'താരലേലത്തിൽ ഷമിയുടെ വില ഇടിയുമെന്ന് മഞ്ചരേക്കറുടെ പ്രവചനം'; വായടപ്പൻ മറുപടിയുമായി താരം
ഒരു വർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഷമി രഞ്ജി ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയിരുന്നു
കൊൽക്കത്ത: ഐപിഎൽ താരലേലത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ആകാംക്ഷയിലാണ് ആരാധകർ. താരലേലത്തെ കുറിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കറിന്റെ പരാമർശവും അതിന് മുഹമ്മദ് ഷമി നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയായത്. താരലേലത്തിൽ ഷമിയുടെ വില ഇടിയുമെന്നാണ് മഞ്ചറേക്കർ പ്രവചിച്ചത്. ഇന്ത്യൻ താരം ഷമിയേക്കാൾ വിലമതിക്കുന്ന താരമാകാൻ അർഷ്ദീപ് സിങിന് സാധിക്കുമെന്നും പരിക്ക് മൂലം ഷമിയുടെ മൂല്യം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷമിയെ ടീമിലെത്തിക്കാൻ ഫ്രാഞ്ചൈസികൾ ശ്രമിക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ലോകകപ്പിനിടയിലുണ്ടായ പരിക്കിൽ നിന്ന് മോചിതനാകാൻ തന്നെ ഷമി ഏറെ സമയമെടുത്തുവെന്നും മഞ്ജരേക്കർ ചർച്ചക്കിടെ ചൂണ്ടിക്കാട്ടി.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ മഞ്ചരേക്കർക്കെതിരെ രൂക്ഷ പ്രതികരണവുമായി ഷമി തന്നെ രംഗത്തെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ... ''നമസ്‌കാരം ബാബ, കുറച്ചൊക്കെ അറിവ് നിങ്ങളുടെ ഭാവിയിലേക്കും മാറ്റിവെക്കൂ. സഞ്ജയ് ജീക്ക് അത് എപ്പോഴെങ്കിലും ഉപകാരപ്പെടും. ആർക്കെങ്കിലും സ്വന്തം ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ സമീപിക്കുക'' ഷമി പരിഹസിച്ചു.
ഒരുവർഷത്തോളം നീണ്ട പരിക്കിനും വിശ്രമത്തിനും ശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങിയെത്തിയ ഷമി രഞ്ജി ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ഷമി 2023ൽ പർപ്പിൾ ക്യാപ് ജേതാവായിരുന്നു