പിതാവ് ജനനം രജിസ്റ്റർ ചെയ്യാനായി പോയി; ഗസ്സയില്‍ നാലുദിവസം പ്രായമുള്ള ഇരട്ടക്കുട്ടികൾ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൈവശം വെച്ചുകൊണ്ട് പൊട്ടിക്കരയുന്ന മുഹമ്മദിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2024-08-14 06:07 GMT
Editor : Lissy P | By : Web Desk
Advertising

ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ നാലുദിവസം പ്രായമായ ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റർ ചെയ്യാനായി പിതാവ് സർക്കാർ ഓഫീസിൽ പോയപ്പോഴാണ് ആക്രമണം നടന്നത്. സെൻട്രൽ ഗസ്സയിലെ ദേർ അൽ ബലാഹിലുള്ള വീട്ടിലാണ് അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം നവജാതശിശുക്കളും ക്രൂരമായി കൊല്ലപ്പെട്ടത്. പിതാവായ മുഹമ്മദ് അബു അൽ കുംസാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പെൺകുട്ടിയായ ഐസലിനും ആൺകുട്ടിയായ അസെറും ഭാര്യയും അമ്മയുമെല്ലാം കൊല്ലപ്പെട്ടിരുന്നു.

ഇവരുടെ കുടുംബം വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്ത് തെക്ക് മേഖലയിൽ അഭയം തേടിയവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൈവശം വെച്ചുകൊണ്ട് പൊട്ടിക്കരയുന്ന മുഹമ്മദിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,' കുഞ്ഞുങ്ങളെയൊന്ന് ശരിക്ക് ലാളിക്കാനോ അവർ ജനിച്ചതിന്റെ സന്തോഷം ആസ്വദിക്കാനോ പറ്റിയില്ല...' പൊട്ടിക്കരഞ്ഞുകൊണ്ട് മുഹമ്മദ് പറയുന്നു.

'ഫാർമസിസ്റ്റായിരുന്ന ഭാര്യ സിസേറിയനിലൂടെയാണ് ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്. ജനനം രജിസ്റ്റർ ചെയ്യാനായി പ്രാദേശിക സർക്കാർ ഓഫീസിൽ എത്തിയപ്പോഴാണ് അയൽവാസികൾ വിളിച്ച് തന്റെ താൽക്കാലിക കിടിപ്പാടത്തിന് നേരെ ബോംബാക്രമണം നടന്ന വിവരം അറിയിക്കുന്നത്'. മുഹമ്മദ് പറയുന്നു. യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഗസ്സ നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള സൈന്യത്തിന്റെ ഉത്തരവ് പിന്തുടർന്നാണ് കുടുംബം അവിടെ നിന്ന് പലായനം ചെയ്‌തെന്ന് എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഗസ്സയിൽ ഇസ്രായേലിന്റെ അധിനിവേശം തുടങ്ങിയ നാൾ മുതൽ ഇതുവരെ നിരവധി കുട്ടികളുടെ ജീവനാണ് നഷ്ടമായത്. യുദ്ധത്തിനിടക്ക് 115 ശിശുക്കൾ ജനിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്‌തെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗസ്സയിൽ സിവിലിയൻ കെട്ടിടങ്ങളും അഭയകേന്ദ്രങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ശനിയാഴ്ച ഗസ്സ സിറ്റിയിലെ ഫലസ്തീനികളുടെ അഭയകേന്ദ്രമായ സ്‌കൂൾ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച വൈകി ഗസ്സ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെടുകയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മാത്രം രക്ഷപ്പെടുകയും ചെയ്തിരുന്നു. തെക്കൻ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള വീടിന് നേരെയാണ് ആക്രമണം നടന്നത്. റീം അബു ഹയ്യ എന്ന കുഞ്ഞിന്റെ മാതാപിതാക്കളും അഞ്ച് മുതൽ 12 വയസ്സുവരെയുള്ള അഞ്ച് സഹോദരങ്ങളും ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News