റെനില്‍ വിക്രമസിംഗെയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടു
പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
കൊളംബോ: രാജിവച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീവച്ചു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ''പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറി തീയിടുകയായിരുന്നുവെന്ന്'' ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
മണിക്കൂറുകള്‍ക്കു മുന്‍പാണ് റെനില്‍ രാജിവച്ചത്. സര്‍വ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു രാജി. പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്‍റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കര്‍ താത്ക്കാലിയ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുര്‍ന്നു. ഇതിന് പിന്നാലെ, ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം മാനിച്ച് താന്‍ രാജിവയ്ക്കുകയാണെന്ന് വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചിരുന്നു.