സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റം ചെറുക്കണം; മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ
ബശ്ശാറുൽ അസദ് ഭരണം കടപുഴകിയതോടെ സിറിയയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മുതലെടുക്കാൻ ആക്രമണം തുടരുകയാണ് ഇസ്രായേൽ
ദമസ്കസ്: സിറിയയിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റം ചെറുക്കണമെന്ന മുന്നറിയിപ്പുമായി അറബ് രാജ്യങ്ങൾ. സിറിയയിൽ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും താൽപര്യങ്ങൾ വിജയിക്കാൻ അനുവദിച്ചാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും ഹമാസും രംഗത്തെത്തി. ഐ.എസ് വിഭാഗത്തിനെതിരെ ആവശ്യമെങ്കിൽ ആക്രമണം തുടരുമെന്ന് അമേരിക്ക അറിയിച്ചു. സർക്കാർ രൂപവത്കരിക്കാനുള്ള വിമതപക്ഷത്തിന്‍റെ നീക്കം തുടരുന്നു.
ബശ്ശാറുൽ അസദ് ഭരണം കടപുഴകിയതോടെ സിറിയയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മുതലെടുക്കാൻ ആക്രമണം തുടരുകയാണ് ഇസ്രായേൽ. അമേരിക്കയുടെ മൗനാനുവാദത്തോടെ സിറിയയുടെ സൈനിക സംവിധാനങ്ങൾ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് പിന്നിട്ട മൂന്ന് ദിവസങ്ങളിലായി ഇസ്രായേൽ നടത്തിയത്. തങ്ങൾക്ക് ഭീഷണിയാകുന്ന സൈനിക സംവിധാനങ്ങൾ തകർക്കാൻ ഇനിയും ആക്രമണം തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി. മുന്നൂറിലേറെ ആക്രമണങ്ങളാണ് ഇസ്രായേൽ ഇതിനകം ദമസ്കസ് ഉൾപ്പെടെ സിറിയൻ പ്രദേശങ്ങളിൽ നടത്തിയത്.
അസദ് കാലത്തെ വ്യോമ, നാവിക, കര സേനാ താവളങ്ങളെല്ലാം തകർക്കപ്പെട്ടു. ആയുധകേന്ദ്രങ്ങൾ പൂർണമായി ചാമ്പലായി. സിറിയയിൽ ആര് അധികാരത്തിൽ വന്നാലും ഒരുതരത്തിലും തങ്ങൾക്ക് ഭീഷണിയാകില്ലെന്നും ഇസ്രായേൽ വിലയിരുത്തുന്നു. സിറിയയിൽ ഇസ്രായേൽ തുടരുന്ന കടന്നാക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ ഉൾപ്പെടെ അറബ് രാജ്യങ്ങൾ രംഗത്തുവന്നു. അന്തർദേശീയ സമൂഹം മൗനം പാലിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അറബ് ലീഗ് മുന്നറിയിപ്പ് നൽകി.
സിറിയയുടെ പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവും ഉയർത്തി പിടിക്കുന്ന നടപടികൾക്ക് അറബ് ലീഗും ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഇസ്രായേൽ സിറിയയിൽ നടത്തുന്ന ആക്രമണവും അധിനിവേശവും ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ അറബ് രാജ്യങ്ങൾ വലിയ വിലയൊടുക്കേണ്ടി വരുമെന്ന് ലബനാനിലെ ഹിസ്ബുല്ലയും ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസും വ്യക്തമാക്കി. യുഎസും ഇസ്രായേലും സിറിയയിൽ നടത്തുന്ന ആസൂത്രിത നീക്കങ്ങൾ തിരിച്ചറിയാതെ പോകരുതെന്ന് ഇരു സംഘടനകളും അറബ് മുസ്ലിം രാജ്യങ്ങളെ ഓർമിപ്പിച്ചു. ആവശ്യമെങ്കിൽ ഭീകരവാദികളെ തുരത്താൻ ഇനിയും ആക്രമണത്തിന് മടിക്കില്ലെന്ന് യുഎസ് സെൻട്രൽ കമാന്‍റ് അറിയിച്ചു. സിറിയയിൽ പുതിയ സർക്കാർ രൂപവത്കരണ നീക്കങ്ങൾ മന്ദഗതിയിൽ തുടരുകയാണ്.