‘ഞങ്ങൾ ആ മണ്ണ് വിട്ട് പോകില്ല, ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് അധിനിവേശക്കാർ മാത്രമായിരിക്കും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഫലസ്‍തീൻ പ്രസിഡന്റ്

ആധുനിക കാലത്തെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളാണ് ഒരു വർഷമായി ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മഹ്മൂദ് അബ്ബാസ്

Update: 2024-09-27 05:57 GMT
Advertising

ന്യുയോർക്ക്: ആധുനിക കാലത്തെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുഎൻ ആസ്ഥാനത്ത് യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇ​സ്രായേലിനെ രൂക്ഷമായി വിമർശിച്ചും അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ചുമായിരുന്നു അ​ബ്ബാസിന്റെ പ്രസംഗം.

‘ഞങ്ങൾ ആ മണ്ണ് വിട്ട് പോകില്ല’ എന്ന് മൂന്ന് തവണ ആവർത്തിച്ച് പ്രഖ്യാപിച്ചാണ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്. ഫലസ്തീൻ ഞങ്ങളുടെ മാതൃരാജ്യമാണ്. നമ്മുടെ പിതാക്കന്മാരുടെയും മുത്തച്ഛൻമാരുടെയും നാടാണിത്. അത് എന്നും നമ്മുടേതായി തന്നെ തുടരും. ആ മണ്ണി​നെ വിട്ട് ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് അധിനിവേശക്കാരായ കൊള്ളക്കാർ മാത്രമായിരിക്കുമെന്ന് ഇസ്രായേലിനെ പരാമർശിച്ച് അബ്ബാസ് പറഞ്ഞു.

ഗസ മുനമ്പിൽ ഇസ്രായേൽ സമ്പൂർണ വംശഹത്യ യുദ്ധം നടത്തുകയാണ്. ഫലസ്തീനിലെ ജനങ്ങൾക്ക് സംഭവിക്കുന്നതിന് ലോകം മുഴുവൻ ഉത്തരവാദിയാണെന്നും അബ്ബാസ് പറഞ്ഞു. ഇസ്രായേൽ നടത്തുന്നത് സമ്പൂർണ്ണ യുദ്ധ കുറ്റകൃത്യമാണ്. ഗസയിൽ മാത്രം 40,000-ത്തിലധികം പേരെ കൊന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. 100,000-ത്തിലധികം പേർക്കാണ് ഇസ്രായേലിന്റെ അതിക്രമത്തിൽ മാരകമായി പരിക്കേറ്റത്.

ഫലസ്തീൻ കുടുംബങ്ങൾ മുഴുവനും ഉന്മൂലനം ചെയ്യപ്പെട്ടു. അക്രമണത്തിനിടയിൽ മാരക രോഗങ്ങൾ പടർന്നു. ശുദ്ധജലവും അടിയന്തരാവശ്യങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമാവുന്നില്ല. രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളാണ് പലായനം ചെയ്തത്. ഗസയിൽ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ജറുസലേമിലും മരണങ്ങളും പരിക്കുകളും മാറ്റമില്ലാതെ തുടരുകയാണ്.

ഗസയിലെ സാധാരണക്കാരെ ഇസ്രായേൽ കൊല്ലുന്നില്ലെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദത്തോട് രൂക്ഷമായാണ് അബ്ബാസ് പ്രതികരിച്ചത്. ഇസ്രായേൽ അല്ലാതെ ഗസയിലെ 15,000-ത്തിലധികം കുട്ടികളെ കൊന്നതാരാണ് ?. കൊല്ലപ്പെട്ട 40,000-ത്തിൽ 15,000-ത്തിലധികം കുട്ടികളെയും അത്രത്തോളം സ്ത്രീകളെയും പ്രായമായവരെയും പിന്നെ ആരാണ് കൊന്നതെന്നും അദ്ദേഹം ചോദിച്ചു. 

യുദ്ധം അവസാനിക്കാൻ ഗസയിൽ സമഗ്രവും ശാശ്വതവുമായ വെടിനിർത്തലാണുണ്ടാവണമെന്ന് പറഞ്ഞ അദ്ദേഹം നിരവധി നിർദേശങ്ങളും മുന്നോട്ട് വെച്ചു. ​ഗസയിൽ സ്ഥിരമായ വെടിനിർത്തൽ വേണം. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. എല്ലാതരത്തിലുമുള്ള അക്രമങ്ങൾ അവസാനിപ്പിക്കണം. ഗസയിൽ നിന്ന് പൂർണമായി ഇസ്രായേൽ പിൻവാങ്ങണം. ബഫർ സോണുകളൊന്നും സ്ഥാപിക്കാതെ തന്നെ ഇസ്രായേൽ ഗസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണം. ഗസയിൽ ഉടനീളം മാനുഷിക സഹായം വ്യാപകമായെത്തിക്കണം. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. ഫലസ്തീനികൾക്ക് അന്താരാഷ്ട്ര സംരക്ഷണമുണ്ടാകണം. ഞങ്ങൾ ഇസ്രായേലുമായി യുദ്ധം ചെയ്യുന്നില്ല. ഞങ്ങൾക്ക് ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ കഴിയില്ല, ഞങ്ങൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ ഞങ്ങൾക്ക് സംരക്ഷണം വേണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.

യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണച്ചതിന് യുഎസിനെയും അബ്ബാസ് വിമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ യുഎസ് ഭരണകൂടം മൂന്ന് തവണയാണ് സുരക്ഷാ കൗൺസിലിലെ പ്രമേയങ്ങൾ തടസ്സപ്പെടുത്തിയതെന്നും അബ്ബാസ് പറഞ്ഞു. ഈ യുഎസാണ് ഫലസ്തീന് യുഎന്നിൽ പൂർണ്ണ അംഗത്വം നൽകുന്നതിനെതിരെ വോട്ട് ചെയ്ത സെക്യൂരിറ്റി കൗൺസിലിലെ ഒരേയൊരു അംഗ രാജ്യമെന്നും അബ്ബാസ് പറഞ്ഞു. ഇസ്രായേലിനൊപ്പം നിന്ന് കൊണ്ട് ഫലസ്‍തീനികൾക്കെതിരായ അക്രമങ്ങൾ തുടരുമെന്ന് യുഎസ് ആവർത്തിക്കുകയാണ്. കോടിക്കണക്കിന് രൂപയും സഹായങ്ങളാണ് ഇസ്രായേലിന് യുഎസ് നൽകുന്നതെന്നും ഇതിനെ അപലപിക്കുന്നുവെന്നും അബ്ബാസ് പറഞ്ഞു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തെ കുറിച്ച് എടുത്ത് പറഞ്ഞ അദ്ദേഹം ലബനാനിൽ ഇസ്രായേൽ വംശഹത്യനടത്തുകയാ​ണെന്നും ആരോപിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News