങ്ങളിലൊരാളായി ഫെഡറര്‍ മാറി. കെന്‍ റോസ് വാളും റോഡ് ലാവറുമാണ് ഈ റെക്കോഡ് ബുക്കില്‍ ഫെഡറര്‍ക്കൊപ്പമുള്ളത്.
5. കരിയറില്‍ ഇതുവരെ 1139 മത്സരങ്ങളില്‍ വിജയിച്ച ഫെഡറര്‍ തോറ്റത് 250 കളികളില്‍ മാത്രം.
6. ഇതുവരെ 30 ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ റോജര്‍ ഫെഡറര്‍ കളിച്ചു. ഏറെ പ്രിയപ്പെട്ട വിംബിള്‍ഡണിലായിരുന്നു ഏറ്റവും കൂടുതല്‍ ഫൈനലുകള്‍- 11എണ്ണം.
7. ആദ്യം കളിച്ച ഏഴ് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലും വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു. 2006ലെ ഫ്രഞ്ച് ഓപണില്‍ റാഫേല്‍ നദാലാണ് ഫെഡററുടെ ജൈത്രയാത്ര അവസാനിപ്പിച്ചത്. ഫെഡററുടെ എക്കാലത്തേയും മികച്ച എതിരാളിയായി ഇതിനു പിന്നാലെ നദാല്‍ മാറുകയും ചെയ്തു.

Full View


8. ഫെഡറര്‍ തുടര്‍ച്ചയായി ജയിച്ചതിന്റെ പേരില്‍ അറിയപ്പെട്ട ചില ടൂര്‍ണമെന്റുകള്‍ പോലുമുണ്ട്. ജര്‍മ്മനിയിലെ ഹാലെ ഓപണ്‍ ഒമ്പത് തവണയാണ് ഫെഡറര്‍ നേടിയത്. 2012ല്‍ പ്രധാന മൈതാനത്തോട് ചേര്‍ന്നുള്ള ഒരു റോഡിന് റോജര്‍ ഫെഡറര്‍ അല്ലേ എന്ന് പേരിട്ടാണ് ഇവര്‍ ഫെഡററോടുള്ള ബഹുമാനം പ്രകടിപ്പിച്ചത്.
9. ഗ്രാന്‍ഡ്സ്ലാമുകളില്‍ 332 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 52 തവണ മാത്രമാണ് ഫെഡറര്‍ തോല്‍വി രുചിച്ചത്. ഏറ്റവും മികച്ച പ്രകടനം വിംബിള്‍ഡണിലെ പുല്‍ മൈതാനത്ത് തന്നെ. വിംബിള്‍ഡണില്‍ 90 ശതമാനത്തിലേറെയാണ് ഫെഡ് എക്‌സ്പ്രസിന്റെ വിജയനിരക്ക്.
10. കരിയറില്‍ ഇന്നുവരെ 302 ആഴ്ച്ച ലോക ഒന്നാം റാങ്ക് ഫെഡറര്‍ അലങ്കരിച്ചു. ഇതില്‍ 237 ആഴ്ച്ച തുടര്‍ച്ചയായിരുന്നു. 2004 ഫെബ്രുവരി രണ്ട് മുതല്‍ 2008 ആഗസ്ത് 17 വരെയായിരുന്നു ഈ പ്രതാപകാലം. ഒന്നാം റാങ്കില്‍ മറ്റൊരു താരത്തിനും ഇത്രയേറെ കാലം തുടര്‍ച്ചയായി തുടരാനായിട്ടില്ല.
11. 2008ല്‍ ഒന്നാം റാങ്കില്‍ നിന്നും താഴെ പോയെങ്കിലും രണ്ട് തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഫെഡറര്‍ക്കായി. 2009ലും 2012ലുമായിരുന്നു ഫെഡററുടെ ഒന്നാം റാങ്കിലേക്കുള്ള തിരിച്ചുവരവ്. ഇപ്പോള്‍ രണ്ടാം റാങ്കിലുള്ള ഫെഡറര്‍ക്ക് ഒന്നാം റാങ്കിലെത്താനുള്ള സാധ്യതകളും സജീവമാണ്.
12. തുടര്‍ച്ചയായി അഞ്ച് വര്‍ഷം രണ്ട് ഗ്രാന്‍ഡ് സ്ലാമുകളില്‍ ഫെഡറര്‍ കിരീടം കുത്തകയാക്കിവെച്ചു. വിംബിള്‍ഡണിലും(2003-2007) യുഎസ് ഓപണിലുമായിരുന്നു(2004-2008) ഫെഡററുടെ ഈ അതിശയ പ്രകടനങ്ങള്‍.
13. 2004 മുതല്‍ 2013 വരെ ഫെഡറര്‍ തുടര്‍ച്ചയായി 36 ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടറില്‍ ഫെഡററെത്തി. ഇതേ കാലത്ത് 23 തുടര്‍ച്ചയായ സെമി ഫൈനലുകളിലും 10 ഫൈനലുകളിലും ഫെഡറര്‍ കളിച്ചു!

Full View


14 മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കില്‍ തുടര്‍ന്നതിന്റെ റെക്കോഡും ഫെഡറര്‍ക്ക് സ്വന്തം.
15. സിംഗിള്‍സില്‍ മാത്രമല്ല ഡബിള്‍സിലും പ്രതിഭ തെളിയിക്കാന്‍ ഫെഡറര്‍ക്കായിട്ടുണ്ട്. ഇതുവരെ എട്ട് ഡബിള്‍സ് കിരീടങ്ങള്‍ റോജര്‍ ഫെഡറര്‍ നേടിയിട്ടുണ്ട്. 2008 ഒളിംപിക്‌സില്‍ വാവ്‌രിങ്കക്കൊപ്പം ചേര്‍ന്ന് പുരുഷ ഡബിള്‍സില്‍ സ്വര്‍ണ്ണം നേടി.
16. മൂന്നുവര്‍ഷങ്ങളില്‍(2006, 07, 09) നാല് ഗ്രാന്‍ഡ് സ്ലാമുകളുടേയും ഫൈനലില്‍ ഫെഡററെത്തിയിരുന്നു!
17. 2003 മുതല്‍ 2005വരെയുള്ള കാലത്താണ് പുരുഷ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ ഉദിച്ചുയര്‍ന്നത്. അന്ന് നിലവിലെ ആദ്യ പത്തു റാങ്കിലുണ്ടായിരുന്ന എല്ലാ താരങ്ങളേയും ഫെഡറര്‍ തോല്‍പ്പിച്ചു. 26 തുടര്‍വിജയങ്ങളാണ് മുതിര്‍ന്ന് താരങ്ങള്‍ക്കെതിരെ ഫെഡറര്‍ നേടിയത്.
18. കളി തുടങ്ങിയാല്‍ തീരാതെ അവസാനിപ്പിക്കുന്ന പ്രകൃതം ഫെഡറര്‍ക്കില്ല. ഇതുവരെ ഒരു കളിപോലും പരിക്കുമൂലം ഫെഡറര്‍ പിന്‍വാങ്ങിയിട്ടില്ല!
19. തിരിച്ചുവരവിന്റെ ആശാനാണ് ഫെഡറര്‍. മുട്ടിനുണ്ടായ പരിക്കിനെ തുടര്‍ന്നുണ്ടായ ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു ടെന്നീസിലേക്ക് ഫെഡറര്‍ തിരിച്ചെത്തിയത്. പിന്നീട് കളിച്ച അഞ്ച് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നും നേടാന്‍ ഫെഡറര്‍ക്കായി.
20. 2003 മുതല്‍ ഇന്നുവരെ ആദ്യ നാല് റാങ്കിനുള്ളില്‍ 688 ആഴ്ച്ച ഫെഡററുണ്ടായിരുന്നു. ഇതില്‍ ആദ്യ മൂന്ന് സ്ഥാനത്ത് 655 ആഴ്ച്ചയും ആദ്യ രണ്ടില്‍ 491 ആഴ്ചയും ഫെഡറര്‍ ഉണ്ടായിരുന്നു.

Writer - Subin

contributor

Editor - Subin

contributor

Similar News