സഹതാരങ്ങളോടുള്ള പ്രശ്‌നം; എംബാപ്പെ പിഎസ്ജി വിടുന്നു...
മൂന്ന് വർഷത്തെ കരാർ പിഎസ്ജിയുമായി ഒപ്പുവെച്ചത് തെറ്റായി പോയി എന്ന് എംബാപ്പെക്ക് തോന്നുന്നതായും റയൽ മാഡ്രിഡിലേക്ക് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ചേക്കേറാൻ ശ്രമിക്കുന്നതായുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
പാരിസ്: ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്രഞ്ച് സൂപ്പർതാരം കെയ്‌ലിയൻ എംബാപ്പെ പിഎസ്ജി വിടുമെന്ന് റിപ്പോർട്ട്. സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുൻപായിരുന്നു താരം പിഎസ്ജിയുമായി പുതിയ കരാറിൽ ഒപ്പിട്ടത്. എന്നാൽ, പിഎസ്ജിയിലെ ചില സഹതാരങ്ങളോടുള്ള പ്രശ്‌നമാണ് ക്ലബ് വിടാൻ താരത്തെ നിർബന്ധിതനാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മൂന്ന് വർഷത്തെ കരാർ പിഎസ്ജിയുമായി ഒപ്പുവെച്ചത് തെറ്റായി പോയി എന്ന് എംബാപ്പെക്ക് തോന്നുന്നതായും റയൽ മാഡ്രിഡിലേക്ക് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ചേക്കേറാൻ ശ്രമിക്കുന്നതായുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും എംബാപ്പെ സംസാരിച്ചിട്ടില്ലെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസ് പ്രതികരിച്ചു.
നെയ്മർ, മെസി എന്നിവരുമായി എംബാപ്പെയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലുകൾ ശക്തമാണ്. പരിശീലന സെഷനുകളിലും മത്സരങ്ങൾക്കിടയിലും ഇത് വ്യക്തമാക്കുന്ന പെരുമാറ്റങ്ങൾ ഇവരുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ എംബാപ്പെയെ സ്വന്തമാക്കണമെങ്കിൽ റയൽ മാഡ്രിഡ് റെക്കോർഡ് പ്രതിഫലം നൽകേണ്ടിവരും. 2017ൽ ബാഴ്സയിൽ നിന്ന് നെയ്മറെ സ്വന്തമാക്കാൻ പിഎസ്ജി നൽകിയ 222 മില്യൺ യൂറോയുടെ റെക്കോർഡ് എംബാപ്പെ മറികടക്കും. 300-350 മില്യൺ യൂറോ വിലമതിക്കുന്ന താരമായാണ് എംബാപ്പെയെ പിഎസ്ജി വിലയിരുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.