'തരംതാഴ്ത്തപ്പെട്ട ക്ലബ്ബിൽ നിന്ന് "തടിതപ്പി" കളിക്കാർ, ആന്ധ്രയില്‍ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞു; ബിയര്‍ കുപ്പികള്‍ കൊള്ളയടിച്ച് ജനക്കൂട്ടം': പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

Update: 2023-06-06 14:27 GMT
Advertising

രോഹിതിന് പരിക്കോ? നാളെത്തെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ലേ?

സിഡ്‌നി: ലണ്ടനിലെ ഓവലിൽ ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെ ഇന്ത്യൻ ആരാധകർക്ക് ആധി നൽകുന്നൊരു ചിത്രം ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്ത്യൻ പടയുടെ നായകൻ രോഹിത് ശർമ തന്റെ ഇടംകയ്യിന്റെ തള്ളവിരലിൽ ബാൻഡേജ് ചുറ്റുന്നതാണ് ചിത്രം. ഇന്നത്തെ പരിശീലന സെഷനിടെയാണ് കൈയ്ക്ക് പരിക്കേറ്റത്.നെറ്റ് സെഷനിൽ ബാറ്റ് ചെയ്യുന്നതിനിടെ ചെറിയ പരിക്കേറ്റതോടെ താരം പരിശീലനം തുടർന്നില്ലെന്നാണ് റിപ്പോർട്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 35കാരനായ താരം ബാൻഡേജ് പിന്നീട് നീക്കിയിട്ടുണ്ട്. സുപ്രധാന ഫൈനലിൽ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ ചെറിയ കാര്യങ്ങൾ പോലും ഗൗരവത്തോടെയാണ് ടീം കാണുന്നത്.

നിർബന്ധമല്ലാത്ത പരിശീലന സെഷനിൽ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ എന്നിവരൊന്നും പങ്കെടുത്തിരുന്നില്ല. രോഹിതിന് പുറമേ കെ.എസ്. ഭരത്, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നു.

തരംതാഴ്ത്തപ്പെട്ട ക്ലബ്ബിൽ നിന്ന് "തടിതപ്പി" കളിക്കാർ


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിനു പിന്നാലെ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയിൽ നിന്ന് കളിക്കാർ കൂട്ടത്തോടെ പുറത്തേക്ക്. അടുത്ത സീസണിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ടീമിൽ നിന്ന് ഏഴ് താരങ്ങളാണ് പുറത്തുപോകുമെന്ന് ഉറപ്പായിരിക്കുന്നത്. രണ്ട് താരങ്ങൾ പുതിയ ക്ലബ്ബ് നോക്കുന്ന തിരക്കിലുമാണ്.

കഴിഞ്ഞ സീസണോടെ അവസാനിച്ച കരാർ പുതുക്കാൻ തായാറാകാതെ ക്ലബ്ബ് വിടുന്ന മിഡ്ഫീൽഡർ യൂറി തീലെമാൻസ് ആണ് പുതിയ ക്ലബ്ബ് നോക്കുന്നവരിൽ പ്രമുഖൻ. ബെൽജിയൻ താരത്തിനു പുറമെ കാഗ്ലർ സോയുൻകു, ഡാനിയർ അമാർട്ടി, അയോസെ പെരസ്, നംപാലിസ് മെൻഡി, റയാൻ ബെർട്രന്റ്, ടെറ്റെ എന്നിവരും ക്ലബ്ബ് വിടുന്നതായി ലെസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. വെറ്ററൻ താരം ജോണി ഇവാൻസിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ ചർച്ച നടന്നുവരികയാണ്.

26-കാരനായ തീലെമാൻസ് ആസ്റ്റൻ വില്ലയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. അത് യാഥാർത്ഥ്യമായാൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിനു പുറമെ യൂറോപ്പ കോൺഫറൻസ് ലീഗിലും കളിക്കാൻ താരത്തിന് കഴിയും. വലതു വിങ് ബാക്ക് ആയ കാഗ്ലർ സോയുൻകു സ്പാനിഷ് ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ട്. ലെസ്റ്ററിൽ നിന്ന് ലോണിൽ റയൽ ബെറ്റിസിന് കളിക്കുന്ന അയോസെ പെരസ് സ്‌പെയിനിൽ തന്നെ തുടരാനാണ് സാധ്യത. 

ഇംഗ്ലീഷ് സൂപ്പർ താരത്തിനു വേണ്ടി പിടിവലി മുറുകുന്നു; മാഞ്ചസ്റ്ററിനു പുറമെ റയലും കളത്തിൽ

മാഡ്രിഡ്: ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിനു വേണ്ടി സൂപ്പർ ക്ലബ്ബുകൾ തമ്മിലുള്ള പിടിവലി മുറുകുന്നു. ടോട്ടനം ഹോട്‌സ്പർ വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമിക്കുന്നതിനിടെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കൂടി ചിത്രത്തിലേക്കു വന്നിരിക്കുകയാണ്. ക്ലബ്ബ് വിട്ട വെറ്ററൻ താരം കരീം ബെൻസേമയ്ക്കു പകരക്കാരനായി റയൽ മാഡ്രിഡ് ഹാരി കെയ്‌നിനെ നോട്ടമിടുന്നതായും കോച്ച് കാർലോ ആൻചലോട്ടി ഇംഗ്ലീഷ് താരത്തിനു വേണ്ടി ശക്തമായി വാദിക്കുന്നതായും സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു. ഒരു പതിറ്റാണ്ടിലേറെയായി ടോട്ടനം ഹോട്‌സ്പർ താരമായ കെയ്‌നിന്റെ കരാർ അടുത്ത വർഷമാണ് അവാസനിക്കുന്നത്. 

ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുമ്പും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് മാഴ്‌സ റിപ്പോർട്ടിൽ പറയുന്നു. കെയ്‌നിനെ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് കൈമാറുന്നതിനേക്കാൾ ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിക്കു താൽപര്യം മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വിൽക്കാനാണ്. കെയ്‌നുമായും ടോട്ടനവുമായും റയൽ മാഡ്രിഡ് പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലൂക്ക മോഡ്രിച്ച്, ഗാരത് ബെയ്ൽ എന്നീ സൂപ്പർ താരങ്ങളുടെ റയലിലേക്കുള്ള കൂടുമാറ്റത്തിന് ചുക്കാൻ പിടിച്ച ഡാനിയൽ ലെവി, കെയ്‌നിന്റെ കാര്യത്തിലും റയലുമായി കരാറിലെത്താൻ വ്യക്തിപരമായി താൽപര്യം കാണിക്കുന്നതായും മാഴ്‌സ റിപ്പോർട്ട് ചെയ്യുന്നു.


ആന്ധ്രയില്‍ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞു; ബിയര്‍ കുപ്പികള്‍ കൊള്ളയടിച്ച് ജനക്കൂട്ടം: വീഡിയോ


അനകപ്പള്ളി: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞു. ട്രക്ക് മറിഞ്ഞതോടെ റോഡില്‍ വീണ ബിയര്‍ കുപ്പികള്‍ വാരിക്കൂട്ടുന്നതിന്‍റെ തിരക്കിലായിരുന്നു പ്രദേശവാസികള്‍. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.



ദേശീയ പാതയിൽ ആനക്കാപ്പള്ളിക്കും ബയ്യവാരത്തിനും ഇടയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.200 കെയ്സ് ബിയര്‍ കുപ്പികളാണ് ട്രക്കിലുണ്ടായിരുന്നത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു. ഇവരെ സഹായിക്കുന്നതിനു പകരം നാട്ടുകാര്‍ മദ്യക്കുപ്പികള്‍ മോഷ്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മദ്യവുമായി പോകുന്ന ട്രക്കുകൾ അപകടത്തിൽപ്പെട്ടതിന് ശേഷം മദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവങ്ങൾ ആന്ധ്രയില്‍ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം റഷ്യ തകർത്തെന്ന് യുക്രൈൻ

കിയവ്: ഖേഴ്‌സൺ മേഖലയിലെ കഖോവ്ക ഡാം റഷ്യ തകർത്തെന്ന് യുക്രൈൻ. യുക്രൈനിലെ പ്രധാന ജലവൈദ്യുത പദ്ധതിയാണ് കഖോവ്ക ഡാം. 16,000 പേരെ ഒഴിപ്പിക്കേണ്ടിവരുമെന്ന് യുക്രൈൻ അറിയിച്ചു. അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമർ സെലൻസ്‌കി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ ഖേഴ്‌സൺ റഷ്യയുടെ അധീനതയിലാണ്. പ്രാദേശിക സമയം 2.50-ന് റഷ്യ ഡാം തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ആരോപിച്ചു. ഡാം തകർത്തത് യുക്രൈന്റെ ആസൂത്രിത അട്ടിമറി ശ്രമമാണെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും പരസ്പര ആരോപണം ഉന്നയിക്കുകയാണെന്നും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എലിവേറ്റിനെ അവതരിപ്പിച്ച് ഹോണ്ട

2023-ൽ വാഹനപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന എസ്.യു.വികളിലൊന്നാണ് ഹോണ്ടയുടെ എലിവേറ്റ്. വാഹനത്തെ അവതകരിപ്പിച്ചിരിക്കുകയാണിപ്പോൾ കമ്പനി. ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ്, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്ന വാഹനങ്ങളുടെ പ്രധാന എതിരാളിയാകാനെത്തുന്ന വാഹനത്തിന്റെ ആഗോള അവതരണമാണ് ഡൽഹിയിൽ നടന്നത്. ഇപ്പോൾ പ്രദർശനത്തിനെത്തിയ വാഹനത്തിന്റെ വില പിന്നീട് അറിയിക്കും. ജൂലൈ മാസം ബുക്കിംഗ് ആരംഭിക്കുന്ന എലിവേറ്റ് ഫെസ്റ്റിവൽ സീസണിൽ വിപണിയിൽ എത്തും. വിപണി പ്രവേശനം തുടങ്ങിയ കാര്യങ്ങൾ വൈകാതെയുണ്ടാകുമെന്ന് ഹോണ്ട കാർസ് മേധാവികൾ അറിയിച്ചു.

ഹാക്കര്‍മാര്‍ നീക്കം ചെയ്ത 11,0000 ത്തിലധികം വീഡിയോകള്‍ തിരിച്ചെടുത്തു; മോജോ സ്റ്റോറി തിരിച്ചെതത്തിയെന്ന് ബര്‍ഖ ദത്ത്

മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള 'മോജോ സ്റ്റോറി' എന്ന യൂട്യൂബ് ചാനലിൽ നിന്നും നഷ്ടമായ വീഡോയകൾ തിരിച്ചെടുത്തു. ബർഖ ദത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ബർഖ ദത്തിന്റെ പ്രതികരണം. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം മുഴുവൻ ഡിലീറ്റ് ചെയ്തതായി ബർഖ ദത്ത് പറഞ്ഞിരുന്നു. പ്രൊഫൈൽ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു. ഇപ്പോൾ വീഡിയോകളടക്കമുള്ള ഡാറ്റകൾ തിരിച്ചെടുത്തതായി ബർഖ ദത്ത് പറഞ്ഞു.

ഹാക്കർമാർ യു ട്യൂബ് ചാനലിൻറെ നിയന്ത്രണം ഏറ്റെടുത്തത് മുതൽ ചാനൽ മരവിപ്പിക്കാൻ യു ട്യൂബിനോട് പലതവണ അഭ്യർഥിച്ചെന്നും എന്നാൽ നടപടിയെടുത്തില്ലെന്നും ഇപ്പോൾ മുഴുവൻ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിന്നു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News