ടോട്ടനത്തെ മലർത്തിയടിച്ച് ചെൽസി രണ്ടാമത്; ആർസനലിന് നിരാശ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തോടെ ചെൽസി രണ്ടാം സ്ഥാനത്ത്. രണ്ടുഗോളിന് പിന്നിൽ നിന്ന ശേഷം ടോട്ടൻഹാമിനെ 4-3ന് മലർത്തിയടിച്ചാണ് ചെൽസി വിലപ്പെട്ട മൂന്ന് പോയന്റുകൾ സ്വന്തമാക്കിയത്. അതേ സമയം ഫുൾഹാമിനോട് സമനിലയിൽ കുരുങ്ങിയത് ആർസനലിന് ക്ഷീണമായി. നിലവിൽ 14 മത്സരങ്ങളിൽ 35 പോയന്റുള്ള ലിവർപൂളാണ് ഒന്നാമത്. 15 മത്സരങ്ങളിൽ 31 പോയന്റുള്ള ചെൽസി രണ്ടാമതും ആർസനൽ 29 പോയന്റുമായി മൂന്നാമതും നിൽക്കുന്നു.
സ്വന്തം തട്ടകത്തിൽ നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസിയെ വിറപ്പിച്ചാണ് ടോട്ടനം തുടങ്ങിയത്. അഞ്ചാം മിനുറ്റിൽ ഡൊമിനിക് സലൻകിയും 11ാം മിനുറ്റിൽ ഡെജൻ കുലുസെസ്കിയും നേടിയ ഗോളുകളിൽ ടോട്ടനം മുന്നിലെത്തി. എന്നാൽ 17ാം മിനുറ്റിൽ ജേഡൻ സാഞ്ചോയിലൂടെ ചെൽസി തിരിച്ചടിച്ചു.
അതിവേഗ മുന്നേറ്റങ്ങളിലൂടെ ടോട്ടനം ചെൽസിയെ വിറപ്പിച്ചെങ്കിലും മത്സരം ചെൽസിയുടെ നിയന്ത്രണത്തിലായിരുന്നു. 61, 84 മിനുറ്റുകളിൽ ലഭിച്ച പെനൽറ്റികൾ ഗോളാക്കി കോൾ പാൽമറും 73ാം മിനുറ്റിൽ ഉഗ്രൻ ഫിനിഷിലൂടെ എൻസോ ഫെർണാണ്ടസും മത്സരം ചെൽസിയുടെ പേരിലെഴുതുകയായിരുന്നു. ഇഞ്ച്വറി ടൈമിൽ സൺ ഹ്യൂങ് മിന്നിലൂടെ ടോട്ടനം ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും വൈകിയിരുന്നു.
ഒന്നാംസ്ഥാനത്തുള്ള ലിവർപൂളിനെ പിന്തുടരാനിറങ്ങിയ ആർസനലിന് നിരാശയുടെ ദിവസമാണ് കടന്നുപോയത്. ലീഗിലെ പത്താംസ്ഥാനക്കാരായ ഫുൾഹാമാണ് പീരങ്കിപ്പടയെ സമനിലയിൽ കുരുക്കിയത്. 11ാം മിനുറ്റിൽ റൗൾ ഹിമെനസിന്റെ ഗോളിൽ മുന്നിലെത്തിയ ഫുൾഹാമിനെതിരെ 52ാം മിനുറ്റിൽ വില്യം സലിബയിലൂടെ ആർസനൽ തിരിച്ചടിച്ചിരുന്നു. ഇഞ്ചുറി ടൈമിന് മുമ്പായി ബുക്കായോ സാക്ക ആർസനലിനായി ഗോളടിച്ചെങ്കിലും വാർ പരിശോധനയിൽ പാസ് നൽകിയ മാർട്ടിനെലി ഓഫ് സൈഡാണെന്ന് തെളിഞ്ഞതും ആർസനലിന് വിനയായി.