വനിതാ നീന്തൽ വിഭാഗത്തിൽ ഇനി ട്രാൻസ്‌ജെൻഡറുകൾക്ക് മത്സരിക്കാനാകില്ല; പുതിയ നിയമവുമായി ഫിന

പുതിയ നിയമം വന്നതോടെ ഒളിംപിക്‌സിനൊരുങ്ങുന്ന യു.എസ് ട്രാൻസ്‌ നീന്തൽ താരം ലിയ തോമസിന് വനിതാ വിഭാഗത്തിൽ മത്സരിക്കാനാകില്ല

Update: 2022-06-20 16:27 GMT
Editor : Shaheer | By : Web Desk
Advertising

ബുഡാപെസ്റ്റ്: ട്രാൻസ്‌ജെൻഡറുകൾ വനിതകളുടെ വിഭാഗത്തിൽ മത്സരിക്കുന്നതു തടഞ്ഞ് രാജ്യാന്തര നീന്തൽ സമിതി ഫിന. വനിതകളുടെ എലീറ്റ് വിഭാഗത്തിൽ ട്രാൻസ്‌ജെൻഡറുകൾ മത്സരിക്കുന്നത് തടഞ്ഞാണ് ഫിന പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. പകരം ഇവർക്കായി ഓപൺ കാറ്റഗറി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ട്രാൻസ്‌ജെൻഡറുകൾക്ക് വനിതകളെക്കാൾ കായികക്ഷമതയുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ബുഡാപെസ്റ്റിൽ നടന്ന ഫിനയുടെ അസാധാരണ യോഗത്തിൽ ആകെ 152 അംഗങ്ങളിൽ 71 ശതമാനവും പുതിയ നിയമഭേദഗതിയെ പിന്തുണച്ചു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് കൂടുതൽ അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഫിന വിശദീകരിച്ചിരിക്കുന്നത്.

എല്ലാ അത്‌ലറ്റുകളെയും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് നിയമഭേദഗതിക്കു പിന്നാലെ ഫിന അധ്യക്ഷൻ ഹുസൈൻ അൽ മുസല്ലം പ്രതികരിച്ചു. പുതിയ ഓപൺ കാറ്റഗറി സൃഷ്ടിക്കുന്നത് എല്ലാവർക്കും എലീറ്റ് വിഭാഗത്തിൽ മത്സരിക്കാൻ അവസരം നൽകാനാണ്. മത്സരിക്കാനുള്ള താരങ്ങളുടെ അവകാശത്തിനൊപ്പം മത്സരക്ഷമതയിലെ ന്യായം കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമം വന്നതോടെ ഒളിംപിക്‌സിനൊരുങ്ങുന്ന യു.എസ് ട്രാൻസ്‌ നീന്തൽ താരം ലിയ തോമസിന് വനിതാ വിഭാഗത്തിൽ മത്സരിക്കാനാകില്ല. അതേസമയം, പുതിയ നയം നടപ്പാക്കാൻ കൂടുതൽ സമയം എടുക്കുമെന്നാണ് ബ്രിട്ടീഷ് നീന്തൽ സമിതി പ്രതികരിച്ചിരിക്കുന്നത്.

Summary: Fina bars transgender swimmers from women's elite events

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News