ഹസരങ്കയെ റാഞ്ചാനൊരുങ്ങി ഐപിഎൽ ഫ്രാഞ്ചൈസികൾ

ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീലങ്കയുടെ വാനിഡു ഹസരങ്കയെ സ്വന്തമാക്കാനൊരുങ്ങി ഐ.പി.എൽ ഫ്രാഞ്ചൈസികൾ.

Update: 2021-07-31 15:29 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീലങ്കയുടെ വാനിഡു ഹസരങ്കയെ സ്വന്തമാക്കാനൊരുങ്ങി ഐ.പി.എൽ ഫ്രാഞ്ചൈസികൾ. വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഹസരങ്കയ്ക്കായി മുന്നിലുള്ളത്. ആസ്‌ട്രേലിയൻ സ്പിന്നർ ആഡം സാമ്പയ്ക്ക് പകരമായാണ് ഹസരങ്കയെ ടീമിലുൾപ്പെടുത്താൻ ആർ.സി.ബി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടി സാമ്പ നേരത്തെ ഐ.പി.എല്ലിൽ നിന്നും വിട്ട് നിന്നിരുന്നു. നിലവിൽ ടി20 ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്താണ് ഹസരങ്ക. ഇന്ത്യക്കെതിരായ അവസാന ടി20യിൽ വീഴ്ത്തിയ നാല് വിക്കറ്റുകളാണ് ഹസരങ്കയ്ക്ക് നേട്ടമായത്. ഈ പ്രകടനത്തോടെ താരത്തെയും ശ്രദ്ധിക്കാൻ തുടങ്ങി. പരമ്പരയിലെ താരമായും തെരഞ്ഞെടുത്തത് ഹസരങ്കയെയായിരുന്നു.

കഴിഞ്ഞ വർഷം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ഹസരങ്ക, ശ്രീലങ്കയ്ക്കായി അരങ്ങേറ്റം നടത്തിയത്. യുഎഇയിലാണ് ഈ സീസൺ ഐ.പി.എല്ലിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. അതേസമയം ബാംഗ്ലൂരിന് പുറമെ മറ്റു ചില ടീമുകൾ കൂടി ഹസരങ്കയ്ക്കായി രംഗത്തുണ്ട്. സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിലേക്കും ഹസരങ്കയെ പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും വ്യക്തമായ റിപ്പോർട്ടുകളില്ല.

സൺറൈസേഴ്‌സ് ഹൈദരദരാബാദാണ് മറ്റൊരു ടീം. മുത്തയ്യ മുരളീധരനും ഹസരങ്കയുടെ ഐപിഎൽ പ്രവേശനത്തിൽ പ്രതികരണവുമായി രംഗത്ത് എത്തി. ഐപിഎൽ പോലെ വലിയ ടൂർണമെന്റുകളിൽ കളിക്കാൻ പ്രാപ്തിയുള്ള കളിക്കാരനാണ് ഹസരങ്കയെന്ന് മുത്തയ്യ മുരളീധരൻ പറഞ്ഞു. ഇന്ത്യക്കെതിരായ ടി-20 പരമ്പര ശ്രീലങ്ക 2-1 എന്ന നിലയിൽ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. സെപ്തംബര്‍ 19ന് ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ പുനരാരംഭിക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News