5000 ഡോളർ വിലയുള്ള ബൈക്ക് വാങ്ങി ഓടിക്കാൻ 20000; ഈ രാജ്യത്ത് വാഹന പെർമിറ്റിന് മോട്ടോർസൈക്കിളിനേക്കാൾ വില!

ഇവിടുത്തെ ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത സൗകര്യമായ മോട്ടോർ സൈക്കിൾ യാത്ര ഇപ്പോൾ ദുഷ്‌കരമാകുകയാണ്

Update: 2022-10-26 11:03 GMT
Advertising

ലോകത്തിലെ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളിലൊന്നാണ് സിംഗപ്പൂർ. ഇവിടുത്തെ ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത സൗകര്യമായ മോട്ടോർ സൈക്കിൾ യാത്രയും ഇപ്പോൾ ദുഷ്‌കരമാകുകയാണ്. പെർമിറ്റ് തുക വർധിപ്പിക്കുന്നതാണ് മോട്ടോർ സൈക്കിൾ യാത്രികരെ ബുദ്ധിമുട്ടിക്കുന്നത്. രാജ്യത്ത് പത്തു വർഷത്തേക്കുള്ള മോട്ടോർ സൈക്കിൾ പെർമിറ്റിന് 12801 സിംഗപ്പൂർ ഡോളർ അഥവാ 8984 ഡോളറാണ് നൽകേണ്ടിവരിക. ഈ മാസത്തോടെയാണ് പെർമിറ്റ് തുക വർധിച്ചതെന്നാണ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കുന്നത്. നാലു വർഷത്തിനിടെ 200 ശതമാനമാണ് പെർമിറ്റ് തുക വർധിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ലഭ്യമാകുന്ന പ്രാഥമിക മോഡൽ ബൈക്ക് പുതുതായി വാങ്ങാൻ മുടക്കുന്ന തുകയേക്കാൾ കൂടുതലാണ് ഈ പെർമിറ്റ് നേടാൻ ചെലവഴിക്കേണ്ടി വരുന്നത്.

നിരത്തുകളിലെ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും എണ്ണം ചുരുക്കാനാണ് സിംഗപ്പൂർ പെർമിറ്റുകൾ നിയന്ത്രിക്കുന്നത്. സർട്ടിഫിക്കറ്റ് ഓഫ് എൻടൈറ്റിൽമെൻറ് എന്നാണ് പെർമിറ്റിന് പറയുന്ന പേര്. സെപ്തംബറിലെ കണക്കുപ്രകാരം 142,000 മോട്ടോർ സൈക്കിളുകളാണ് നഗരത്തിലുള്ളത്. 650,000 കാറുകളുമുണ്ട്. നിലവിലെ പെർമിറ്റ് തുകപ്രകാരം 5000 സിംഗപ്പൂർ ഡോളർ വിലയുള്ള പ്രാഥമിക മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഡ്രൈവർമാർ 20000 സിംഗപ്പൂർ ഡോളർ നൽകി പെർമിറ്റെടുക്കണം.

ദ്വീപ് രാജ്യത്തിൽ ഏറെയുള്ള ബൈക്ക് ഡെലിവറിക്കാരെയാണ് പെർമിറ്റ് തുക വർധനവ് ബാധിക്കുകയെന്നാണ് സിംഗപ്പൂർ മാനേജ്‌മെൻറ് യൂണിവാഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ലക്ചററായ നഥാൻ പെങ് ചൂണ്ടിക്കാട്ടുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിലുള്ള പെർമിറ്റ് പുതുക്കാൻ 11000 സിംഗപ്പൂർ ഡോളർ നൽകണം. പുതിയ നിരക്കിനേക്കാൾ കുറവാണിത്. എന്നാൽ ഒരു ദശകം മുമ്പുള്ളതിനേക്കാൾ ആറു മടങ്ങ് അധികമാണ് ഈ തുക.

സ്വന്തമായി ബൈക്കുള്ളവർക്ക് തുക നേരിട്ട് അടയ്ക്കാം. എന്നാൽ വാടക വാഹനം ഉപയോഗിക്കുന്നവർക്ക് പെർമിറ്റ് തുക കൂടിയേക്കാം. പല ഡെലവറി ഡ്രൈവർമാരും വാടക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ചിലത് വ്യക്തികളുടെ വാഹനങ്ങളാണെങ്കിൽ മറ്റു ചിലത് ഗ്രാബ് പോലെയുള്ള കമ്പനികളിൽ നിന്നുള്ള വാഹനങ്ങളാണ്.

പെർമിറ്റ് തുക കൂടിയതോടെ പല മോട്ടോർ സൈക്കിൾ വാടക കമ്പനികളും അവരുടെ തുകയും വർധിപ്പിക്കുകയാണ്. ജിഗാറൈഡർ എന്ന കമ്പനി കോർപ്പറേറ്റ് ക്ലൈയ്ൻറുകൾക്കുള്ള വാടകത്തുക 2023 ഓടെ പത്തു ശതമാനം വർധിപ്പിക്കുന്നതായാണ് സ്‌ട്രൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രാബും തുക വർധിപ്പിക്കുമെന്ന് വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വളരെ ചുരുങ്ങിയ ഭൂവിസ്തൃതിയുള്ള സിംഗപ്പൂരിൽ ബൈക്കുകൾക്ക് മാത്രമല്ല നിയന്ത്രണമുള്ളത്. പെർമിറ്റ് വഴി കാറുകൾക്കും നിയന്ത്രണമുണ്ട്. പ്രാഥമിക മോഡലിലുള്ള കാറുകൾക്ക് 80,000 സിംഗപ്പൂർ ഡോളർ മുടക്കി പെർമിറ്റെടുക്കണം. 2018ലേതിനേക്കാൾ മൂന്നിരട്ടിയാണ് ഈ തുക.

ഇത്തരം പെർമിറ്റ് തുക വർധനവ് നിലവിലുള്ള സാമ്പത്തിക അസമത്വം കൂട്ടുമെന്നാണ് പെങ് പറയുന്നത്. താഴ്ന്ന വരുമാനമുള്ളവർ ജോലിക്കും കുടുംബാവശ്യത്തിനും മോട്ടോർസൈക്കിളുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർ വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തത് കൊണ്ടാണ് സുരക്ഷാ-സൗകര്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഈ കൂട്ടർ ബൈക്കുകൾ ആശ്രയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജീവിതചെലവ് വർധിക്കുന്നുണ്ടെങ്കിലും സിംഗപ്പൂർ പൗരന്മാർക്കിടയിലെ സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വാടക ഫ്‌ളാറ്റുകളിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നത് ചൂണ്ടിക്കാട്ടി നിയുക്ത പ്രധാനമന്ത്രി ലോറൻസ് വോങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Permits cost more than motorcycles in Singapore

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News