സ്വിറ്റ്‌സർലാൻഡിനെതിരെ നെയ്മർ കളിക്കില്ല; ബ്രസീലിന് തിരിച്ചടി

കാമറൂണിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് സൂചന

Update: 2022-11-25 15:12 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ബ്രസീലിന്റെ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. എന്നാൽ, കാമറൂണിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് സൂചന. വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.

പരിക്കിന് ശേഷവും 11 മിനിറ്റ് നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു. പിന്നീട് കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിൻവലിച്ചതെന്നും ടീം ഡോക്ടർ വ്യക്തമാക്കിയിരുന്നു. മത്സരത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ടൂർണമെന്റ് മുഴുവൻ നെയ്മറുണ്ടാവുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. നെയ്മറെ ടീമിന് ആവശ്യമുള്ളതിനാലാണ് പരിക്കേറ്റിട്ടും അദ്ദേഹം കളിക്കളത്തിൽ തുടർന്നതെന്നും ടിറ്റെ പറഞ്ഞു.

100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറെ തങ്ങൾക്ക് വേണമെന്ന് സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞു. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.

ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്റെ (62, 73) ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബ്രസീലിന്റെ ജയം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News