‘മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം

Update: 2024-12-09 10:18 GMT
Editor : safvan rashid | By : Sports Desk
Advertising

കൊച്ചി:​ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞ​പ്പട’. നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ‘മഞ്ഞപ്പട’യുടെ തീരുമാനം. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു.

11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

മഞ്ഞപ്പട പങ്കുവെച്ച പ്രതികരണം:

നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്. ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ്‌ ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റിന് എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിക്കും.

പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്.

നേരത്തേ ഐ.എസ്.എൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തുറന്ന കത്തുമായി 'മഞ്ഞപ്പട' രംഗത്ത് വന്നിരുന്നു. പുതിയ താരങ്ങളെ എത്തിക്കുന്നതിലടക്കം മാനേജ്‌മെന്റ് പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്. വരാനിരിക്കുന്ന സീസണിലെ ആശങ്കയും പങ്കുവെച്ചു. പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തുടർന്ന് 'മഞ്ഞപ്പട' നടത്തിയ ആരോപണങ്ങൾ തള്ളി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ പി നിമ്മഗദ്ദ രംഗത്തെത്തിയിരുന്നു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News