അഫ്ഗാനിസ്താനെതിരായ പരമ്പര തൂത്തുവാരി; ഐ.സി.സി ഏകദിന റാങ്കിങിൽ പാകിസ്താൻ ഒന്നാമത്
അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് പാകിസ്താന്റെ നേട്ടം.
ലാഹോർ: ഏഷ്യാകപ്പ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനും മുന്നോടിയായി ഏകദിന റാങ്കിങിൽ മാറ്റം. പുതുക്കിയ റാങ്കിങിൽ പാകിസ്താൻ ഒന്നാം സ്ഥാനത്ത് എത്തി. അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് പാകിസ്താന്റെ നേട്ടം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ തൂത്തുവാരുകയായിരുന്നു. പാകിസ്താൻ എത്തുന്നതിന് മുമ്പ് ആസ്‌ട്രേലിയയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തായിരുന്നു പാകിസ്താൻ. എന്നാൽ അഫ്ഗാനിസ്താനെതിരായ പരമ്പര ജയം ടീമിന്റെ പോയിന്റ് ഉയർത്തുകയായിരുന്നു. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പര വിജയിച്ചിരുന്നുവെങ്കിലും പോയിന്റ് നിലയില്‍ കാര്യമായ മാറ്റം ഉണ്ടായില്ല.
118 ആണ് ഒന്നാം സ്ഥാനത്തുള്ള പാകിസ്താന്റെ റേറ്റിങ്. രണ്ടാം സ്ഥാനത്തുള്ള ആസ്‌ട്രേലിയക്കും 118 ആണ് റേറ്റിങ് എങ്കിലും പോയിന്റ് പാകിസ്താനെക്കാൾ അൽപ്പം കുറവാണ്. ഇന്ത്യയുടെ റേറ്റിങ് 113 ആണ്. ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. അഫ്ഗാനിസ്താനെതിരായ മൂന്നാം ഏകദിനത്തിൽ 59 റൺസിനായിരുന്നു പാകിസ്താന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 268 റൺസ്.
നായകൻ ബാബർ അസം(60) വിക്കറ്റ്കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ(67) എന്നിവരുടെ ബാറ്റിങാണ് പാകിസ്താന് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്. എന്നാൽ മറുപടി ബാറ്റിങിൽ അഫ്ഗാനിസ്താന് 209 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 48.4 ഓവറിനുള്ളിൽ എല്ലാവരും കൂടാരം കയറി. മുജീബുർ റഹ്‌മാൻ(64) ആണ് ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാനാണ് അഫ്ഗാനിസ്താനെ തള്ളിയിട്ടത്.