'റയൽ ദ റോയൽസ്'; ലിവർപൂളിനെ കണ്ണീരിലാഴ്ത്തി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട് റയൽ മാഡ്രിഡ്

59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്

Update: 2022-05-28 22:18 GMT
Editor : Dibin Gopan | By : Web Desk
Advertising

പാരീസ്: 2021-2022 സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മഡ്രിഡിന്. ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്. 59-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോൾ നേടിയത്. റയലിന്റെ 14-ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. റയൽ ഗോൾകീപ്പർ ടിബോ ക്വാർട്വയുടെ മിന്നൽ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഒൻപതോളം ഷോട്ടുകളാണ് ക്വാർട്വ രക്ഷപ്പെടുത്തിയെടുത്തത്. 15 ഗോളുകൾ നേടിക്കൊണ്ട് റയലിന്റെ കരിം ബെൻസേമ ചാമ്പ്യൻസ് ലീഗിലെ ടോപ്സ്‌കോറർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലിവർപൂളിന്റെ മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് റയൽ ഗോൾകീപ്പർ ക്വാർട്വ തട്ടിയകറ്റി. 18-ാം മിനിറ്റിൽ വീണ്ടും സലയ്ക്ക് അവസരം ലഭിച്ചെങ്കിലും അതും ക്വാർട്വ അത് വിഫലമാക്കി. 20-ാം മിനിറ്റിൽ സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും പോസ്റ്റിൽ തട്ടി തെറിച്ചു.

44-ാം മിനിറ്റിലാണ് റയൽ ആദ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിർത്തത്. സൂപ്പർതാരം കരിം ബെൻസേമ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂളിന്റെ ലൂയിസ് ഡയസിന് സുവർണാവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഹെഡ്ഡർ ലക്ഷ്യം തെറ്റി. രണ്ടാം പകുതിയിൽ റയൽ ഉണർന്നുകളിക്കാൻ ആരംഭിച്ചതോടെ മത്സരം ആവേശത്തിലായി. റയലിന്റെ ആക്രമണങ്ങൾക്ക് 59-ാം മിനിറ്റിൽ ഫലം കൈവന്നു. വിനീഷ്യസ് ജൂനിയറിലൂടെ റയൽ ലിവർപൂളിനെതിരേ ലീഡെടുത്തു. വാൽവെർദെയുടെ അസിസ്റ്റിൽ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്.

64-ാം മിനിറ്റിൽ സല പോസ്റ്റിലേക്ക് ലോങ്റേഞ്ചർ ശ്രമിച്ചെങ്കിലും ക്വാർട്വ അത് തട്ടിയകറ്റി. ഗോൾവഴങ്ങിയ ശേഷം ലിവർപൂൾ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും റയൽ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

Contributor - Web Desk

contributor

Similar News