കൊറോണക്കാലത്ത് നാം ടൈഫോയിഡ് മേരിയെ മറക്കരുത്

ചലനാത്മകത (dynamism) നല്ലൊരാശയമാണ്. പക്ഷെ ഇപ്പോൾ സമൂഹം ആവശ്യപ്പെടുന്നത് ശാരീരികമായ നിശ്ചലാവസ്ഥ(stagnancy) യാണ്

Update: 2020-03-21 05:33 GMT
Advertising

' മര്യാദക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം' എന്ന ഉത്തരവ്, കേൾക്കാൻ അത്ര സുഖമുള്ള ഒന്നല്ല. ഏകാധിപത്യ പ്രവണത നന്നായുള്ള ഒന്നാണത്. പക്ഷെ ഇപ്പോൾ ആ ഉത്തരവ് അനുസരിച്ചേ തീരൂ.

' ബോറഡിക്കുന്നു' എന്ന ഫീലിംഗോ 'എത്ര കാലം ഇങ്ങനെ അടച്ച് പൂട്ടി ഇരിക്കും' എന്ന ആത്മഗതമോ ' എനിക്കിപ്പൊ ഭ്രാന്ത് പിടിക്കും' എന്ന ഭീഷണിയോ ഒന്നും കൊറോണ ബാധയെക്കാൾ വലുതല്ല. ജീവനോളം വിലപ്പെട്ടതുമല്ല.

ചലനാത്മകത (dynamism) നല്ലൊരാശയമാണ്. പക്ഷെ ഇപ്പോൾ സമൂഹം ആവശ്യപ്പെടുന്നത് ശാരീരികമായ നിശ്ചലാവസ്ഥ(stagnancy) യാണ്.

ശരിക്കും ക്വാറന്റീന (quarentena) എന്നാൽ നാല്പത് ദിവസമാണ്. ഭാഗ്യവശാൽ കോവിഡിനുള്ള ക്വാറന്റൈൻ( quarantine) പതിനാല് ദിവസങ്ങളെ ഉള്ളൂ. വെറും രണ്ടാഴ്ച.

അറിഞ്ഞും അറിയാതെയും ആയിരങ്ങൾക്ക് രോഗം പടർത്തിയ ഒരാളുണ്ടായിരുന്നു ചരിത്രത്തിൽ.‌ ടൈഫോയിഡ് മേരി എന്നറിയപ്പെടുന്ന മേരി മാലൺ. ലക്ഷണങ്ങളില്ലാത്ത രോഗ വാഹകയായിരുന്നു അവർ. Asymptomatic carrier.

അയർലൻഡ്കാരിയായ അവർ അമേരിക്കയിൽ പല സമ്പന്ന കുടുംബങ്ങളിലും പാചകക്കാരിയായി ജോലി ചെയ്തിരുന്നു. പോയി പണിചെയ്തിടത്തൊക്കെ മേരി സമ്പർക്കത്തിലൂടെ അറിയാതെ ടൈഫോയിഡ് രോഗവും മരണവും സമ്മാനിച്ചു കൊണ്ടിരുന്നു. പിന്നീട് ഒരു കുടുംബത്തിന്റെ നിർദ്ദേശനനുസരിച്ച് ഒരു സാനിറ്ററി എഞ്ചിനീയർ നടത്തിയ അന്വേഷണത്തിൽ മരണ കാരണമാകുന്ന ടൈഫോയിഡ് രോഗം മേരിയാണ് പടർത്തുന്നതെന്ന് മനസ്സിലായി. പക്ഷെ അവർ രോഗം സമ്മതിക്കാനോ പരിശോധനകൾ നടത്താനോ തയ്യാറായില്ല. 'എനിക്കൊരു സൂക്കേടുമില്ല' എന്നതായിരുന്നു നിലപാട്.

ഒടുവിൽ ആരോഗ്യ വകുപ്പ് പിടിച്ച് ക്വാറന്റൈനിൽ ആക്കി രോഗം സ്ഥിരീകരിച്ചു. അന്നിത് മാറ്റാൻ ചികിത്സയില്ല. ആന്റി ബയോട്ടികൾ കണ്ട് പിടിച്ചിട്ടുമില്ല‌.‌ മേരിയെയും കൊണ്ട് അധികൃതർ കുടുങ്ങി.ഇനി പാചപ്പണി ചെയ്യില്ലെന്ന ഉറപ്പിൽ മേരിയെ പുറത്ത് വിട്ടു. ആദ്യമൊക്കെ പല പണികൾ ചെയ്തെങ്കിലും മേരി വീണ്ടും പാചകത്തിലേക്ക് തിരിച്ചെത്തി. മേരിക്കൊപ്പം ടൈഫോയിഡും തിരിച്ച് വന്നു.

മേരിയിലൂടെ നേരിട്ടും അല്ലാതെയും ന്യൂയോർക്ക് പരിസരത്തുള്ള മൂവായിരത്തോളം പേർക്ക് രോഗം കിട്ടിയെന്നാണ് കരുതപ്പെടുന്നത്. അതിൽ ചിലർ മരണത്തിന് കീഴടങ്ങി. മേരിയുടെ ഗോൾബ്ലാഡർ എടുത്ത് കളയണമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. അവരാകട്ടെ അതിന് സമ്മതിച്ചുമില്ല. അങ്ങനെ മറ്റൊരു വഴിയുമില്ലാതെ ടൈഫോയിഡ് മേരി റിവർ സൈഡ് ആശുപത്രിയിൽ നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞു. രണ്ടാഴ്ചയല്ല. ആയുസ്സിന്റെ നീണ്ട ഇരുപത്താറ് വർഷങ്ങൾ.ഒടുവിൽ മരണം വരെ.

ഇനി പറയൂ, നമുക്ക് രണ്ടാഴ്ച സഹിച്ചു കൂടേ ക്വാറന്റൈൻ ? നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും വേണ്ടി? ടൈഫോയ്ഡ് മേരിയെപ്പോലെ ഒരു 'കൊറോണ - ഡേഷ്' ആയി ചരിത്രത്തിൽ നമ്മൾ അറിയപ്പെടണമോ എന്ന് നമുക്ക് തീരുമാനിക്കാം.

Tags:    

Similar News