ഗസ്സ വിഷയത്തിൽ മിണ്ടാട്ടമില്ല; സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്യാൻ ക്യാംപെയ്ൻ, വ്യാപക വിമർശനം
ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെറ്റ് ഗാലയിൽ പങ്കെടുത്ത ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ബ്ലോക്ക്ഔട്ടിന് ഇരകളായി
ബ്ലോക്ക് ഔട്ട്- ഗസ്സ വിഷയത്തിൽ മൗനം പാലിക്കുന്ന സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്യാൻ സമൂഹമാധ്യമങ്ങളിൽ തുടങ്ങിയ ക്യാംപെയ്‌നിന്റെ പേരാണിത്. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഗസ്സയെ പിന്തുണയ്ക്കാൻ മടിക്കുന്ന സെലിബ്രിറ്റികളെ കണ്ണടച്ച് ബ്ലോക്ക് ചെയ്യുന്ന ക്യാംപെയ്ൻ വളരെപ്പെട്ടന്ന് തന്നെ പ്രശസ്തിയാർജിച്ചു. നല്ല ഉദ്ദേശത്തിനല്ലെങ്കിൽ സെലിബ്രിറ്റികൾക്ക് സമൂഹമാധ്യമങ്ങളുടെ ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിൽ ക്യാംപെയ്ൻ രൂപം കൊണ്ടത്. തുടർന്ന് #blockout2024 എന്ന ഹാഷ്ടാഗ് വലിയ തോതിൽ ഇൻസ്റ്റഗ്രാം അടക്കമുള്ള മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു. സെലിബ്രിറ്റി അക്കൗണ്ടുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും മറ്റും വ്യാപക ഇടിവും ഉണ്ടായി.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഫാഷൻ ഇവന്റ് മെറ്റ് ഗാലയാണ് യഥാർഥത്തിൽ ബ്ലോക്ക് ഔട്ട് ക്യാംപെയ്‌നിന് കാരണമായത്. മെയ് 6നായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല. റഫയിൽ ഇസ്രായേൽ ആക്രമണം നടത്തിയ അതേ ദിവസമായിരുന്നു ഇതും. ഗസ്സയിലെ ഇസ്രായേൽ ആക്രമണം വകവയ്ക്കാതെ മെറ്റ് ഗാലയിൽ തിളങ്ങിയ എല്ലാ സെലിബ്രിറ്റികളെയും കാത്തിരുന്നത് വ്യാപക വിമർശനങ്ങളായിരുന്നു. വമ്പൻ താരങ്ങളും സൂപ്പർ മോഡലുകളുമുൾപ്പടെ സമൂഹമാധ്യമങ്ങളിൽ ഓഡിറ്റ് ചെയ്യപ്പെട്ടു. ബ്ലോക്ക്ഔട്ട് ലിസ്റ്റിലെ താരങ്ങളുടെ എണ്ണവും കൂടി.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആയ ഹെയ്‌ലി കലീൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മെറ്റ് ഗാല-ബ്ലോക്ക് ഔട്ട് വിവാദം കൊഴുത്തത്. തന്റെ മെറ്റ് ഗാല ലുക്ക് പോസ്റ്റ് ചെയ്ത് ഹെയ്‌ലി ഇട്ട വീഡിയോയിലെ ബിജിഎം വിമർശകർ ഏറ്റെടുത്തു. 2008ലിറങ്ങിയ 'മേരി അന്റോയ്‌നെറ്റ്' എന്ന ചിത്രത്തിലെ സൗണ്ട് ട്രാക്ക് ആണ് ഹെയ്‌ലി തന്റെ വീഡിയോയിൽ ഉപയോഗിച്ചത്. ഇതിലെ പ്രധാന കഥാപാത്രമായ മേരി അന്റോയ്‌നെറ്റിന്റെ 'ലെറ്റ് ദെം ഈറ്റ് കേക്ക്' എന്ന പരാമർശം അധിക്ഷേപാർഹമാണ് എന്നതായിരുന്നു കാരണം.
18ാം നൂറ്റാണ്ടിൽ ഫ്രാൻസിലുണ്ടായ പട്ടിണിയിൽ വലഞ്ഞ തൊഴിലാളികളോട് അന്റോയ്‌നെറ്റ് പരിഹാസ രൂപേണ പറഞ്ഞ വാക്കുകളാണിതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 'ആളുകൾക്ക് കഴിക്കാൻ ബ്രെഡ് ഇല്ലെങ്കിൽ അവരോട് കേക്ക് കഴിക്കാൻ പറയൂ' എന്നതായിരുന്നു അന്റോയ്‌നെറ്റിന്റെ പരിഹാസം. വലിയൊരു സാമൂഹിക വിപത്തിനെ അന്റോയ്‌നെറ്റ് പരിഹാസരൂപേണ സമീപിച്ചതും ആ വ്യക്തിയുടെ ബയോപികിലെ ഗാനം ഹെയ്‌ലി തന്റെ വീഡിയോയിൽ ഉപയോഗിച്ചതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. റഫയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹെയ്‌ലിയും മെറ്റ് ഗാലയിൽ പങ്കെടുത്ത എല്ലാ സെലിബ്രിറ്റികളും ബ്ലോക്ക്ഔട്ടിന് ഇരകളായി.
വിവാദം കനത്തതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് ഹെയ്‌ലി രംഗത്തെത്തിയെങ്കിലും കാര്യങ്ങൾ അപ്പോഴേക്കും കൈവിട്ട് പോയിരുന്നു. മെറ്റ് ഗാലയിൽ പങ്കെടുത്തു എന്നതിനേക്കാൾ ഗസ്സ വിഷയത്തിൽ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നതിനെ കുറിച്ച് ഹെയ്‌ലി പറഞ്ഞ ന്യായീകരണമാണ് പിന്നീട് ആളുകൾ ഏറ്റെടുത്തത്. വിഷയത്തെ കുറിച്ച് അർഥവത്തായി സംസാരിക്കാൻ വേണ്ട അറിവ് തനിക്കില്ലെന്നായിരുന്നു ഹെയ്‌ലിയുടെ വിശദീകരണം.
ഈ പ്രതികരണത്തോടെ ബ്ലോക്ക്ഔട്ട് ക്യാംപെയ്ൻ കത്തിപ്പടർന്നു. 'ലേഡി ഫ്രം ദി ഔട്ട്ഹൗസ്' എന്ന ടിക്ക്‌ടോക്ക് അക്കൗണ്ടിൽ നിന്നാണ് സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്യാൻ ആദ്യമായി ആഹ്വാനമുണ്ടായത്. തങ്ങളുടെ സ്വാധീനം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാത്ത സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്ത് അക്കൗണ്ടിന്റെ റീച്ച് കുറയ്ക്കാനായിരുന്നു ആഹ്വാനം. സമൂഹമാധ്യമങ്ങളിൽ അവരെ നിലനിർത്തുന്നത് യൂസേഴ്‌സ് ആണെന്നും നമ്മുടെ ലൈക്കും കമന്റുകളും നമ്മുടെ പണവും തിരിച്ചെടുക്കാൻ സമയമായി എന്നും പോസ്റ്റ് ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികളുടെ കണ്ടന്റുകളോട് പ്രതികരിക്കാതിരുന്നാൽ അവരുടെ റവന്യൂ കുറയുമെന്നും ഗസ്സ പോലുള്ള സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാത്തവർക്ക് ആ പണം ആവശ്യമില്ലെന്നും സമാനരീതിയിൽ അഭിപ്രായങ്ങളുണ്ടായി.
തുടർന്നങ്ങോട്ട് വ്യപക രീതിയിൽ ക്യാംപെയ്ൻ ഏറ്റെടുക്കപ്പെട്ടു. ടിക്ടോക്കിൽ തന്നെ രൂപം കൊണ്ട ബ്ലോക്ക്ഔട്ട് 2024 എന്ന അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റും മറ്റും പങ്കുവച്ചുകൊണ്ട് ക്യാംപെയ്‌നിന്റെ നേതൃത്വം ഏറ്റെടുത്തു. ഗസ്സ വിഷയത്തിൽ ഇതുവരെ ഒരു പ്രതികരണവും നടത്താത്ത സെലിബ്രിറ്റികളും വീഡിയോയും ഫോട്ടോയുമെല്ലാം പങ്കുവച്ചാണ് ഈ അക്കൗണ്ട് ബ്ലോക്കിങ്ങിന് ആഹ്വാനം നൽകുന്നത്. #blockout2024 എന്ന ഹാഷ്ടാഗിൽ തങ്ങളുടെ പേഴ്‌സണലൈസ്ഡ് ബ്ലോക്ക്‌ലിസ്റ്റ് പങ്കുവയ്ക്കാനും ഇവർ ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്നുണ്ട്. ടെയ്‌ലർ സ്വിഫ്റ്റ്, ബിയോൺസെ, കിം കർദാഷിയാൻ, സെൻഡയ എന്നിങ്ങനെ വൻതാരനിരയാണ് ബ്ലോക്ക് ഔട്ട് 2024 ലിസ്റ്റിലുള്ളത്. ഇന്ത്യൻ താരം ആലിയ ഭട്ടും ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയം.
ബ്ലോക്ക്ഔട്ട് 2024 എന്ന അക്കൗണ്ടിന് പിന്നാൽ ആരാണ് എന്നത് ഇനിയും വ്യക്തമല്ല. എന്നാൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്രികൾക്ക് സമൂഹത്തിൽ വലിയ മാറ്റം കൊണ്ടു വരാനാകും എന്ന വസ്തുതയിൽ തങ്ങൾ ക്യാംപെയ്‌നിന് തുടക്കമിടുകയായിരുന്നു എന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
വലിയ പ്രചാരണം കിട്ടുന്നതിനൊപ്പം തന്നെ ബ്ലോക്ക് ഔട്ട് ക്യാംപെയ്ൻ ഏറ്റുവാങ്ങുന്ന വിമർശനങ്ങളും ചെറുതല്ല. ഗസ്സയിലെ യഥാർഥ പ്രശ്‌നത്തെ ക്യാംപെയ്ൻ വഴിതിരിച്ചു വിടുന്നു എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ബ്ലോക്ക് ചെയ്യുക എന്നത് സെലിബ്രിറ്റികളെ ഭീഷണിപ്പെടുത്തുക, അവരെ ഒറ്റപ്പെടുത്തുക എന്നതിനൊക്കെയേ കാരണമാകുന്നുള്ളൂ എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഗസ്സയ്ക്കായി ചെറുതെങ്കിലും അനുകൂല പ്രതികരണം നടത്തിയവരെ ബ്ലോക്ക് ഔട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതും വ്യാപക വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. ഗായിക ബില്ലി ഐലിഷ്, സഹോദരൻ ഫിന്നിയസ്, അരിയാന ഗ്രാൻഡെ എന്നിവരുടെ പേര് ലിസ്റ്റിലുള്ളത് വലിയ വിരോധാഭാസമായാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ബില്ലിയും സഹോദരനും അക്കാഡമി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തത് ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പിൻ ശരീരത്തിൽ അണിഞ്ഞു കൊണ്ടായിരുന്നു. അരിയാന ഗ്രാൻഡെ വെടിനിർത്തിലിന് അഭ്യർഥിക്കുന്ന തുറന്ന കത്തിൽ ഒപ്പു വയ്ക്കുകയും ചെയ്തു. ലോകമറിയപ്പെടുന്ന സെലിബ്രിറ്റികൾ ചെറുതായെങ്കിലും ഗസ്സയ്ക്ക് വേണ്ടി വാദിക്കുമ്പോൾ അതിനെ കണ്ടില്ലെന്ന് നടിക്കാത്ത വെറും ഓൺലൈൻ ആക്ടിവിസം ആണ് ബ്ലോക്ക്ഔട്ട് ക്യാപെയ്ൻ എന്നാണ് എഴുത്തുകാരിയും നിരൂപകയുമായ കേറ്റ് ലിൻഡ്‌സെ പ്രതികരിച്ചത്. ക്യാംപെയ്ൻ അതിന്റെ ലക്ഷ്യത്തിൽ നിന്ന് വഴുതിമാറിയെന്ന് മറ്റ് വിമർശകരും ചൂണ്ടിക്കാട്ടുന്നു.
പൊതുമധ്യത്തിൽ പ്രതികരിക്കുന്നില്ല എന്നതിനാൽ സെലിബ്രിറ്റികൾ പ്രതിഷേധിക്കുന്നില്ല എന്ന് പറയാനാവില്ലെന്നാണ് വിമർശകരുടെ വാദം. 29000 തവണയാണ് ടിക്ടോക്കിൽ ബ്ലോക്ക്ഔട്ട് ഹാഷ്ടാഗ് ഇതുവരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.