കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി
ഏഷ്യൻ ഗെയിംസിന് പ്രാധാന്യം നൽകുവാനാണ് ഈ തീരുമാനം എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്
2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി . യുകെയിലെ കോവിഡ് സാഹചര്യവും ഇന്ത്യൻ താരങ്ങൾക്കുള്ള പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ മാനദണ്ഡങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. എന്നാൽ ഏഷ്യൻ ഗെയിംസിന് പ്രാധാന്യം നൽകുവാനാണ് ഈ തീരുമാനം എന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വിജയം നേടുകയാണെങ്കിൽ ഒളിമ്പിക്‌സ് യോഗ്യത ഇന്ത്യയ്ക്ക് ഉറപ്പിക്കാനാകും. ഇന്ത്യ പിന്മാറുന്നതിന് പകരം ജൂനിയർ ടീമിനെ കോമൺവെൽത്തിലേക്ക് അയയ്ക്കണമെന്നാണ് ആരാധകരിൽ ചിലരുടെ ആവശ്യം. ജൂനിയർ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയതിനുള്ള തിരിച്ചടി നൽകിയതാണ് ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
അതേസമയം, ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ ഹോക്കി ടീമുകൾ നടത്തിയത്. പുരുഷ ടീം വെങ്കല മെഡൽ നേടിയപ്പോൾ സെമിഫൈനലിൽ അർജന്റീനയോട് പൊരുതി തോറ്റായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ മടക്കം.