ഗസ്സയിൽ ഇസ്രയേൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ വിശദീകരണം
ഗസ്സ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗൃ മന്ത്രാലയം അറിയിച്ചു. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ പുലർച്ചെ 2 മണിയോടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷൃമിട്ടായിരുന്നു ആക്രമണം. സ്‌ഫോടനത്തിൽ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ വിശദീകരണം.
തങ്ങളുടെ മൂന്ന് നേതാക്കൾ വേൃാമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്ലാമിക് ജിഹാദ് മൂവ്‌മെൻറെ് അറിയിച്ചു. ജിഹാദ് അൽ ഗന്നാം, ഖാലിദ് അൽ ബാതിനി, താരീഖ് ഇസ്സുദ്ദീൻ എന്നിവരാണ് മരിച്ചത്. ഫലസ്തീൻ ഇസ്ലാമിക് ജിഹാദുമായി ബന്ധമുള്ള നേതാവ് അദ്നാൻ 87 ദിവസം നീണ്ട നിരാഹാരത്തിനിടെ ഇസ്രായേൽ ജയിലിൽ മരിച്ചിരുന്നു. ഇതിനെതിരെ ഗസ്സയിൽ ഇസ്‌ലാമിക ജിഹാദിന്റെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം.
ഇറ്റാമർ ബെൻഗ്വിർ അടക്കമുള്ള ജൂത തീവ്രാവാദികളുടെ കൈകളിലാണ് ഇപ്പോൾ ഇസ്രയേലിലെ നെതന്യാഹു സർക്കാർ. ബെൻഗ്വിറിന്റെ ദേശീയ സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ ഫലസ്തീനികളെ ആക്രമിക്കാനായി മാത്രം പുതിയ ദേശീയ സുരക്ഷാ സേന രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലടക്കം ഇസ്രായേലിന്റെ അധിനിവേശം തുടരുകയുമാണ്. ഇതിനെതിരെ ഫലസ്തീനിലെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗസ്സയിലെ പുതിയ ആക്രമണം. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.