ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; കളിയുപേക്ഷിച്ചിട്ടും ഇന്ത്യക്ക് സ്വർണം
മഴയെത്തുടര്‍ന്നാണ് കളി ഉപേക്ഷിച്ചത്
ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. കലാശപ്പോര് മഴ മൂലം ഉപേക്ഷിച്ചതോടെ ഉയർന്ന സീഡിങ് ഉള്ള ഇന്ത്യക്ക് സ്വർണം ലഭിക്കുകയായിരുന്നു. കളിയിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്താനെ ബാറ്റിങ്ങിന് അയച്ചു. 18.2 ഓവറിൽ അഫ്ഗാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുത്ത് നിൽക്കേയാണ് രസംകൊല്ലിയായി മഴയെത്തിയത്.
പിന്നീട് മഴ കനത്തതോടെ കളി ഉപേക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇതോടെ സീഡിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വർണം ലഭിച്ചു. 49 റൺസെടുത്ത ഷഹീദുല്ലാഹ് കമാലിന്റേയും 27 റൺസെടുത്ത ഗുലാബ്ദിൻ നായിബിന്റേയും മികവിലാണ് അഫ്ഗാൻ സ്‌കോർ 100 കടത്തിയത്. ഇന്ത്യക്കായി അർഷദീപ് സിങ്, ഷഹബാസ് അഹ്മദ്, ശിവം ദുബേ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യമായി ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനിറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് ഗെയിംസില്‍ ഉടനീളം പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ നേപ്പാളിനേയും സെമിയില്‍ ബംഗ്ലാദേശിനേയും തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഒടുക്കം സ്വര്‍ണവുമണിഞ്ഞാണ് മടങ്ങുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 27 ാമത് സ്വര്‍ണമാണിത്. 101 ാ മത് മെഡലും. ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്ന സമയത്ത് തന്നെ ലോകകപ്പ് അരങ്ങേറുന്നതിനാല്‍ യുവനിരയെയാണ് ഇന്ത്യ ചൈനയിലേക്കയച്ചത്. ഋതുരാജ് ഗെയിക് വാദിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം രാജ്യത്തേക്ക് അഭിമാന സ്വര്‍ണമെത്തിക്കുകയും ചെയ്തു.