ജോട്ടയും ന്യൂനസും തിളങ്ങി; തകർപ്പൻ ജയവുമായി ലിവർപൂൾ തലപ്പത്ത്

ഡാർവിൻ ന്യൂനസും ഡീഗോ ജോട്ടയും സന്ദർശകർക്കായി രണ്ട് ഗോൾ നേടി.

Update: 2024-01-22 06:13 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻജയവുമായി ലിവർപൂൾ കുതിപ്പ് തുടരുന്നു. ബേൺമൗത്തിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ചെമ്പട പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ഡാർവിൻ ന്യൂനസും ഡീഗോ ജോട്ടയും സന്ദർശകർക്കായി രണ്ട് ഗോൾ നേടി. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബേൺമൗത്തിന് രണ്ടാം പകുതിയിൽ ഇതാവർത്തിക്കാനായില്ല. ആഫ്രിക്കൻ നേഷൺസ് കപ്പിൽ പങ്കെടുക്കുന്നതിനാൽ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെയാണ് മുൻ ചാമ്പ്യൻമാർ ഇറങ്ങിയത്.

കളിയുടെ തുടക്കം മുതൽ നിയന്ത്രണം ഏറ്റെടുത്ത ബേൺമുത്ത് ആദ്യ പത്ത് മിനിറ്റിനുള്ളിൽ ലിവർപൂളിനെതിരെ വിറപ്പിച്ചു. ഫിനിഷിങിലെ പോരായ്മകളാണ് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ കളി ശൈലിയിൽ മാറ്റം വരുത്തിയ ചെമ്പട 49-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിലൂടെ ആദ്യ ഗോൾനേടി. 70, 79 മിനിറ്റുകളിൽ ഡീഗോ ജോട്ടയും ലക്ഷ്യംകണ്ടു. 90+3 മിനിറ്റിൽ ഡാർവിൻ ന്യൂനസിന്റെ രണ്ടാം ഗോളോടെ ലിവർപൂൾ വിജയം ആധികാരികമാക്കി.

കരിയറിലെ നൂറാംഗോളെന്ന നേട്ടവും യുറുഗ്വെ താരം ഇന്നലെ സ്വന്തമാക്കി. അവസാനം കളിച്ച മൂന്ന് എവേ മത്സരത്തിലും വിജയം നേടാനായത് കിരീടപോരാട്ടത്തിൽ ലിവർപൂളിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഷെഫീൽഡ് യുണൈറ്റഡ് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. നിലവിൽ 21 കളിയിൽ 48 പോയന്റുമായി ലിവർപൂളാണ് തലപ്പത്ത്. ഒരുമത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 43 പോയന്റുമായി രണ്ടാമതാണ്. ആഴ്‌സനൽ, ആസ്റ്റൺവില്ല ടീമുകളാണ് മൂന്നും നാലും സ്ഥാനത്ത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News