92,000 പേരാണ് മരിച്ചത്, നിശബ്ദത വെടിയണം;ബൈഡനും കമലാ ഹാരിസിനും ഗസയിലുണ്ടായിരുന്ന അമേരിക്കൻ ഡോക്ടർമാരുടെ കരളലിയിപ്പിക്കുന്ന കത്ത്

ഗസയിൽ നിന്ന് മടങ്ങിയെത്തി ആഴ്ചകൾ പിന്നിട്ടിട്ടും ഞങ്ങളിൽ പലരെയും അവിടുത്തെ കാഴ്ചകൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്കെ അവിടുത്തെ കാഴ്ചകളും കണ്ണീരുകളും

Update: 2024-07-27 17:27 GMT
Advertising

വാഷിങ്ടൺ: കൂട്ടക്കുരുതിയിൽ നിശബ്ദത വെടിയണമെന്നും വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നുമാവശ്യപ്പെട്ട്  യു.എസ്. പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും കത്തയച്ച് ഗസയിൽ സന്നദ്ധപ്രവർത്തനം നടത്തിയ ​അമേരിക്കൻ ഡോക്ടർമാർ. ഇസ്രായേൽ ഭീകരാക്രമണത്തിൽ ഗസയി​ൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പുറത്തുവന്ന കണക്കുകളേക്കാൾ മൂന്നിരട്ടിയാണെന്നും 45 ഓളം അമേരിക്കൻ ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘമെഴുതിയ കത്തിൽ പറയുന്നു. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഗസയിലേതെന്നും ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനുമെഴുതിയ കത്തിന്റെ വിശദാംശങ്ങൾ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഗസയിലെ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയാണ്. 92,000-ലധികം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ഡോക്ടർമാരും നഴ്സുമാ​രുമടങ്ങുന്ന സംഘം തയാറാക്കിയ കത്തിൽ പറയുന്നു. 

ഇസ്രായേൽ ഭീകരാക്രമണത്തിൽ ക്രൂരമായി മുറിവേറ്റ കുട്ടികളെ ചികിത്സിക്കുന്നതിനെ പറ്റി വേദനയോടെയാണ് ആരോഗ്യപ്രവർത്തകർ കത്തിൽ വിവരിക്കുന്നത്. തലയിലും നെഞ്ചിലും വെടിയേറ്റ് പിടയുന്ന പിഞ്ചുകുട്ടികളാണ് ഓരോ ദിവസവും ഞങ്ങളുടെ മുന്നിലെത്തിയത്. ഗസയിൽ നിന്ന് മടങ്ങിയെത്തി ആഴ്ചകൾ പിന്നിട്ടിട്ടും ഞങ്ങളിൽ പലരെയും അവിടുത്തെ കാഴ്ചകൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഉറക്കം കെടുത്തുകയാണ് ആ കാഴ്ചകളും കണ്ണീരുകളും. അത് നിങ്ങൾ കൂടി കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

നമ്മുടെ ആയുധങ്ങളാൽ മുറിവേറ്റ് വികൃതമാക്കപ്പെട്ട കുട്ടികൾ, അവരെ രക്ഷിക്കാൻ ഞങ്ങൾക്ക് മുന്നിൽ അലമുറയിട്ട് കരയുന്ന അമ്മമാർ. അവരെ ആശ്വസിപ്പിക്കാൻ പോലും നിസഹായരായിപ്പോയ നിമിഷങ്ങളായിരുന്നു അത്. മേഖലയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നത് ലക്ഷ്യം കാണണമെങ്കിൽ ഇസ്രായേിലിന് ​നൽകി വരുന്ന സൈനിക, സാമ്പത്തിക,നയതന്ത്ര പിന്തുണ യു.എസ് പിൻവലിക്കണമെന്നും കത്തിൽ പറയുന്നു. അമേരിക്കൻ നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവുമനുസരിച്ച് അത് ചെയ്യാൻ അമേരിക്കൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും കത്തിൽ പറയുന്നു.

കത്തിൽ ഒപ്പിട്ടവരിൽ ഒരാൾ യു.എസിലെ പ്ലാസ്റ്റിക് സർജനും യു.എസ് ആർമിയിലെ മുൻ സർജനുമായ ഡോ. ആദം ഹമാവിയാണ്. നിങ്ങൾ ഫലസ്തീനികളെ വിശ്വസിക്കണ്ട, പ​ക്ഷെ വിവിധകാലങ്ങൾ അവിടെ സേവനമനുഷ്ഠിക്കാൻ അമേരിക്കയിൽ നിന്ന് പോയ 50 ഡോക്ടർമാരെ നിങ്ങൾ വിശ്വസിക്കണമെന്നും അവരുടെ വാക്കുകൾ കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.

കത്തിൽ ഒപ്പിട്ട മറ്റൊരു​ ഡോക്ടറാണ് ഡോ. മാർക്ക് പെർൽമുട്ടർ. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ‘കുട്ടികളെ തിരഞ്ഞുപിടിച്ച് ക്രൂരമായി മുറിവേൽപ്പിക്കുകയും അക്രമിക്കുകയും അവരുടെ ശരീരങ്ങൾ വികൃതമാക്കുകയും ചെയ്തത് ഗസ മുനമ്പിലല്ലാതെ മറ്റെങ്ങും കണ്ടിട്ടില്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ 40 ഓളം ദുരന്തഭൂമികളിൽ ഞാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുദ്ധത്തിനും ഭൂകമ്പത്തിനുമിരയായ മേഖലകളിലെല്ലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെയങ്ങും കണ്ടിട്ടില്ലാത്ത ക്രൂരതയാണ് ഫലസ്തീനിൽ ഇ​സ്രായേൽ നടപ്പാക്കുന്നത്. കുട്ടികളെ ആസൂത്രിതമായി ലക്ഷ്യമിട്ട് വേട്ടയാടിയതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. ഇസ്രായേൽ സൈന്യം ബോധപൂർവം കുട്ടികളെ വെടിവെച്ച് കൊല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസയിലെ എല്ലാവരും രോഗികളാണ്, അല്ലെങ്കിൽ ഗുരുതരമായി പരിക്കേറ്റവരാണ് ചിലർ രണ്ടുതരത്തിലും മുറിവേറ്റവരാണ്. അപൂർവം ചിലർ മാത്രമാണ് ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രാഷ്ട്രീയക്കാരല്ല. എല്ലാത്തിനും ഉത്തരങ്ങൾ ഞങ്ങളുടെ കൈയിലുണ്ടെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ, ഗസയിൽ കണ്ടതിനെ കുറിച്ച് മിണ്ടാതിരിക്കാൻ കഴിയാത്ത ഡോക്ർമാരും നഴ്സുമാരുമാണ് ഞങ്ങൾ എന്ന് പറഞ്ഞാണ് കത്തവസാനിപ്പിക്കുന്നത്. ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 39,258 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News