ബ്ലാസ്റ്റേഴ്‌സിന്റേത് ഐതിഹാസിക തിരിച്ചുവരവ്: ഗോവക്കെതിരെ കൊച്ചിയിൽ നിന്നും നേടിയ റെക്കോർഡുകൾ...

കൊച്ചിയിലെ ഈ തട്ടുതകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോർഡുകളാണ് കൊമ്പന്മാർ പോക്കറ്റിലാക്കിയത്.

Update: 2024-02-26 15:01 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഗംഭീര തിരിച്ചുവരവുകളിലൊന്നായിരുന്നു എഫ്.സി ഗോവയ്‌ക്കെതിരായ മത്സരം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ച് എതിരാളികളെ മൂലക്കിരുത്തിയ ഈ പ്രകടനത്തിന് മാർക്ക് ഏറെയാണ്.

കൊച്ചിയിലെ ഈ തട്ടുതകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോർഡുകളാണ് കൊമ്പന്മാർ പോക്കറ്റിലാക്കിയത്. എതിരാളികള്‍ മറക്കാനാഗ്രഹിക്കുന്ന കണക്കുകള്‍ കൊടുക്കാനും അവര്‍ക്കായി. 

ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യമായാണ് കേരളബ്ലാസ്റ്റേഴ്‌സ് രണ്ടോ അതിലധികമോ ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഒരു മത്സരം ജയിക്കുന്നത്. നേരത്തെ 32 തവണ ഇങ്ങനെ പിന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടേയുള്ളൂ. അഞ്ച് മത്സരങ്ങളിൽ സമനില പിടിക്കാനായത് മാത്രമാണ് ആശ്വാസം. 

ഐ.എസ്.എല്ലിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഒരു പകുതിയിൽ നാല് ഗോളുകൾ നേടുന്നത്. 2014ൽ ഐ.എസ്.എൽ തുടങ്ങി പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു നേട്ടം മഞ്ഞപ്പട സ്വന്തമാക്കുന്നത്. മാത്രമല്ല അഞ്ചാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നിലേറെ ഗോളുകൾ ഒരു മത്സരത്തിൽ നേടുന്നതും. 

അതേസമയം ഒരിക്കലും കരുതാത്തൊരു തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്നും എഫ്.സി ഗോവ നേരിട്ടത്. രണ്ട് ഗോളുകളുടെ ലീഡ് നേടിയതിന് ശേഷം ഗോവയുടെ ചരിത്രത്തിൽ അവർ തോറ്റിരുന്നില്ല. 55 മത്സരങ്ങളിൽ ഇങ്ങനെയൊരു പെരുമയുമായാണ് ഗോവ കളി അവസാനിപ്പിച്ചിരുന്നത്. എന്നാൽ ഇവാന്റെ കുട്ടികൾ ഈ നേട്ടം, തീർത്ത് കയ്യിൽകൊടുത്തു.

മാത്രമല്ല ഒരു പകുതിയിൽ മൂന്നിലേറെ ഗോളുകൾ രണ്ട് തവണയെ ഗോഴ വഴങ്ങിയിരുന്നുള്ള. ബ്ലാസ്റ്റേഴ്‌സ് അത് മൂന്നാക്കിക്കൊടുത്തു.

ഗോവയുടെ പരിശീലകൻ മനോലോ മാർക്വേസിനും വൻ അടിയാണ് ബ്ലാസ്‌റ്റേഴ്‌സ് നൽകിയത്. ഇതുവരെ അദ്ദേഹം പരിശീലിപ്പിച്ച ഒരു ക്ലബ്ബിനും നാല് ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടില്ലായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് അതും കയ്യില്‍കൊടുത്തു. 

ദിമിത്രിയോസ് ഡയമന്റകോസിനും എഫ്.സി ഗോവയ്‌ക്കെതിരായ മത്സരം പ്രത്യേകത നിറഞ്ഞതായി. രണ്ട് ഗോളും ഒരു അസിസ്റ്റുമുൾപ്പെടെ, ഗോൾ കോൺട്രിബ്യൂഷനിൽ നേട്ടമുണ്ടാക്കി എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മൂന്നോ അതിലധികമോ ഗോളുകളിൽ പങ്കാളിയാകുന്ന താരങ്ങളുടെ പട്ടികയിലെത്താനും താരത്തിനായി. നേരത്തെ ഇയാൻ ഹ്യും, ഒഗ്ബച്ചെ എന്നിവരെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.  

ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെ കളിച്ചാണ് ഗോവയ്ക്കെതിരെ ആവേശ ജയം നേടിയത്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക്‌ ശേഷം നേടിയ ഈ വിജയം ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായകമാകുന്നതാണ്. 2024 കലണ്ടർ വർഷത്തിൽ ഐ എസ്‌ എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യ ജയം കൂടിയാണ് എഫ് സി ഗോവയ്ക്ക് എതിരായത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറാനും മഞ്ഞപ്പടയ്ക്ക് സാധിച്ചു. 

മാർച്ച് രണ്ടിന് ബംഗളൂരു എഫ്.സിക്കെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. മഞ്ഞപ്പടയ്ക്ക് ഇത് എവെ മത്സരമാണ്. എട്ടാം സ്ഥാനത്താണ് ഛേത്രിയുടെ ബംഗളൂരു. നിലവിൽ 32 പോയിന്റുമായി ഒഡീഷ എഫ്.സിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News