തുലച്ച പെനാൽറ്റികൾ; മെസ്സി തിയറി ഹെൻറിക്കൊപ്പം
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 23 പെനാൽറ്റി കിക്കാണ് മെസ്സിയെടുത്തിട്ടുള്ളത്.
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് താരം തിയറി ഹെൻറിക്കൊപ്പമാണ് മെസ്സിയുടെ 'നേട്ടം'. ഇരുവരും അഞ്ചു പെനാൽറ്റികളാണ് നഷ്ടപ്പെടുത്തിയത്.
പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിലാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയത്. കളിയിൽ എംബാപ്പെ നേടിയ ഏക ഗോളിന് പിഎസ്ജി വിജയിച്ചു. 61-ാം മിനിറ്റിൽ റയൽ താരം ഡാനി കാർവാജൽ എംബാപ്പെയെ വീഴ്ത്തിയതിനാണ് ഫ്രഞ്ച് ടീമിന് പെനാൽറ്റി ലഭിച്ചത്. എന്നാൽ കിക്ക് റയൽ കീപ്പർ തിബോ കോർട്ടോസ് രക്ഷപ്പെടുത്തുകയായിരുന്നു.
Lionel Messi miss penalty😱 while Cristiano Ronaldo score goal⚽ After 1 munite on the same day Suiiiiii😎 pic.twitter.com/ieXvGlikhD
— Sadaqatullah Jr (@SadaqatullahJr) February 15, 2022
ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 23 പെനാൽറ്റി കിക്കാണ് മെസ്സിയെടുത്തിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം പാഴാക്കി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റിയെടുത്ത താരവും മെസ്സിയാണ്. പ്രീ ക്വർട്ടറിന്റെ രണ്ടാം പാദത്തിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. റയലിന്റെ മൈതാനത്ത് മാർച്ച് പത്തിനാണ് മത്സരം.
മെസ്സിയുടെ പെനാൽറ്റി കിക്കുകളെ കുറിച്ച് താൻ നന്നായി പഠിച്ചിട്ടുണ്ടെന്ന് മത്സര ശേഷം കോർട്ടോസ് പറഞ്ഞു. 'മെസ്സിയെ നന്നായി പഠിച്ചിട്ടുണ്ട്. അത്‌ലറ്റികോയിൽ ആയിരുന്ന വേളയിൽ അദ്ദേഹത്തിന്റെ പെനാൽറ്റി സേവ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഗോൾ വഴങ്ങിയത് തിരിച്ചടിയായി' - താരം കൂട്ടിച്ചേർത്തു.