ഡിമാൻഡ് കുറഞ്ഞു; വൈൻ നശിപ്പിക്കാൻ 1,787 കോടി പ്രഖ്യാപിച്ച് ഫ്രാൻസ്

നശിപ്പിച്ച വൈനിലെ ആല്‍ക്കഹോള്‍ സാനിറ്റൈസർ, ക്ലീനിങ് ഉൽപന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാനാണു പദ്ധതി

Update: 2023-08-30 06:14 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: ഡിമാൻഡ് കുറഞ്ഞതോടെ മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന ലിറ്റർ കണക്കിനു വരുന്ന വൈൻ നശിപ്പിക്കാൻ ധനസഹായവുമായി ഫ്രാൻസ്. 216 മില്യൻ ഡോളറിന്റെ(ഏകേദശം 1,787 കോടി രൂപ) ധനസഹായമാണു പ്രഖ്യാപിച്ചിരിക്കുന്നത്. വൻ സാമ്പത്തിക തിരിച്ചടി നേരിടുന്ന ഉൽപാദകരെ സഹായിക്കാനായാണു സർക്കാർ ഇടപെടൽ.

ആളുകളുടെ മദ്യോപഭോഗത്തിലുണ്ടായ മാറ്റമാണ് വൈൻ ഉൽപാദകർക്കു തിരിച്ചടിയായത്. ജീവിതച്ചെലവ് കൂടിയതും കോവിഡിനുശേഷമുള്ള മാറ്റങ്ങളുമെല്ലാം ഇതിനു കാരണമായി. മദ്യവിപണിക്കു പേരുകേട്ട ബോർഡോ ഉൾപ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങളിൽ മദ്യവിപണി വലിയ പ്രതിസന്ധിയാണു നേരിടുന്നത്.

ആവശ്യക്കാർ കുറഞ്ഞതോടെ വൈൻ വിലയും കുത്തനെ കുറയ്ക്കാൻ ഉൽപാദകർ നിർബന്ധിതരായി. എന്നിട്ടും ലിറ്റർ കണക്കിനു വീഞ്ഞ് ഉൾപന്നങ്ങൾ ഔട്ട്‌ലെറ്റുകളിലും ഫാക്ടറികളിലും കെട്ടിക്കിടക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നേരത്തെ യൂറോപ്യൻ യൂനിയൻ 160 മില്യൻ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണിപ്പോൾ ഫ്രഞ്ച് സർക്കാരും വലിയ തുക സഹായം പ്രഖ്യാരപിച്ചത്.

വിലയിടിവ് തടയുക എന്ന ലക്ഷ്യത്തോടെയാണു സഹായം പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് കൃഷി മന്ത്രി മാർക്ക് ഫെസ്‌ന്യു പ്രതികരിച്ചു. ഇതുവഴി വരുമാനത്തിനുള്ള പുതിയ വഴികൾ കണ്ടെത്താൻ ഉൽപാദകർക്കാകും. എന്നാൽ, ഉപഭോക്താക്കളുടെ ശീലത്തിലുണ്ടായ മാറ്റം പരിഗണിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഭാവികൂടി മുന്നിൽകണ്ടുള്ള ഇടപെടലുകളുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബോർഡോയിൽ മാത്രം 9,500 ഹെക്ടർ വൈൻ കൃഷി നശിപ്പിക്കാൻ കഴിഞ്ഞ ജൂണിൽ കൃഷി മന്ത്രാലയം 57 മില്യൻ ധനസഹായം നൽകിയിരുന്നു. നശിപ്പിച്ച വീഞ്ഞിലെ ആല്‍ക്കഹോള്‍ സാനിറ്റൈസർ, ക്ലീനിങ് ഉൽപന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാനാണു പദ്ധതി.

Summary: France spending 200 Million euros to destroy wine as demand falls

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News