ഒമിക്രോണിന് മറ്റു വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയെന്ന് പഠനം
ഇന്ത്യയടക്കം 24 ലേറെ രാഷ്ട്രങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ജോഹന്നസ്ബർഗ്: ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് ഇതു സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം. രാജ്യത്തു നിന്ന് ശേഖരിച്ച ഒമിക്രോൺ സാമ്പിളുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം.
പഠനം മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
നേരത്തെ, ഒമിക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞൻ അന്നെ വോൻ ഗോട്ടർബർഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കുള്ള ആകാശ യാത്രകൾ മിക്ക രാഷ്ട്രങ്ങളും നിർത്തി വച്ചിരിക്കുകയാണ്. യാത്രാ നിരോധനം പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയടക്കം 24 ലേറെ രാഷ്ട്രങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.