പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇസ്രയേലിനെതിരെ ഹമാസിന്‍റെ റോക്കറ്റാക്രമണം
ഗസ്സയിൽ നിന്ന് അയ്യായിരത്തിലധകം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു
ജറുസലെം: ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി നൽകി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് അയ്യായിരത്തിലധകം റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തു. നിരവധി സായുധസംഘം ഇസ്രായേൽ പ്രദേശങ്ങളിൽ കടന്നുകയറിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. നിരവധി പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരിക്കേറ്റതായും അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.
ഇന്ന് വെളുപ്പിനാണ് ' അൽ അഖ്സ പ്രളയം' എന്ന പേരിൽ ഇസ്രായേലിനെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പ് പ്രഖ്യാപനം ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് നടത്തിയത്. നിരവധി പോരാളികൾ ഇസ്രായേൽ പ്രദേശങ്ങളിൽ കടന്നുകയറുന്നതിൽ വിജയിച്ചതായും അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. പുതിയ പ്രതിരോധത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇസ്‍ലാമിക് ജിഹാദും രംഗത്തു വന്നു. സിദ്റത്ത് ഉൾപ്പെടെ ഗസ്സയോട് ചേർന്നുള്ള ഇസ്രായേൽ പ്രദേശങ്ങളിൽ ഫലസ്തീൻ പോരാളികൾ ആക്രമണം നടത്തി. ഒരു പൊലrസ് സ്റ്റേഷനു നേരെയും ആക്രമണം നടന്നതായി സൈന്യം സ്ഥീരീകരിച്ചു.
ഇസ്രായേലിൽ ഹമാസ് പോരാളികൾ നുഴഞ്ഞുകയറുന്നതായി രാജ്യത്തിന്‍റെ പ്രതിരോധ സേനയും മുന്നറിയിപ്പ് നൽകി.ആക്രമണത്തിൽ പാരാഗ്ലൈഡറുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ മേധാവികളുടെ യോഗം ഉടൻ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു."ഗസ്സ മുനമ്പിൽ നിന്ന് നിരവധി ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറി. ഗസ്സ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് അവരുടെ വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്," ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.
തെക്കൻ ഇസ്രയേലിലെ കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ച് 70 വയസ്സുള്ള ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേലിന്‍റെ മാഗൻ ഡേവിഡ് അഡോം റെസ്ക്യൂ ഏജൻസി പറഞ്ഞു.മറ്റൊരിടത്ത് ഇരുപതുകാരനും പരിക്കേറ്റു. ഇസ്രയേലിനെതിരെ ഒരു പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ പിടികിട്ടാപ്പുള്ളിയായ നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ പ്രദേശങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ അയ്യായിരം റോക്കറ്റുകൾ ഗസ്സയിൽ നിന്ന്തൊടുത്തുവിട്ടതായി ഹമാസ് നേതൃത്വം അറിയിച്ചു. ജറൂസലം റാമല്ല ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിലും ഫലസ്തീൻ പോരാളികളുടെ ആക്രമണം ഉണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ചരിത്രത്തിൽ സമീപകാലത്തുണ്ടാകുന്ന ഏറ്റവും വലിയ ഇൻറലിജൻസ് പരാജയം കൂടിയാണിത്. ശക്തമായ തിരിച്ചടിക്ക് രാജ്യം ഒരുങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസ്സക്കു നേരെ വൻയുദ്ധത്തിന് ഇസ്രായേൽ നീക്കമാരംഭിച്ചതായാണ് റിപ്പോർട്ട്.