'മൂന്നാം നമ്പറിൽ ബാറ്റുചെയ്യാനാണ് ഇഷ്ടം, പക്ഷേ.. കാര്യങ്ങൾ അത്ര എളുപ്പമല്ല' - ശ്രേയസ് അയ്യർ
പരമ്പരയിലെ മൂന്ന് മത്സരത്തിലും അർധ സെഞ്ച്വറി നേടി മൂന്ന് തവണയും നോട്ടൗട്ടായി ശ്രേയസ് ഉജ്ജ്വലമായി ബാറ്റ് വീശി അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു
ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരിയതിൽ നിർണായക സാന്നിധ്യമായിരുന്നു ശ്രേയസ് അയ്യരുടേത്.പരമ്പരയിലെ ഇന്ത്യൻ ടീമിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പരിഗണിച്ചിരുന്നില്ല. താരത്തിന് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. പകരം മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത് ശ്രേയസ് അയ്യരെയായിരുന്നു.
പരമ്പരയിലെ മൂന്ന് മത്സരത്തിലും അർധ സെഞ്ച്വറി നേടി മൂന്ന് തവണയും നോട്ടൗട്ടായി ശ്രേയസ് ഉജ്ജ്വലമായി ബാറ്റ് വീശി അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശ്രേയസ്.
'നിലവിലെ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കാൻ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. അതിനാൽ തന്നെ കിട്ടുന്ന അവസരങ്ങൾ സമർഥമായി ഉപയോഗിക്കുകയും ആസ്വദിച്ച് കളിക്കലുമാണ് ലക്ഷ്യമിടുന്നത്.'
'എനിക്ക് മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ഇഷ്ടമാണ്. പിച്ചിലേക്ക് പോകുമ്പോഴെല്ലാം അതെന്റെ ഉള്ളിലുണ്ടാകും. അതിനാൽ തന്നെ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന ഒരു തെരഞ്ഞെടുപ്പ് വന്നാൽ തീർച്ചയായും ഞാൻ മൂന്നാം സ്ഥാനമായിരിക്കും പറയുക. ഈ ഫോർമാറ്റിൽ, നിങ്ങളുടെ ഇന്നിങ്സ് ഏറ്റവും വേഗത്തിലാക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ടോപ്പ് ത്രീ.'
'പക്ഷേ ഇപ്പോൾ ടീമിലെ എന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ചിന്തിക്കുന്നില്ല. ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ഫോം നിലനിർത്തുകയാണ് മുന്നിലുള്ളത്.'ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ സ്ഥാനം ഉറപ്പിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. 'അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ കാര്യമില്ല. സ്ഥാനം ഉറപ്പുണ്ടോ എന്ന് പറയാൻ കഴിയില്ല കാരണം ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ടീമിൽ മത്സരം വളരെ കൂടുതലാണ്.' ശ്രേയസ് വ്യക്തമാക്കി.