അഴിമതി, വഞ്ചനാക്കുറ്റം: നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

കോടതിക്ക്​ പുറത്ത്​ പ്രതിഷേധവുമായി ബന്ദികളുടെ കുടുംബാംഗങ്ങൾ

Update: 2024-12-11 05:44 GMT
Advertising

തെൽ അവീവ്​: വിവിധ കേസുകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവി​െൻറ വിചാരണ തുടങ്ങി. തെൽ അവീവിലെ കോടതി മുറിയിൽ ചൊവ്വാഴ്​ചയാണ്​ അദ്ദേഹം വിചാരണക്കായി ഹാജരായത്​. ആദ്യമായാണ്​ നെതന്യാഹു വിചാരണക്ക്​ എത്തുന്നത്​. തനിക്കെതിരായ ആരോപണങ്ങൾ അസംബന്ധങ്ങളുടെ മഹാസമുദ്രമാണെന്നാണ്​ അദ്ദേഹം പറഞ്ഞു. നാല്​ മണിക്കൂർ നീണ്ട വിചാരണ ബുധനാഴ്​ചയും തുടരും.

ഇസ്രായേലിൽ ഏറ്റവും കാലം ​പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹുവിനെതിരെ മൂന്ന്​ വ്യത്യസ്​ത കേസുകളാണുള്ളത്​. കൈക്കൂലി, വഞ്ചന, പൊതുവിശ്വാസ ലംഘനം എന്നിവയാണ്​ ഇദ്ദേഹത്തിനെതിരെ​ ചുമത്തിയിട്ടുള്ളത്​. എന്നാൽ, താൻ ഒരു തെറ്റും ചെയ്​തിട്ടില്ലെന്നാണ്​ അദ്ദേഹം നിരന്തരം പറയുന്നത്​.

‘സത്യം പറയാനുള്ള ഈ സമയത്തിനായി ഞാൻ എട്ട്​ വർഷമായി കാത്തിരിക്കുകയാണ്​. പക്ഷെ, ഞാൻ ഒരു ​പ്രധാനമന്ത്രിയാണ്​. സപ്​തമുഖ യുദ്ധത്തിലൂടെയാണ്​ ഞാൻ രാജ്യത്തെ നയിക്കുന്നത്​. രണ്ടും സമാന്തരമായി ചെയ്യാൻ കഴിയുമെന്നാണ്​ ഞാൻ കരുതുന്നത്​’ -നെതന്യാഹു ജഡ്​ജിയോട്​ പറഞ്ഞു. വിചാരണക്കിടെ അദ്ദേഹത്തി​െൻറ സൈനിക സെക്രട്ടറി രണ്ട്​ തവണ രേഖാമൂലമുള്ള സന്ദേശങ്ങൾ നൽകുകയുണ്ടായി.

ഗസ്സയിൽ തുടരുന്ന ആസൂത്രിത വംശഹത്യക്കിടെയാണ്​ നെതന്യാഹു വിചാരണക്കായി ഹാജരാകുന്നത്​. 14 മാസമായി തുടരുന്ന യുദ്ധം അധികാരത്തിൽ തുടരാനായി നെതന്യാഹു നീട്ടിക്കൊണ്ടുപോവുകയാണെന്ന്​ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്​. വെടിനിർത്തൽ കരാർ നടപ്പാകാതിരിക്കാൻ നെതന്യാഹു ശ്രമിക്കുകയാണെന്നും വിമർശനമുണ്ട്​. സിറിയയിലും ഇപ്പോൾ ഇസ്രായേൽ അധിനിവേശം ആരംഭിച്ചിട്ടുണ്ട്​. നെതന്യാഹുവി​െൻറ വിചാരണ നടക്കുന്നതിനിടെ കോടതിയുടെ പരിസരത്ത്​ ബന്ദികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി അണിനിരന്നിരുന്നു.

കേസ്​ 1000, കേസ്​ 2000, കേസ്​ 4000 എന്നിങ്ങനെ മൂന്ന്​ കേസുകളാണ്​ നെതന്യാഹുവിനെതിരെയുള്ളത്​. 2019ലാണ്​ കേസുകൾ ഫയൽ ചെയ്യുന്നത്​. സ്വകാര്യ ബിസിനസ്​ താൽപ്പര്യങ്ങൾക്കുള്ള സഹായത്തിന്​ പകരമായി ശതകോടീശ്വരനായ ഹോളിവുഡ്​ നിർമാതാവിൽനിന്ന്​ നെതന്യാഹുവും ഭാര്യ സാറയും വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ്​ കേസ്​ 1000.

തനിക്ക്​ അനുകൂലമായ വാർത്തകൾ നൽകുന്നതിന്​ പകരം ഇസ്രായേലി പത്രത്തിന്​ നിയന്ത്രങ്ങളിൽ ഇളവ്​ നൽകിയെന്നാണ്​ കേസ്​ 2000. സമാനമായി ഇസ്രായേലി ടെലികമ്യൂണിക്കേഷൻ കമ്പനിയായ ബെസെകിനും നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയെന്നാണ്​​ കേസ്​ 4000.

കേസുകളിൽ 2020ലാണ്​ വിചാരണ ആരംഭിച്ചത്​. നെതന്യാഹുവി​െൻറ അടുത്ത അനുയായികൾ ഉൾപ്പെടെ സാക്ഷികളായി കോടതി വിസ്​തരിച്ചിരുന്നു. അതേസമയം, കേസിൽ 2026 വരെ വിധി വരാൻ സാധ്യതയില്ല. വിധിക്കെതിരെ നെതന്യാഹുവിന്​ സുപ്രിംകോടതിയെ സമീപിക്കാനും സാധിക്കും. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News