ഫോണിലൂടെ ചാരവൃത്തി നടത്താൻ പോലീസിന് അനുമതി നൽകി ഫ്രാൻസ്
ഫോണിലെയും മറ്റ് ഡിവൈസുകളിലെയും ക്യാമറ, മൈക്ക്, ജി.പി.എസ് എന്നിവ വിദൂരമായി പ്രവർത്തിപ്പിച്ചായിരിക്കും പോലീസിന്റെ ഈ ചാരവൃത്തി
കുറ്റവാളികളാണെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ ചോർത്താൻ പോലീസിന് അനുമതി നൽകി ഫ്രാൻസ്. വിശാല നീതിന്യായ പരിഷ്‌കരണ ബില്ലിന്റെ ഭാഗമായി ഇന്നലെ വൈകീട്ടാണ് നിയമനിർമാതാക്കൾ ഇതിന് അനുമതി നൽകിയത്. ഫോണിലെയും മറ്റ് ഡിവൈസുകളിലെയും ക്യാമറ, മൈക്ക്, ജി.പി.എസ് എന്നിവ വിദൂരമായി പ്രവർത്തിപ്പിച്ചായിരിക്കും പോലീസിന്റെ ഈ ചാരവൃത്തി.
ചാരവൃത്തി വ്യവസ്ഥയെ പലരും എതിർത്തതിനെ തുടർന്ന് വർഷത്തിൽ ഒരു ഡസൺ കേസുകൾക്ക് വേണ്ടി മാത്രമേ ചാരവൃത്തി ഉപയോഗിക്കുകയുള്ളുവെന്ന് നീതിന്യായ മന്ത്രി എറിക് ദുപോണ്ട് മോറെറ്റി വ്യക്തമാക്കി. അഞ്ച് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ സംശയിക്കപ്പെടുന്നവരുടെ ജിയോലൊക്കേഷൻ മാത്രമേ ഇത്തരത്തിൽ ചോർത്താൻ അനുമതിയുള്ളു. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളിലും സംഘടിത കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരുടെ ശബ്ദവും ചിത്രങ്ങളും ചാരവൃത്തിയിലൂടെ ശേഖരിക്കാം.
ഇത്തരത്തിൽ ചാരവൃത്തി ചെയ്യാൻ ജഡ്ജിയുടെ അനുമതി ആവശ്യമാണ്. അതുപോലെ നിരീക്ഷണ കാലയളവ് ആറ് മാസത്തിൽ കൂടാനും പാടില്ല. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ജഡ്ജിമാർ. പാർലിമെന്റ് അംഗങ്ങൾ, ഡോക്ടർമാർ തുടങ്ങിയവർ നിയമാനുസൃതമായി ഈ വ്യവസ്ഥയുടെ ലക്ഷ്യമായിരിക്കില്ല.