ട്വന്റി 20 ലോകകപ്പിൽ സഞ്ജു സാംസൺ കളിക്കുമോ;ഐപിഎലിനിടെ ടീം പ്രഖ്യാപനം, സാധ്യതകൾ ഇങ്ങനെ
രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരത്തിന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരവും നിർണായകമാണ്.
മുംബൈ: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കുമോ. ഐപിഎൽ മത്സരങ്ങൾക്കിടെ ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവിന്റെ സാധ്യതകൾ ഏറെയാണ്.രോഹിത് ശർമ്മയെ നേരത്തെ തന്നെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയാകും വൈസ് ക്യാപ്റ്റൻ. മെയ് ഒന്നിന് സ്‌ക്വാർഡ് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
സമീപകാലത്തായി ട്വന്റി 20 ടീമിലേക്ക് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നുണ്ട്. അതിനാൽ ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്താനുള്ള സാഹചര്യമാണുള്ളത്. ഇഷാൻ കിഷനുമായി ബിസിസിഐ ബന്ധം വഷളായതും കാര്യങ്ങൾ എളുപ്പമാക്കും. ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയപ്പോൾ, സി ഗ്രേഡിൽ സഞ്ജു സാംസൺ ഇടം പിടിച്ചിരുന്നു. കെഎൽ രാഹുൽ ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തിയാലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി മറ്റൊരു താരത്തെ കൂടി ഉൾപ്പെടുത്തും. ജിതേഷ് ശർമ്മ, ധ്രുവ് ജുറേൽ ഉൾപ്പെടെയുള്ള യുവ താരങ്ങളുണ്ടെങ്കിലും സഞ്ജുവിന്റെ പരിചയ സമ്പത്ത് സെലക്ഷൻ കമ്മിറ്റിക്ക് അവഗണിക്കാനാവില്ല.
ഇതോടൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ വരവാണ് പ്രതീക്ഷയോടെ കാണുന്ന മറ്റൊരു തീരുമാനം. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായ പന്തിന്റെ ഭാവി ഐപിഎലിലെ പ്രകടന മികവിന്റെ അടിസ്ഥാനമാക്കിയാകും. വാഹനാപകടത്തെ തുടർന്നുള്ള പരിക്ക് കാരണം ദീർഘകാലമായി 26 കാരൻ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയാണ്. സമീപകാലത്തായി പരിശീലനത്തിനിറങ്ങിയ താരം, ഐപിഎലിൽ പങ്കെടുക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർലീഗ് മത്സരവും നിർണായകമാണ്. ഐപിഎൽ പകുതിയോടെയാകും ടീം പ്രഖ്യാപനം. അതിനാൽ ഫ്രാഞ്ചൈസി ലീഗിലെ മികവും ടീം സെലക്ഷനിൽ നിർണായകമാകും. രോഹിത്തിനൊപ്പം സീനിയർ താരം വിരാട് കോലിയും ട്വന്റി 20 ടീമിൽ ഇടംപിടിച്ചേക്കും. ഇപ്പോൾ വിദേശത്തുള്ള കോഹ്‌ലി ഐപിഎലിന് മുൻപായി ഇന്ത്യയിൽ മടങ്ങിയെത്തിയേക്കും. പരിക്കേറ്റ മുഹമ്മദ് ഷമി ലോകകപ്പ് സെലക്ഷനുണ്ടാകുമോ എന്നത് വ്യക്തമല്ല. ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരും ടീമിൽ ഉറപ്പാണ്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ട്വൻറി 20 ലോകകപ്പ് നടക്കുക.