അഫ്ഗാൻ, ഇറാഖ് അധിനിവേശങ്ങളുടെ സൂത്രധാരൻ ഡൊണാൾഡ് റംസ്‌ഫെൽഡ് അന്തരിച്ചു
1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു.
യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് അന്തരിച്ചു. 88 വയസായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായിരുന്നു റംസ്ഫെൽഡ്.1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു.
എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞ 43കാരനായ റംസ്ഫെൽഡ് പിന്നീട് 74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവർത്തിക്കുന്നത്. 1932ൽ ഷിക്കാഗോയിൽ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
ഇറാഖിനെ ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്നു നീക്കിയതുമുൾപ്പെടെയുള്ള യു.എസിന്റെ കടുത്ത നടപടികൾക്കു ചുക്കാൻ പിടിച്ചു. റംസ്ഫെൽഡിനെതിരെ ഗ്വണ്ടനാമോ തടവറയിലെ പീഡനങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
1975-77ൽ ജെറാൾഡ് ഫോർഡിന് കീഴിൽ റംസ്ഫെല്‍ഡ് പ്രതിരോധ സെക്രട്ടറിയാകുമ്പോള്‍ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയായി. 2001-2006ൽ ജൂനിയർ ബുഷിനു കീഴിൽ ഈ പദവിയിൽ വീണ്ടും എത്തിയപ്പോൾ പ്രായക്കൂടുതലുള്ള പ്രതിരോധ സെക്രട്ടറിയുമായി. ജൂനിയര്‍ ബുഷിന് കീഴിലെ കാലഘട്ടത്തിലാണ് കുപ്രസിദ്ധമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് റംസ്ഫെല്‍ഡ് ചരടുവലിക്കുന്നത്. പലപ്പോഴും ബുഷ് ഇദ്ദേഹത്തിന്റെ രക്ഷക്കെത്തുകയും ചെയ്തിരുന്നു.