ഫൈനലിനൊടുവില്‍ ഹാലെപ് ആശുപത്രിയില്‍; ആസ്‌ത്രേലിയന്‍ ഓപണില്‍ മേല്‍ക്കൂര വിവാദം

Update: 2018-06-03 18:15 GMT
Editor : Subin
ഫൈനലിനൊടുവില്‍ ഹാലെപ് ആശുപത്രിയില്‍; ആസ്‌ത്രേലിയന്‍ ഓപണില്‍ മേല്‍ക്കൂര വിവാദം
Advertising

പുരുഷഫൈനല്‍ മത്സരം ഇതോടെ മേല്‍ക്കൂര അടച്ചിട്ട് നടത്താന്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. 

ആസ്‌ത്രേലിയന്‍ ഓപണ്‍ വനിതാ ഫൈനലില്‍ കരോലിന്‍ വൊസ്‌നിയാക്കിയോട് പൊരുതി തോറ്റ സിമോണ ഹാലെപ്പിനെ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. നാല് മണിക്കൂര്‍ ആശുപത്രിയില്‍ ചിലവിട്ടശേഷമാണ് അവര്‍ സാധാരണനിലയിലെത്തിയത്. ചൂടും നിര്‍ജ്ജലീകരണവുമാണ് ഹാലെപ്പിനെ തളര്‍ത്തിയത്. പുരുഷഫൈനല്‍ മത്സരം ഇതോടെ മേല്‍ക്കൂര അടച്ചിട്ട് നടത്താന്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

ഫൈനലില്‍ ജയിച്ചത് വൊസ്‌നിയാക്കിയാണെങ്കിലും കാണികളുടെ മനം കവര്‍ന്നാണ് ഹാലെപ് റോഡ് ലാവെര്‍ അരീന വിട്ടത്. വൊസ്‌നിയാക്കിയുടേയും ഹാലെപിന്റേയും കരിയറിലെ മൂന്നാമത് ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു മെല്‍ബണില്‍ നടന്നത്. ആദ്യ രണ്ട് ഫൈനലുകളിലും ഇരുവര്‍ക്കും തോല്‍വിയായിരുന്നു ഫലം. മൂന്നാം ഫൈനലില്‍ വൊസ്‌നിയാക്കി കിരീടം നേടിയപ്പോള്‍ പൊരുതി തോല്‍ക്കാനായിരുന്നു സിമോണ ഹാലെപിന്റെ വിധി.

Full View

മൂന്നു ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ തോല്‍ക്കുകയെന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണെന്നാണ് ടെന്നീസിലെ ഇതിഹാസ താരം മാര്‍ട്ടീന നവരത്തിലോവ ഹാലെപിന്റെ തോല്‍വിയോട് പ്രതികരിച്ചത്. എന്നാല്‍ ഈ തിരിച്ചടികളെ മറികടന്ന് ഗ്രാന്‍ഡ്സ്ലാം കിരീടം റൊമാനിയക്കാരി ഹാലെപ് നേടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും നവരത്തിലോവ പറഞ്ഞിരുന്നു.

ചടുലനീക്കങ്ങള്‍കൊണ്ട് കളം നിറഞ്ഞ് കളിച്ച വൊസ്‌നിയാക്കിയോട് (6-7, 6-3, 4-6)നായിരുന്നു ഹാലെപ് തോറ്റത്. 38 ഡിഗ്രിയിലെത്തിയ അന്തരീക്ഷ ഊഷ്മാവും വൊസ്‌നിയാക്കിയോളം പോന്ന എതിരാളിയായിരുന്നു ഹാലെപ്പിന്. മത്സരത്തിനൊടുവില്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ഹാലെപിന് ആശുപത്രിയിലെത്തി വൈദ്യസഹായം തേടേണ്ടി വന്നു. ഇതോടെയാണ് ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ ഫൈനലിന് കൂടുതല്‍ മുന്‍കരുതലുകളെടുക്കണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍ ഈ നീക്കത്തിന് ടെന്നീസിലെ പാരമ്പര്യവാദികളുടെ പിന്തുണയില്ല.

ഓപണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ് സ്ലാമാണ് ആസ്‌ത്രേലിയന്‍ ഓപണ്‍. ഈ സാമ്പ്രദായിക രീതിയെ തന്നെ മറികടക്കുന്ന തീരുമാനമായാണ് ഒരു വിഭാഗം സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര മൂടാനുള്ള നീക്കത്തെ കാണുന്നത്. ഇക്കുറി ആസ്‌ത്രേലിയന്‍ ഓപണിന്റെ തുടക്കം മുതല്‍ വര്‍ധിച്ചുവരുന്ന ചൂട് വിഷയമായി ഉയര്‍ന്നിരുന്നു. മത്സരശേഷം നടക്കുന്ന അഭിമുഖത്തില്‍ റോജര്‍ ഫെഡറര്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അവസരം ലഭിച്ചപ്പോള്‍ തന്റെ മത്സരം വൈകുന്നേരങ്ങളിലാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ഫെഡറര്‍ തന്നെ സമ്മതിച്ചിരുന്നു.

Writer - Subin

contributor

Editor - Subin

contributor

Similar News