റോഷര്‍ ഗരോദിന്റെ ദാര്‍ശനിക ലോകങ്ങള്‍ക്കൊരു ചലച്ചിത്ര ഭാഷ്യം

2017ല്‍ സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിച്ച പുറത്തിറക്കിയ ഡോക്യുമെന്ററി അമേരിക്കയിലേയും, യൂറോപ്പിലേയും, ഏഷ്യയിലേയും ഒട്ടനവധി വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്

Update: 2020-05-13 12:00 GMT
Advertising

"My world is not limited by the borders of my skin, the true story is the story of the soul" - Roger Garaudy

ഫ്രഞ്ച് തത്വചിന്തകനും ധൈഷണികനും ആക്റ്റിവിസ്റ്റുമായ റോഷര്‍ ഗരോദിന്റെ (‌1913-2012) സ്മൃതിപഥങ്ങളിലൂടെയുള്ള പ്രയാണമാണ്‌ Abdennur Prado സം‌വിധാനം ചെയ്ത "THE LIVING LEGACY OF ROGER GARAUDY". 2017ല്‍ സ്പാനിഷ് ഭാഷയില്‍ നിര്‍മ്മിച്ച പുറത്തിറക്കിയ ഡോക്യുമെന്ററി അമേരിക്കയിലേയും, യൂറോപ്പിലേയും, ഏഷ്യയിലേയും ഒട്ടനവധി വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

മാർക്സിസ്റ്റ് സൈദ്ധാന്തികനും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അം‌ഗവുമായിരുന്ന റോഷര്‍ ഗരോദ് ജനിച്ചത് നിരീശ്വരവാദികളായ മാതാപിതാക്കളിലായിരുന്നു‌. രണ്ടാം ലോക യുദ്ധത്തില്‍ പിടിക്കപ്പെട്ട് അള്‍ജീരിയയില്‍ 30 മാസത്തോളം ജയില്‍ വാസമനുഭവിച്ചു. അതോടെയാണ് കമ്യൂണിസത്തില്‍ ആകൃഷ്ടനാവുന്നത്. ഗരോദി പാര്‍ട്ടിക്ക് വേണ്ടി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 50 ലേറെ കനപ്പെട്ട പുസ്തകങ്ങള്‍ തത്ത്വശാസ്ത്രവും മാര്‍ക്‌സിസവും വിഷയമാക്കി അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം എന്ന പുസ്തകം മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ദാമോദരന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം ദേശീയ അസംബ്ലി അംഗം, ഡെപ്യൂട്ടി സ്പീക്കര്‍, സെനറ്റര്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയെങ്കിലും 1970ല്‍ ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ചത് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കി. തുടര്‍ന്നുളള അന്വേഷണങ്ങളിലാണ് കാത്തലിക് കുടുംബത്തില്‍ ജനിച്ച ഗരോദ് പ്രൊട്ടസ്റ്റന്റായും തിരിച്ചുമുള്ള യാത്രക്കൊടുവില്‍ 1982ല്‍ ഇസ്‌ലാമില്‍ അഭയം കണ്ടെത്തുന്നത്. 1982 ജൂലൈ 2 ന് ജനീവയിലെ ഇസ്‌ലാമിക് സെന്ററില്‍വെച്ചായിരുന്നു ഇസ്‍‍ലാമാശ്ലോഷണം. എസ്.ഐ.ഒ ഫറൂക്കിൽ വെച്ച് നടത്തിയ പ്രഥമ സംസ്ഥാന സമ്മേളനത്തിലെ മുഖ്യ പ്രാസംഗികരിലൊരാളായിരുന്നു റോഷര്‍ ഗരോദ്.

Full View

തീവ്രാഭിലാഷങ്ങളുടെ ഒരു ശ്രേണിയെ വസ്തുവത്കരിക്കുന്നതില്‍ ഗരോദിന്റെ സഞ്ചാരപഥത്തിലെ നിര്‍ണ്ണായകമായൊരു കണ്ടെത്തലാണ്‌ കൊര്‍ദോവ. ഒമ്പതു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ലോകത്തിന്റെ വിജ്ഞാനം മുഴുവന്‍ ജ്വലിച്ച് നിന്ന കൊര്‍ദോവയിൽ അല്‍ മുവഹിദൂന്‍ രാജാക്കന്മാര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ടയാണ്‌ പിന്നീട് 1987ല്‍ ഗരോഡിയുടെ മേല്‍നോട്ടത്തില്‍‌ Calahorra മ്യൂസിയമാക്കി മാറ്റിയത്. ഇസ്‍ലാം ലോകത്തിന്‌ നല്‍കിയ വിജ്ഞാനത്തിന്റെ പ്രതിരൂപമായത് നിലനിക്കുന്നു.

ജൂത-ക്രൈസ്തവ-മുസ്ലിം സംസ്കാരങ്ങളുടെ പാരസ്പര്യത്തെ നിലനിര്‍ത്തുന്ന ഭൂമിയിലെ ഒടുവിലത്തെ അടയാളങ്ങളില്‍ ഒന്നായ‌ അന്തലൂസിലെ Calahorra മ്യൂസിയം റോഷര്‍ ഗരോദ് വരും തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു എന്ന് അദ്ദേഹത്തിന്റെ പത്നി സല്‍മ അല്‍-ഫാറൂഖി സാക്ഷ്യപ്പെടുത്തുന്നു.

ഒരോ സാദാപൗരനും‌ ചരിത്രമറിയാം പക്ഷേ അതില്‍ ഉള്‍ചേര്‍ന്ന സാംസ്കാരിക സ്വാധീനത്തെ തിരിച്ചറിയുക എന്നത് ശ്രമകരമാണ്‌. ഗരോഡി നിവര്‍ത്തിച്ചത് ചരിത്രത്തെ പുതിയ ലോകവുമായി കൂട്ടിയോചിപ്പുക്കുന്നതില്‍ കൊറദോവയെ ഒരു സൂചകമായി മാറ്റി തീര്‍ക്കുക എന്നതായിരുന്നു.

കൊര്‍ദോവയുടെ പഴയ മേയറും സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രറ്ററി ജനറലുമായ Julio Anguita, പ്രമുഖ അന്തലൂസിയന്‍ ചിന്തകനും, ചിത്രകാരനുമായ Hashim Cabrera, എഴുത്തുകാരന്‍ Manuel Pimentel, ഗരോഡിയുടെ പത്നി Salma al-Farooqi എന്നിവര്‍ റോഷര്‍ ഗരോദിനെ അനുസ്മരിക്കുന്നു.

Marata Ventura വെളിച്ചത്തിന്റെ ഒരു അലിഗറിയായും Grian Cutanda ഗരോഡിയുടെ സ്പിരിറ്റായും പ്രത്യക്ഷപ്പെടുന്ന ചിത്രം, റോഷര്‍ ഗരോദ് എന്ന ഇതിഹാസത്തിലേക്കും അന്തലൂസ് ഇസ്ലാം ചരിത്രത്തിലേക്കും തുറക്കുന്ന ഒരു കിളിവാതിലാണ്‌.

Similar News